

വിയന്ന: ഇറാന്‍- യു എസ്- മറ്റ് ലോകശക്തികള്‍ തമ്മിലുള്ള 2015ലെ ആണവ കരാര്‍ പുനരുജ്ജീവിപ്പിക്കാനുള്ള കരാര്‍ അന്തിമഘട്ടത്തിലേക്ക്. ഇറാന്‍ ഉപരോധത്തിലെ ഇളവുകളുടെ വ്യാപ്തി ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ ഇറാന്റെ ആവശ്യങ്ങളില്‍ തീരുമാനം വൈകുന്നതാണ് മാത്രമാണ് മുന്നിലുള്ള കടമ്പ.

രണ്ട് ദിവസത്തിനകം കരാറിന്റെ അന്തിമ രൂപം ആയേക്കും. കരാര്‍ പുനഃസ്ഥാപിക്കുകയെന്നത് യു എസ് പ്രസിഡന്റ് ജോ ബൈഡന്റെ പ്രധാന വിദേശനയ ലക്ഷ്യത്തിലുള്ളതാണ്. ചൈനയിലും റഷ്യയിലും ശ്രദ്ധ കേന്ദ്രീകരിക്കാന്‍ യു എസിനെ അനുവദിക്കുന്നതും മധ്യപൗരസ്ത്യ ദേശത്ത് സ്ഥിരതയുടെ താക്കോലായി ഇറാന്റെ ആണവ പദ്ധതിയെ തടയുന്ന കരാറാണ് വൈറ്റ് ഹൗസ് ലക്ഷ്യമിടുന്നത്.

അന്താരാഷ്ട്ര ഉപരോധങ്ങള്‍ താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കുന്നതിന് പകരമായി ഇറാന്റെ ആണവ പരിപാടിയില്‍ കര്‍ശനവും എന്നാല്‍ താല്‍ക്കാലികവുമായ പരിധികള്‍ ഏര്‍പ്പെടുത്തിയ 2015ലെ കരാറിന് അനുസൃതമായി മടങ്ങാന്‍ ഇറാനും യു എസും സ്വീകരിക്കേണ്ട നടപടികള്‍ പുതിയ കരാര്‍ വ്യക്തമാക്കും. 2018 മെയ് മാസത്തിലാണ് കരാറില്‍ നിന്ന് യു എസ് പിന്മാറിയത്. തുടര്‍ന്ന് ഇറാനുമേല്‍ കടുത്ത ഉപരോധങ്ങള്‍ ഏര്‍പ്പെടുത്തുകയും ചെയ്തു. ഇതോടെയാണ് ഇറാനുമായുള്ള മിക്ക അന്താരാഷ്ട്ര വ്യാപാരങ്ങളും സ്തംഭിച്ചത്.
പുനഃസ്ഥാപിച്ച കരാറിന്റെ നിബന്ധനകള്‍ 2015-ലെ ഉടമ്പടിക്ക് ഏതാണ്ട് സമാനമാകുമെങ്കിലും ഇറാന്റെ ‘ബ്രേക്ക്ഔട്ട് സമയം’ ആറു മാസമായി കുറയും. ഒരു ബോംബിന് ആവശ്യമായ ആണവ ഇന്ധനം ശേഖരിക്കുന്നതിന് ആവശ്യമായ ദൈര്‍ഘ്യമാണ് ബ്രേക്ക്ഔട്ട് സമയം. നേരത്തെ ഇത് ഏകദേശം ഒരു വര്‍ഷമായിരുന്നുവെന്ന് യു എസ് ഉദ്യോഗസ്ഥര്‍ പറയുന്നു. യു എസ് കരാറില്‍ നിന്ന് പുറത്തായതിന് ശേഷം ആണവ പ്രവര്‍ത്തനത്തിലൂടെ ഇറാന്‍ നേടിയ വൈദഗ്ധ്യത്തെ തുടര്‍ന്നാണ് പുതിയ മാറ്റം.
ഏതു കരാറും അംഗീകരിക്കുന്നതിന് അതില്‍ ഉള്‍പ്പെട്ടിരിക്കുന്ന രാജ്യങ്ങളില്‍ നിന്നുള്ള നേതാക്കളുടെ അന്തിമ തീര്‍പ്പ് ആവശ്യമാണ്. യു എസ്, യു കെ, ഫ്രാന്‍സ്, ജര്‍മ്മനി, റഷ്യ, ചൈന, ഇറാന്‍ എന്നിവരാണ് കരാറിലുള്ളത്. ഇറാന്‍ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമേനിയുടെയും ഇറാന്റെ റെവല്യൂഷണറി ഗാര്‍ഡ് കോര്‍പ്സിന്റെയും ഓഫീസ് ഉള്‍പ്പെടെ എത്ര യു എസ് ഉപരോധങ്ങള്‍ നീക്കും എന്നതാണ് പരിഹരിക്കപ്പെടാത്ത ഏറ്റവും പ്രധാനപ്പെട്ട പ്രശ്‌നങ്ങളിലൊന്ന്.

