

കൊച്ചി: മുഖത്തും സിനിമയിലും സദാ ചിരി വിരിയിച്ച സംവിധായകന്‍ സിദ്ദീഖ് ചിരിയില്ലാത്ത ലോകത്തേക്ക് യാത്രയായി. 63 വയസ്സായിരുന്നു.

ഹൃദയാഘാതത്തെ തുടര്‍ന്ന് അമൃത ആശുപത്രിയിലായിരുന്നു അന്ത്യം. കരള്‍ രോഗവും ന്യൂമോണിയയും ബാധിച്ച അദ്ദേഹം കുറച്ചു നാളുകളായി ചികിത്സയിലായിരുന്നു.

ബുധനാഴ്ച രാവിലെ ഒന്‍പത് മുതല്‍ ഉച്ചക്ക് 12 വരെ കടവന്ത്ര ഇന്‍ഡോര്‍ സ്‌റ്റേഡിയത്തില്‍ പൊതുദര്‍ശനത്തിന് ശേഷം വൈകിട്ട് എറണാകുളം ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കും.
മിമിക്രി വേദിയില്‍ നിന്നുമെത്തി മലയാള സിനിമയില്‍ നര്‍മത്തിനും ഹാസ്യത്തിനും വേറിട്ട ശൈലി നല്‍കിയ സംവിധായകനായിരുന്നു സിദ്ദീഖ്. ലാലുമായി ചേര്‍ന്ന് ആദ്യകാല സിനിമകള്‍ എഴുതുകയും സംവിധാനം നിര്‍വഹിക്കുകയും ചെയ്ത അദ്ദേഹം പിന്നീട് ഒറ്റയ്ക്ക്് തന്റെ യാത്ര പൂര്‍ത്തിയാക്കി.
സി്ദ്ദീഖ്- ലാലുമാര്‍ അഞ്ച് സിനിമയും സിദ്ദീഖ് ഒറ്റയ്ക്ക് 13 സിനിമകളും സംവിധാനം നിര്‍വഹിച്ചു. മലയാളത്തിന് പുറമേ തമിഴിലും ഹിന്ദിയിലും സിദ്ദീഖ് സിനിമകള്‍ സംവിധാനം ചെയ്തിട്ടുണ്ട്.
സിദ്ദീഖ്- ലാലിന്റേതായി 1989ല്‍ പുറത്തിറങ്ങിയ ആദ്യ ചിത്രം റാംജിറാവ് സ്പീക്കിങാണ് മലയാളത്തിലെ തലയെടുപ്പുള്ള ആധുനിക നര്‍മ സിനിമകള്‍ക്ക് വഴിമരുന്നിട്ടത്. മലയാളം അതുവരെ കണ്ട രീതിയില്‍ നിന്നും വ്യത്യസ്തമായി റാംജീറാവ് വെള്ളിത്തിരയിലെത്തിയപ്പോള്‍ മുകേഷ്, സായികുമാര്‍, ഇന്നസെന്റ്, വിജയരാഘവന്‍, മാമുക്കോയ തുടങ്ങിയവരുടെ അഭിനയ ജീവിതത്തിലും വലിയ ബ്രേക്കാണുണ്ടായത്.
1990ല്‍ ഇന്‍ ഹരിഹര്‍ നഗര്‍ മുകേഷിനു പുറമേ നടന്‍ സിദ്ദീഖിനും ജഗദീഷിനും ബ്രേക്ക് നല്‍കിയ സിനിമയാണ്. ഈ സിനിമയുടെ രണ്ടും മൂന്നും ഭാഗങ്ങള്‍ ഹരിഹര്‍ നഗര്‍ 2, ഇന്‍ ഗോസ്റ്റ് ഹൗസ് ഇന്‍ എന്നീ സിനിമകള്‍ 19 വര്‍ഷത്തിന് ശേഷം ലാല്‍ ഒറ്റയ്ക്കാണ് സംവിധാനം നിര്‍വഹിച്ചത്.
നാടക രംഗത്തു നിന്നും എന്‍ എന്‍ പിള്ളയെ സിനിമയിലെത്തിച്ച ഗോഡ്ഫാദര്‍ 1991ല്‍ റിലീസ് ചെയ്തു. തിരുവനന്തപുരത്തെ ഒരു തിയേറ്ററില്‍ തുടര്‍ച്ചയായി 405 ദിവസമാണ് ഗോഡ്ഫാദര്‍ പ്രദര്‍ശിപ്പിച്ചത്. മോഹന്‍ലാലിനെ നായകനാക്കി സിദ്ദീഖ്- ലാല്‍ ഒരുക്കിയ വിയറ്റ്നാം കോളനി 1992ല്‍ റിലീസ് ചെയ്തു. ആ വര്‍ഷം ഏറ്റവും കൂടുതല്‍ കലക്ഷന്‍ നേടിയ ചിത്രമായിരുന്നു വിയറ്റ്നാം കോളനി.
