

ഡല്‍ഹി: ഇന്ത്യയും സൗദി അറേബ്യയും തമ്മിലുള്ള ബന്ധം ഊഷ്മളമായി തുടരണമെന്ന്
ഡോ. ഹുസൈന്‍ മടവൂര്‍ പ്രസ്താവിച്ചു. ഡല്‍ഹിയിലെ സൗദി എംബസി സംഘടിപ്പിച്ച തൊണ്ണൂറ്റിനാലാമത് സൗദി ദേശീയ ദിനാഘോഷ പരിപാടിയില്‍ പങ്കെടുക്കാന്‍ ഡല്‍ഹിയിലെത്തിയതായതായിരുന്നു അദ്ദേഹം.

സൗദി ഭരണാധികാരിയായിരുന്ന അബ്ദുല്‍ അസീസ് രാജാവിന്റെ നേതൃത്തില്‍ അറേബ്യയിലെ കൊച്ചു കൊച്ചു നാട്ടു രാജ്യങ്ങളെ കൂട്ടിച്ചേര്‍ത്താണ് വിശാലമായ സൗദി അറേബ്യന്‍ രാഷ്ട്രം സ്ഥാപിച്ചത്. അന്ന് ദാരിദ്ര്യത്തിന്റെ കാലമായിരുന്നു.
അന്ന് ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ സൗദിയെ സഹായിച്ചിരുന്നു.

പില്‍ക്കാലത്ത് ഗള്‍ഫില്‍ പെട്രോളിയം കണ്ടുപിടിച്ചതോടെ അവിടങ്ങളില്‍ സാമ്പത്തികരംഗത്ത് വന്‍ കുതിച്ച് ചാട്ടമുണ്ടായി. എഴുപതുകളുടെ അവസാനത്തോടെ ലക്ഷക്കണക്കിന് ഇന്ത്യക്കാര്‍ സൗദിയിലെത്തി. അവര്‍ ജാതിമത ഭേദമെന്യേ എല്ലാവരെയും സ്വീകരിച്ചു. അങ്ങനെ ജോലി തേടി പോയവരില്‍ വലിയൊരു എണ്ണം മലയാളികളായിരുന്നു. അവര്‍ ജോലി ചെയ്തും വാണിജ്യ വ്യവസായങ്ങളിലേര്‍പ്പെട്ടും പണം സമ്പാദിച്ച് നാട്ടിലേക്കയച്ചു.

നമ്മുടെ നാടിന്റെ സാമ്പത്തിക വളര്‍ച്ചയില്‍ സൗദിയുടെ പങ്ക് വലുതാണെന്നും അതിന് സൗദി ഭരണാധികളോട് നന്ദിയും കടപ്പാടുമുണ്ടെന്നും മടവൂര്‍ പറഞ്ഞു. കഴിഞ്ഞ നാല്പത്തിനാല് വര്‍ഷമായി സൗദിയുമായി തനിക്ക് ബന്ധമുണ്ടെന്ന് മക്കയിലെ ഉമ്മുല്‍ ഖുറാ യൂണിവേഴ്‌സിറ്റിയിലെ പൂര്‍വ്വ വിദ്യാര്‍ഥി കൂടിയായ അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇപ്പോഴത്തെ ഭരണാധികാരി സല്‍മാന്‍ രാജാവിന്റെയും കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിന്‍ സല്‍മാന്റെയും നേതൃത്വത്തില്‍ എല്ലാരംഗത്തും വലിയ പുരോഗതിയാണ് സൗദി കൈവരിച്ച് കൊണ്ടിരിക്കുന്നത്.
സൗദി എംബസി ചാര്‍ജ് ഡി അഫേഴ്‌സ് ഡയരക്ടര്‍ ജദീ ബിന്‍ നായിഫ് അല്‍ റക്കാസും എംബസി ഉദ്യോഗസ്ഥന്മാരും അതിഥികളെ സ്വീകരിച്ചു. കേന്ദ്ര ന്യൂനപക്ഷ കാര്യ മന്ത്രി കിരണ്‍ റിജിജു മുഖ്യാതിഥിയായി. വിവിധ രാഷ്ട്രങ്ങളിലെ അംബാസിഡര്‍മാരും നയതന്ത്ര പ്രതിനിധികളും ഇന്ത്യന്‍ പാര്‍ലിമെന്റ് അംഗങ്ങളും കേന്ദ്രസര്‍വ്വകലാശാലാ മേധാവികളും പണ്ഡിതന്മാരും വ്യവസായ പ്രമുഖരും മാധ്യമ പ്രതിനിധികളും സംബന്ധിച്ചു. ദേശീയ ദിനാഘോഷത്തിലേക്ക് ക്ഷണം ലഭിച്ചതില്‍ ഡോ. ഹുസൈന്‍ മടവൂര്‍ നന്ദി പ്രകാശിപ്പിച്ചു.

