

ദുബൈ: യു എ ഇയില്‍ സ്വദേശിവത്കരണം ഫലം കണ്ടുതുടങ്ങിയതായി റിപ്പോര്‍ട്ടുകള്‍. രാജ്യത്തെ 17,000ത്തോളം സ്വകാര്യ കമ്പനികളില്‍ ജോലി ചെയ്യുന്നത് എണ്‍പതിനായിരത്തിലധികം സ്വദേശികള്‍.

2023 ജൂലൈ മാസത്തില്‍ മാനവവിഭവശേഷി- സ്വദേശിവത്കരണ മന്ത്രാലയം പുറത്തുവിട്ട കണക്കാണിത്. 2018ല്‍ സ്വകാര്യ മേഖല കമ്പനികളില്‍ 27055 സ്വദേശികളാണ് ജോലി ചെയ്തിരുന്നത്. എന്നാല്‍ ഇപ്പോഴിത് മൂന്നിരട്ടിയിലേറെ വര്‍ധിച്ചിരിക്കയാണ്.

കഴിഞ്ഞ വര്‍ഷം 50228 പേരാണ് ജോലിയിലുണ്ടായിരുന്നത്. ദുബൈയിലെ സ്വകാര്യ കമ്പനികളിലാണ് ഏറ്റവും കൂടുതല്‍ സ്വദേശികള്‍ക്ക് ജോലിയുള്ളത്. നേരത്തെ അമ്പതോ അതില്‍ കൂടുതലോ പേര്‍ ജോലി ചെയ്യുന്ന സ്ഥാപനങ്ങളില്‍ സ്വദേശികള്‍ക്ക് നിശ്ചിത ശതമാനം സംവരണം വേണമെന്ന നിബന്ധന കൊണ്ടുവന്നിരുന്നു. അതിനുശേഷം 14ഓളം പുതിയ മേഖലകളില്‍ കൂടി സ്വദേശിവത്കരണം പ്രഖ്യാപിച്ച് അധികൃതര്‍ ഉത്തരവിറക്കിയിട്ടുണ്ട്.
ചില്ലറ വ്യാപാരം, ഗതാഗതം, ഹോസ്പിറ്റാലിറ്റി തുടങ്ങി വിവിധ മേഖലകളിലാണ് പുതുതായി സ്വദേശിവത്കരണം പ്രഖ്യാപിച്ചിട്ടുള്ളത്. വിവിധ അറബ് നാടുകളില്‍ സ്വദേശി വത്കരണം പ്രഖ്യാപിക്കുമ്പോള്‍ അത് ഏറ്റവും കൂടുതല്‍ ബാധിക്കുന്നത് മലയാളികള്‍ ഉള്‍പ്പെടെ ഇന്ത്യന്‍ സമൂഹത്തെയാണ്. വിവിധ ഗള്‍ഫ് കമ്പനികളില്‍ മുതിര്‍ന്ന ഉദ്യോഗം വഹിക്കുന്ന പ്രവാസികളെയാണ് തുടക്കത്തില്‍ സ്വദേശി വത്കരണം ബാധിക്കുന്നത്. ഇത് മലയാളികളുടെത് ഉള്‍പ്പെടെ ജീവസന്ധാരണമാര്‍ഗങ്ങള്‍ക്ക് പുതിയ മേച്ചില്‍ പുറങ്ങള്‍ തേടാന്‍ പ്രേരിപ്പിക്കുന്നതാണെന്നാണ് നിഗമനം.
സ്വദേശിവത്കരണത്തിന്റെ വാര്‍ത്തകള്‍ നേരത്തെയും ഉണ്ടായിരുന്നെങ്കിലും അത് ഫലത്തില്‍ വരുന്നതിന്റെ നേര്‍ സാക്ഷ്യങ്ങള്‍ ഇപ്പോഴാണ് പുറത്തുവന്നുകൊണ്ടിരിക്കുന്നത്. ഗള്‍ഫ് നാടുകളിലേക്ക് ചേക്കേറിയിരുന്ന മലയാളികള്‍ ഇപ്പോള്‍ യൂറോപ്പ്, അമേരിക്ക ഉള്‍പ്പെടെയുള്ള രാജ്യങ്ങളിലേക്ക് പോകുന്നത് വര്‍ധിച്ചുവരുന്നതായാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. അവിദഗ്ധ മേഖലകളില്‍ ജോലി ചെയ്യുന്നവരാണ് നിലവില്‍ ഇപ്പോഴും ഗള്‍ഫ് രാജ്യങ്ങളിലേക്ക് വന്നുകൊണ്ടിരിക്കുന്നത്. എങ്കിലും അത്തരം ഒഴുക്കും നേരത്തെയുള്ളതിനേക്കാള്‍ പതിന്‍മടങ്ങ് കുറവാണുള്ളതെന്നും റിപ്പോര്‍ട്ടുകളുണ്ട്.

