തോട്ടങ്ങളുടെ വൈവിധ്യവത്കരണത്തിന് സമയബന്ധിതമായ പ്രവര്‍ത്തനം അനിവാര്യമെന്ന് വ്യവസായ മന്ത്രി

Web Desk
3 Min Read

കൊച്ചി: തോട്ടങ്ങള്‍ കാലാവസ്ഥയെ പ്രതിരോധിക്കുന്ന കൃഷിയുമായി പൊരുത്തപ്പെടണമെന്ന ആഹ്വാനത്തോടെ കേരളത്തിലെ തോട്ടമുടമകളുടെ സംഘടനയായ അസോസിയേഷന്‍ ഓഫ് പ്ലാന്റേഷഴ്‌സ് ഓഫ് കേരളയുടെ വാര്‍ഷിക പൊതുയോഗം കൊച്ചിയില്‍ നടന്നു. വ്യവസായ മന്ത്രി പി രാജീവ് ഉദ്ഘാടനം ചെയ്തു. തോട്ടം മേഖലയുടെ വൈവിധ്യവത്കരണത്തിന് സമയബന്ധിതമായ പ്രവര്‍ത്തനങ്ങള്‍ അനിവാര്യമാണെന്ന് അദ്ദേഹം പറഞ്ഞു. തോട്ടങ്ങള്‍ അങ്ങനെ തന്നെ നിലനിര്‍ത്തി കൊണ്ടുള്ള വൈവിധ്യവത്കരണത്തിന് സര്‍ക്കാര്‍ എതിരല്ല. തോട്ടങ്ങള്‍ എങ്ങനെ ലാഭകരമാക്കാമെന്ന് കൂട്ടായി ചിന്തിക്കണം.

city exchange

പുതിയ കാലത്തിന്റെ ആഗ്രഹങ്ങള്‍ക്ക് അനുസരിച്ചുള്ള ഉത്പന്നങ്ങള്‍ വിപണിയിലിറക്കണം. എക്‌സോട്ടിക്ക് ഫ്രൂട്ട്‌സ് ഉത്പാദനം മികച്ച വരുമാനമാര്‍ഗം നേടിത്തരുമെന്നും മന്ത്രി പറഞ്ഞു. ഭൂപരിഷ്‌കരണ നിയമ ഭേദഗതിയുടെ ആനുകൂല്യങ്ങള്‍ ഉപയോഗപ്പെടുത്തുന്നതില്‍ പ്രായോഗിക ബുദ്ധിമുട്ടുണ്ടെങ്കില്‍ തോട്ടമുടമകള്‍ക്ക് സര്‍ക്കാരിനെ സമീപിക്കാമെന്നും മന്ത്രി പറഞ്ഞു.

കാലാവസ്ഥാ വ്യതിയാനത്തിന്റെ ആഘാതം സംസ്ഥാനത്തെ തോട്ടം വ്യവസായത്തിന്റെ സാമ്പത്തിക ഭദ്രതയെ കൂടുതല്‍ ബാധിച്ചുവെന്നും ഉത്പാദനച്ചെലവിനേക്കാള്‍ താഴെയാണ് കര്‍ഷകര്‍ തങ്ങളുടെ ഉല്‍പ്പന്നങ്ങള്‍ വിറ്റഴിക്കുന്നതെന്നും എ പി കെ ചെയര്‍മാന്‍ എസ് ബി പ്രഭാകര്‍ ചൂണ്ടിക്കാട്ടി.

- Advertisement -
Ad image

തോട്ടവിളകളുടെ ഉത്പാദനച്ചെലവില്‍ 2020 മുതല്‍ ഏകദേശം 26 ശതമാനം വര്‍ധനയുണ്ടായി. ഈ കാലയളവില്‍ എം ഒ പി വില മാത്രം 120 ശതമാനം വര്‍ധിച്ചതിനൊപ്പം രാസവളങ്ങളുടെ വിലയും കുത്തനെ ഉയര്‍ന്നു. ഇതും രാസവളത്തിന്റെ ദൗര്‍ലഭ്യവും ഉത്പാദനക്ഷമതയിലും ഉല്‍പാദനത്തിലും ഇടിവുണ്ടാക്കി. വേതന പരിഷ്‌കരണ ചര്‍ച്ചകളില്‍ വ്യവസായത്തിന്റെ സാമ്പത്തിക ശേഷി കൂടി പരിഗണിക്കാനും ഉത്പാദനക്ഷമതയുമായി താരതമ്യപ്പെടുത്തിയുള്ള വേതന വ്യവസ്ഥ മാത്രമേ നിശ്ചയിക്കാവു എന്നും എ പി കെ യോഗം സംസ്ഥാന സര്‍ക്കാരിനോട് അഭ്യര്‍ഥിച്ചു.

കാലാവസ്ഥയെ പ്രതിരോധിക്കുന്ന കാര്‍ഷിക രീതികള്‍ സ്വീകരിക്കണമെന്നും സംയോജിത കൃഷി രീതികള്‍ പരീക്ഷിക്കണമെന്നും യോഗം ആഹ്വാനം ചെയ്തു.