സിദ്ദീഖും ലാലും ചേര്‍ന്ന് 1994ല്‍ പുറത്തിറക്കിയ കാബൂളിവാലയാണ് ഇരുവരും ചേര്‍ന്ന് ഒടുവില്‍ ചെയ്ത ചിത്രം. ഇന്നസെന്റിനേയും ജഗതിയേയും കന്നാസും കടലാസുമാക്കിയും വിനീതിനെയും ചാര്‍മിളയേയും നായികാ നായകന്മാരാക്കിയും സര്‍ക്കസ് പശ്ചാതലത്തില്‍ ചെയ്ത ഈ ചിത്രവും മികച്ച സാമ്പത്തിക വിജയമാണ് നേടിയത്.
ലാലുമായി പിരിഞ്ഞതിന് ശേഷം ആദ്യമായി സിദ്ദീഖ് ഒറ്റയ്ക്ക് രചനയും സംവിധാനവും നിര്‍വഹിച്ച ഹിറ്റ്ലറില്‍ മമ്മൂട്ടിയായിരുന്നു നായകന്‍. 1996ല്‍ പുറത്തിറങ്ങിയ ഈ സിനിമ അഞ്ച് സഹോദരിമാരെ ചേര്‍ത്തു നിര്‍ത്തുന്ന മൂത്ത സഹോദരനെ അവതരിപ്പിച്ച് മമ്മൂട്ടി കൈയ്യടി നേടിയതിനോടൊപ്പം കുടുംബ സദസ്സുകള്‍ ഏറ്റെടുക്കുകയും ചെയ്തു.
മലയാളത്തില്‍ ലേഡീസ് ആന്റ് ജെന്റില്‍മാന്‍, ഭാസ്‌ക്കര്‍ ദ റാസ്‌ക്കല്‍, ഫുക്രി, ബിഗ് ബ്രദര്‍, മലയാളത്തിലും തമിഴിലുമായി ഫ്രണ്ട്സ്, ക്രോണിക് ബാച്ചിലര്‍, മലയാളത്തിലും ഹിന്ദിയിലുമായി ബോഡിഗാര്‍ഡ്, തമിഴില്‍ എങ്കള്‍ അണ്ണ, സാധു മിറാന്‍ഡ, കാവലന്‍ എന്നിവയാണ് സിദ്ദീഖ് സംവിധാനം ചെയ്ത ചിത്രങ്ങള്‍.
സിദ്ദീഖ് സംവിധാനം ചെയ്ത സിനിമകളിലെല്ലാം മികച്ച ഗാനങ്ങള്‍ ഉണ്ടായിരുന്നു. ജീവിതവും പ്രണയവും ചേര്‍ത്തുവെച്ച സിനിമകളായിരുന്നു സിദ്ദീഖ് ഒറ്റയ്ക്കും ലാലുമായി ചേര്‍ന്നും മലയാളത്തിന് നല്‍കിയത്. ലാലും സിദ്ദീഖും കൂട്ടുകെട്ട് അവസാനിപ്പിച്ചെങ്കിലും സിദ്ദീഖ് സംവിധാനം ചെയ്ത ഹിറ്റ്ലര്‍, ഫ്രണ്ട്സ് എന്നിവ നിര്‍മിച്ചത് ലാലിന്റെ പ്രൊഡക്ഷന്‍ ഹൗസായ ലാല്‍ ക്രിയേഷന്‍സാണ്.
സംവിധായകന്‍ ഫാസിലിന്റെ സംവിധാന സഹായികളായാണ് ലാലിനൊപ്പം സിദ്ദീഖും സിനിമാ രംഗത്തെത്തിയത്. കൊച്ചിന്‍ കലാഭവനിലെ മിമിക്രി താരങ്ങളായിരുന്നു ആദ്യകാലത്ത് ഇരുവരും.
