

കൊച്ചി: ശബ്ദനാളം സംബന്ധിച്ച അസുഖങ്ങള്‍ ചികിത്സിക്കുന്ന ലാരിങ്കോളജി വിദഗ്ധരുടെ ത്രിദിന അന്താരാഷ്ട്ര സമ്മേളനമായ ‘ലാരിങ്സ് 2022’ന് കൊച്ചിയില്‍ നടന്നു.
വി പി എസ് ലേക്ഷോര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹെഡ് ആന്‍ഡ് നെക്ക് സയന്‍സസ്, കോക്കേഴ്‌സ് ക്ലബ് കൊച്ചി, അസോസിയേഷന്‍ ഓഫ് ഓട്ടോലാരിങ്കോളജിസ്റ്റ്‌സ് കൊച്ചി എന്നിവരുടെ സംയുക്താഭിമുഖ്യത്തിലാണ് സമ്മേളനം നടന്നത്. ലാരിങ്കോളജിയിലെ നൂതന കണ്ടെത്തലുകള്‍ സമ്മേളനം ചര്‍ച്ച ചെയ്തു. .

സമ്മേളനത്തിന്റെ ഔപചാരിക ഉദ്ഘാടനം ഡോ. കാര്‍സ്റ്റന്‍ പാം നിര്‍വഹിച്ചു. വി പി എസ് ലേക്ഷോര്‍ ആശുപത്രി സി ഇ ഒ എസ് കെ അബ്ദുല്ല അധ്യക്ഷത വഹിച്ചു. ഡോ. പ്രതമേഷ് പൈ, ഡോ. ജയകുമാര്‍ മേനോന്‍, ഡോ. ചിത്രതാര കെ, ഡോ. എച്ച് രമേഷ്, ഡോ. മോഹന്‍ മാത്യു, ഡോ. ഷോണ്‍ ടി ജോസഫ്, ഡോ. അഞ്ജന ശശീന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു.

ക്യാന്‍സര്‍ അതിജീവിച്ചവരുടെ പുനരുജ്ജീവനത്തിന്റെ ഭാഗമായി ശിവന്‍ ജി കരുനാഗപ്പള്ളിയുടെ ചിത്രങ്ങള്‍ സമ്മേളനത്തില്‍ പ്രദര്‍ശിപ്പിച്ചു. തുടര്‍ന്ന് ഡോ. ചിത്രതാര അദ്ദേഹത്തെ പൊന്നാടയണിയിച്ചു ആദരിച്ചു. വി പി എസ് ലേക്ഷോറില്‍ ആരംഭിച്ച വോയിസ് സെന്ററിന്റെ ഉദ്ഘാടനം ഡോ. ജയകുമാര്‍ മേനോന്‍ നിര്‍വഹിച്ചു.
ശബ്ദനാളവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ കൂടിവരുന്ന സാഹചര്യത്തിലാണ് വി പി എസ് ലേക്ഷോറില്‍ വോയിസ് സെന്റര്‍ തുടങ്ങിയതെന്ന് വി പി എസ് ലേക്ഷോര്‍ ഹെഡ് ആന്‍ഡ് നെക്ക് ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടറായ ഡോ. ഷോണ്‍ ടി ജോസഫ് പറഞ്ഞു.
കോണ്‍ഫറന്‍സിന്റെ ഭാഗമായി ശബ്ദനാള പ്രശ്‌നങ്ങള്‍ക്കുള്ള ലേസര്‍ സര്‍ജറി, ശബ്ദനാള ക്യാന്‍സര്‍, കുട്ടികളിലെ ശബ്ദനാള പ്രശ്‌നങ്ങള്‍ തുടങ്ങിയ വിഷയങ്ങളില്‍ ചര്‍ച്ചകളും പരിശീലന പരിപാടിയും നടത്തി. ഇന്ത്യയില്‍ നിന്നും വിദേശത്തുനിന്നുമുള്ള ഡോക്ടര്‍മാര്‍ പങ്കെടുത്തു.

