
ദോഹ: ഹോര്‍മുസ് കടലിടുക്കിന്റെ തെക്കന്‍ പാതയിലൂടെ സഞ്ചരിച്ച ഇന്ത്യന്‍ എണ്ണക്കപ്പലിന് ഇറാന്‍ മുന്നറിയിപ്പ് നല്‍കിയതിനെ തുടര്‍ന്ന് കപ്പല്‍ പിന്മാറിയതായി റിപ്പോര്‍ട്ട്. ഇറാന്റെ അര്‍ധ ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയായ ഫാര്‍സ് ന്യൂസ് ഏജന്‍സിയാണ് സംഭവത്തിന്റെ വിവരം പുറത്തുവിട്ടത്.

‘ഒമാന്‍ ഇടനാഴി’ എന്നറിയപ്പെടുന്ന തെക്കന്‍ പാതയിലൂടെ ഹാന എന്ന ഇന്ത്യന്‍ എണ്ണക്കപ്പല്‍ കടന്നുപോകാന്‍ ശ്രമിക്കുന്നതിനിടെയാണ് ഇറാന്റെ വലിയ യുദ്ധക്കപ്പല്‍ മുന്നറിയിപ്പ് നല്‍കിയത്. തുടര്‍ന്ന് കപ്പല്‍ പാതയില്‍നിന്ന് പിന്മാറിയതായി ഫാര്‍സ് റിപ്പോര്‍ട്ട് ചെയ്തു.

കഴിഞ്ഞ 24 മണിക്കൂറിനിടെ ഈ തെക്കന്‍ പാതയിലൂടെ മറ്റ് കപ്പലുകള്‍ സഞ്ചരിച്ചതായി വിവരമില്ലെന്നും ഫാര്‍സ് റിപ്പോര്‍ട്ടില്‍ പറയുന്നു.
ഹോര്‍മുസ് കടലിടുക്കിലൂടെയുള്ള കപ്പല്‍ ഗതാഗതം പുനഃക്രമീകരിക്കുന്നതുമായി ബന്ധപ്പെട്ട് ഇറാനും ഒമാനും തമ്മിലുള്ള ചര്‍ച്ചകള്‍ തുടരുന്നതിനിടെയാണ് സംഭവം. മേഖലയില്‍ വാണിജ്യ കപ്പല്‍ ഗതാഗതം ഇപ്പോഴും സാധാരണ നിലയേക്കാള്‍ ഗണ്യമായി കുറഞ്ഞിരിക്കുകയാണ്.
ഒമാനുമായി ആലോചിച്ച് താത്ക്കാലിക കപ്പല്‍പാത സംബന്ധിച്ച് ധാരണയിലെത്തിയതായി ഇറാന്‍ ഉപവിദേശകാര്യ മന്ത്രി ഘരീബാബാദി ചൊവ്വാഴ്ച വ്യക്തമാക്കിയിരുന്നു. അതേസമയം, ഹോര്‍മുസ് കടലിടുക്ക് പൂര്‍ണമായി തുറക്കുന്നതിന് അമേരിക്ക ചില നിബന്ധനകള്‍ പാലിക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. ജൂണില്‍ ഒപ്പുവെച്ച ഇടക്കാല സമാധാന കരാറിലെ അമേരിക്കയുടെ പ്രതിബദ്ധതകള്‍ പാലിക്കുന്നതുവരെ കടലിടുക്ക് പൂര്‍ണമായും തുറക്കില്ലെന്നാണ് ഇറാന്റെ നിലപാട്.