നോക്കെത്താ ദൂരത്ത് കണ്ണുംനട്ട്, എന്നെന്നും കണ്ണേട്ടന്റെ, പൂവിനു പുതിയ പൂന്തെന്നല്‍, മണിവത്തൂരിലെ ആയിരം ശിവരാത്രികള്‍ തുടങ്ങിയ ഫാസില്‍ സിനിമകളുടെയെല്ലാം സഹസംവിധായകരിലൊരാളായിരുന്നു സിദ്ദീഖ്.
1986ല്‍ പപ്പന്‍ പ്രിയപ്പെട്ട പപ്പന്‍ എന്ന സിനിമയുടെ രചന ലാലുമായി ചേര്‍ന്ന് നിര്‍വഹിച്ച സിദ്ദീഖ് 1987ല്‍ പുറത്തിറങ്ങിയ മോഹന്‍ലാല്‍- ശ്രീനിവാസന്‍- സത്യന്‍ അന്തിക്കാട് കൂട്ടുകെട്ടിലെ സൂപ്പര്‍ ഹിറ്റ് ചിത്രം നാടോടിക്കാറ്റിന്റെ കഥാകൃത്തുക്കളിലൊരാളാണ്. 1988ല്‍ കമലിന്റെ കാക്കോത്തിക്കാവിലെ അപ്പൂപ്പന്‍ താടികള്‍ എന്ന സിനിമയുടെ അസോസിയേറ്റ് ഡയറക്ടറായി പ്രവര്‍ത്തിച്ചു.
മക്കള്‍ മാഹാത്മ്യം, മാന്നാര്‍ മത്തായി സ്പീക്കിംഗ്, അയാള്‍ കഥയെഴുതുകയാണ്, ഹല്‍ചല്‍, ഫിംഗര്‍ പ്രിന്റ്, കിംഗ് ലിയര്‍ എന്നീ സിനിമകളുടെ രചനയും മണിച്ചിത്ര താഴിന്റെ രണ്ടാം യൂണിറ്റ് സംവിധാനവും നിര്‍വഹിച്ചിട്ടുണ്ട്.
ഫുക്രി, ബിഗ് ബ്രദര്‍ എന്നീ സിനിമകളുടെ നിര്‍മാതാവ് കൂടിയായ സിദ്ദീഖ് നോക്കെത്താ ദൂരത്ത് കണ്ണുംനട്ട്, പൂവിനു പുതിയ പൂന്തെന്നല്‍, വര്‍ഷം 16, മാനത്തെ കൊട്ടാരം, ഫൈവ് സ്റ്റാര്‍ ഹോസ്പിറ്റല്‍, ഗുല്‍മാല്‍: ദി എസ്‌കേപ്പ്, സിനിമാ കമ്പനി, മാസ്റ്റര്‍പീസ്, ഇന്നലെ വരെ, കെങ്കേമം എന്നീ സിനിമകളില്‍ ചെറിയ വേഷങ്ങളില്‍ അഭിനയിച്ചിട്ടുമുണ്ട്.
വിവിധ ടെലിവിഷന്‍ ചാനലുകളിലെ മമ്മൂട്ടി ദി ബെസ്റ്റ് ആക്ടര്‍, കോമഡി ഫെസ്റ്റിവല്‍, സിനിമ ചിരിമ, കോമഡി ഫെസ്റ്റിവല്‍ സീസണ്‍ 2, ആരാണീ മലയാളി, കോമഡി സ്റ്റാര്‍സ് സീസണ്‍ 2, ടോപ് സിംഗര്‍ സൂപ്പര്‍ നൈറ്റ് തുടങ്ങിയ പരിപാടികളില്‍ ജഡ്ജായും അവതാരകനായും ഹോസ്റ്റായും സിദ്ദീഖ് പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. 1991ല്‍ മികച്ച ജനപ്രിയ സിനിമ സംവിധായകനും 2012ല്‍ സീ സിനി അവാര്‍ഡും സിദ്ദീഖ് നേടി.
1960 ഒക്ടോബര്‍ 1ന് ഇസ്മാഈല്‍ ഹാജിയുടേയും സൈനബയുടേയും മകനായി കൊച്ചിയിലാണ് സിദ്ദീഖ് എന്ന സിദ്ദീഖ് ഇസ്മാഈലിന്റെ ജനനം. കളമശ്ശേരി സെന്റ് പോള്‍സ് കോളജില്‍ വിദ്യാഭ്യാസം നേടി. സാജിതയാണ് സിദ്ദീഖിന്റെ ഭാര്യ. സുമയ്യ, സാറ, സുകൂന്‍ എന്നിവരാണ് മക്കള്‍.