സംസ്ഥാനത്തിന് ദീര്‍ഘകാല കാലാവസ്ഥാ റിസ്‌ക് മാനേജ്‌മെന്റ് നയം രൂപീകരിക്കുന്നതിന് കര്‍ഷകര്‍, ശാസ്ത്രജ്ഞര്‍, വ്യവസായികള്‍, നയരൂപകര്‍ത്താക്കള്‍ എന്നിവരടങ്ങുന്ന ഉപദേശക സമിതി രൂപീകരിക്കുന്നത് സര്‍ക്കാര്‍ പരിഗണിക്കണം. നിലവിലെ ഏകവിള സംസ്‌കാരം സാമ്പത്തികമായും പാരിസ്ഥിതികമായും സുസ്ഥിരമല്ല. തോട്ടം മേഖലയിലെ കാലാവസ്ഥയെ പ്രതിരോധശേഷിയുള്ളതാക്കാന്‍ നിലവിലുള്ള ഭൂവിനിയോഗ രീതിയില്‍ കാര്യമായ മാറ്റം വരുത്താതെ നിയന്ത്രിത വിള വൈവിധ്യവല്‍ക്കരണത്തിലേക്ക് തിരിയണം. കെ എല്‍ ആര്‍ നിയമത്തിലും ഭൂവിനിയോഗ ഉത്തരവിലും ഉചിതമായ ഭേദഗതികള്‍ വരുത്താന്‍ യോഗം സംസ്ഥാന സര്‍ക്കാരിനോട് അഭ്യര്‍ഥിച്ചു.

എ പി കെ ചെയര്‍മാന്‍ എസ് ബി പ്രഭാകര്‍ അധ്യക്ഷത വഹിച്ചു. ഉപാസി പ്രസിഡന്റ് ജെഫ്രി റെബല്ലോ, എ പി കെ വൈസ് ചെയര്‍മാന്‍ എ കെ ജലീല്‍, സെക്രട്ടറി ബി കെ അജിത് എന്നിവര്‍ സംസാരിച്ചു.

മുംബൈ ടാറ്റ ട്രസ്റ്റ്‌സ് ട്രസ്റ്റി ആര്‍ കെ കൃഷ്ണ കുമാറിന് ലൈഫ് ടൈം അച്ചീവ്‌മെമെന്റ് അവാര്‍ഡും സൃഷ്ടി വെല്‍ഫെയര്‍ ട്രസ്റ്റ് മാനേജിംഗ് ട്രസ്റ്റി രത്‌ന കൃഷ്ണകുമാറിന് പ്രത്യേക പുരസ്‌ക്കാരവും സമ്മാനിച്ചു. തോട്ടം തൊഴിലാളികളുടെ മക്കള്‍ക്കുള്ള എ പി കെ പ്ലാറ്റിനം ജൂബിലി സ്‌കോളര്‍ഷിപ്പുകളും ചടങ്ങില്‍ വിതരണം ചെയ്തു.

തോട്ടങ്ങളിലെ ഉത്തരവാദിത്വ ടൂറിസം സംബന്ധിച്ച സാങ്കേതിക സെഷന്‍ ഉപാസി പ്രസിഡന്റ് ജെഫ്രി റെബെല്ലോ ഉദ്ഘാടനം ചെയ്തു. ട്രോപ്പിക്കല്‍ പ്ലാന്റേഷന്‍സ് ജനറല്‍ മാനേജര്‍ തോമസ് ജോസഫ് ആമുഖ പ്രസംഗം നടത്തി. ടൂറിസം ഉപദേശക സമിതിയംഗവും ആസൂത്രണ ബോര്‍ഡ് അംഗവുമായ വാഞ്ചീശ്വരന്‍, എന്‍ ഐ ഐ ടി ഇന്‍ഡസ്ട്രിയല്‍ എഞ്ചിനീയര്‍ അജിത് മത്തായി, ദേശീയ ടൂറിസം ഉപദേശക സമിതിയംഗം ജോസ് ഡൊമിനിക് എന്നിവര്‍ സംസാരിച്ചു. പ്ലാന്റേഷന്‍ ടൂറിസത്തിന് കേരളത്തില്‍ ഏറെ സാധ്യതയുണ്ടെന്ന് സെഷനില്‍ അഭിപ്രായമുയര്‍ന്നു. ന്യൂസിലാന്‍ഡ് മോഡല്‍ കേരളത്തിന് ഏറെ യോജിച്ചതാകുമെന്നും വിലയിരുത്തലുണ്ടായി.

കാലാവസ്ഥയുമായി പൊരുത്തപ്പെടുന്ന കൃഷിരീതി സംബന്ധിച്ച സെഷനില്‍ ബയോളജിക്കല്‍ ആന്‍ഡ് ഓര്‍ഗാനിക് അഗ്രികള്‍ച്ചര്‍ രാജ്യാന്തര കണ്‍സള്‍ട്ടന്റ് സ്റ്റീവ് ക്യാപ്നസ് പ്രഭാഷണം നടത്തി. കാലാവസ്ഥാ വ്യതിയാനം നേരിടാന്‍ മണ്ണിന്റെ ആരോഗ്യം മെച്ചപ്പെടുത്തണമെന്നും പച്ചക്കറികളും പഴങ്ങളുമടക്കം മള്‍ട്ടി ക്രോപ് വൈവിധ്യങ്ങളിലേക്ക് പോകണമെന്നും അദ്ദേഹം പറഞ്ഞു. ന്യൂട്രീഷന്‍ ഫാമിംഗും ഓര്‍ഗാനിക് ഫാമിംഗും തമ്മില്‍ വ്യത്യാസമുണ്ടെന്നും നിബന്ധനകള്‍ക്കും ചട്ടങ്ങള്‍ക്കും വിധേയമായി മാത്രമേ ഓര്‍ഗാനിക് ഫാമിംഗ് സാധ്യമാവു എന്നും എന്നാല്‍ ന്യൂട്രീഷന്‍ ഫാമിംഗില്‍ നൂതന സാങ്കേതിക വിദ്യയും ഉത്പന്നങ്ങളും ഉപയോഗിക്കാന്‍ കഴിയുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

Share This Article
Leave a Comment
error: Content is protected !!