

ദുബൈ: മതേതര രാജ്യമായ ഇന്ത്യയില്‍ ഏക സിവില്‍ കോഡിന്റെ പേരില്‍ ആശങ്കകള്‍ പടരുമ്പോള്‍ മത രാജ്യമായ യു എ ഇയില്‍ ഓരോ മതവിശ്വാസികള്‍ക്കും തങ്ങളുടെ വ്യക്തി നിയമങ്ങള്‍ നടപ്പാക്കാന്‍ നടപടി. ഇതിന്റെ ഭാഗമായി ദുബായ് കോടതികളില്‍ അമുസ്ലിംകള്‍ക്കായി ആദ്യ അനന്തരാവകാശ വകുപ്പ് സ്ഥാപിക്കുന്നു.

തങ്ങളുടെ സ്വന്തം വ്യക്തിനിയമങ്ങളുടെ മികച്ച പ്രയോഗം ഉറപ്പാക്കി വ്യക്തമായ നിയമനിര്‍മ്മാണ ചട്ടക്കൂടിന് കീഴില്‍ അവരുടെ താത്പര്യങ്ങള്‍ നടപ്പാക്കാന്‍ അമുസ്‌ലിംകള്‍ക്ക് അനുമതി നല്‍കുന്നതാണ് പുതിയ നിയമം. സാംസ്‌കാരിക വൈവിധ്യത്തെ മാനിക്കുന്നതിനും സമഗ്രവും നൂതനവുമായ സേവന സംവിധാനം മെച്ചപ്പെടുത്തുന്നതിനുമുള്ള എമിറേറ്റിന്റെ പ്രതിബദ്ധതയാണിതെന്ന് അധികൃതര്‍ ചൂണ്ടിക്കാട്ടുന്നു.

യു എ ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിന്റെ നിലപാടുകളില്‍ നിന്നാണ് അമുസ്ലിംകള്‍ക്കായി അനന്തരാവകാശ വകുപ്പ് സ്ഥാപിക്കുന്നതെന്ന് ദുബായ് കോടതികളിലെ അനന്തരാവകാശ കോടതി ചീഫ് ജഡ്ജി മുഹമ്മദ് ജാസിം അല്‍ ഷംസി പറഞ്ഞു.

