

ദോഹ: അഞ്ചാമത് ഫതഹുല്‍ ഖൈര്‍ യാത്രയുടെ സമയവും ലക്ഷ്യസ്ഥാനങ്ങളും കത്താറ പ്രഖ്യാപിച്ചു. ക്യാപ്റ്റന്‍ മുഹമ്മദ് അല്‍ സാദയുടെ നേതൃത്വത്തിലാണ് മൂന്ന് യൂറോപ്യന്‍ രാജ്യങ്ങളിലെ ഒന്‍പത് തുറമുഖങ്ങളിലേക്ക് ഫതഹുല്‍ ഖൈര്‍ യാത്ര പോകുന്നത്.


ജൂലായ് ഒന്നാം തിയ്യതിയാണ് അഞ്ചാം ഫതഹുല്‍ ഖൈറിന്റെ യാത്ര ആരംഭിക്കുക. മാള്‍ട്ട തുറമുഖത്തേക്കാണ് ആദ്യ യാത്ര. തുടര്‍ന്ന് ഇറ്റലിയിലെ സിസിലി, റോം, ജെനോവ, മൊണോക്കോ, ഫ്രാന്‍സിലെ നൈസ്, കാന്‍സ്, മാര്‍സെയില്‍, സ്‌പെയിനിലെ ബാഴ്‌സലോണ എന്നിവിടങ്ങള്‍ സന്ദര്‍ശിച്ച് കത്താറയില്‍ തിരികെയെത്തും.


ഖത്തറി പൈതൃകവും സമുദ്ര സംസ്‌ക്കാരവും ഉള്‍പ്പെടെയുള്ളവയെ കുറിച്ച് അവബോധം വളര്‍ത്താന്‍ ലക്ഷ്യമിട്ടാണ് ഫ തഹുല്‍ ഖൈര്‍ സംഘടിപ്പിക്കുന്നത്. ഖത്തറും ഗള്‍ഫ് രാജ്യങ്ങളും മെഡിറ്ററേനിയന്‍ രാജ്യങ്ങളും തമ്മിലുള്ള സാംസ്‌ക്കാരിക വിനിമയത്തിനുള്ള കത്താറയുടെ നിരന്തര ശ്രമത്തിന്റെ ഭാഗമായാണ് അഞ്ചാമത് ഫതഹുല്‍ ഖൈര്‍ മെഡിറ്ററേനിയന്‍ തീരങ്ങളിലേക്ക് സഞ്ചരിക്കുന്നത്.

ഫിഫ ഖത്തര്‍ ലോകകപ്പ് 2022മായി ബന്ധപ്പെട്ട് ഖത്തര്‍ നടത്തിയ തയ്യാറെടുപ്പുകളും വന്‍സ്‌റ്റേഡിയങ്ങളുടെ സൗകര്യങ്ങളും ഉള്‍പ്പെടെയുള്ള ഫതഹുല്‍ ഖൈര്‍ യാത്രയില്‍ യൂറോപ്യന്‍ രാജ്യങ്ങളിലെ കളിയാരാധകര്‍ക്ക് മനസ്സിലാക്കിക്കൊടുക്കാനും ലക്ഷ്യമുണ്ട്.

