

ചെന്നൈ: തമിഴ് സിനിമയിലെ വിവാദ സംവിധായകനാണ് സാമി. ഉയിര്‍, മൃഗം, സിന്ധു സമവെളി, കാങ്കാരു തുടങ്ങിയ സാമിയുടെ മിക്ക സിനിമകളും പ്രമേയം കൊണ്ടും അവതരണം കൊണ്ടും ചര്‍ച്ചാ വിഷയമായവയാണ്. എന്നാലിപ്പോള്‍ ആബാല വൃദ്ധം ജനങ്ങളെയും ആകര്‍ഷിക്കാന്‍ തക്ക വിധത്തിലുള്ള സിനിമകള്‍ അണിയിച്ചൊരുക്കി കളം മാറ്റി പയറ്റാന്‍ ഒരുങ്ങുകയാണ്. അതിന്റെ മുന്നോടിയായി ഇറാനിയന്‍ രചയിതാവും സംവിധായകനുമായ മജീദ് മജീദിയുടെ ഓസ്‌കാര്‍ നോമിനേഷന്‍ ലഭിച്ച വിശ്വപ്രസിദ്ധമായ ‘ചില്‍ഡ്രന്‍ ഓഫ് ഹെവന്‍’ സിനിമ ‘അക്കാ കുരുവി’ എന്ന പേരില്‍ പുനരാവിഷ്‌ക്കാരം ചെയ്ത് പ്രശംസ നേടിയിരിക്കുന്നു സാമി.

അക്കാ കുരുവിയിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ബാലതാരങ്ങളായ പതിനൊന്ന് വയസ്സുകാരന്‍ മാഹിനും ഏഴു വയസ്സുകാരി ഡാവിയായും മലയാളികള്‍. ഇവര്‍ സഹോദരനും സഹോദരിയുമായി അഭിനയിക്കുന്നു. ഇരുന്നോറോളം പേരെ ഒഡീഷന്‍ നടത്തിയതില്‍ നിന്നുമാണ് ഇരുവരെയും തിരഞ്ഞെടുത്തത്. ഇവരുടെ മാതാപിതാക്കളായി പ്രശസ്ത ക്ലാസ്സിക്കല്‍ നര്‍ത്തകി താരാ ജഗദാമ്പയും സെന്തില്‍ കുമാറും അഭിനയിക്കുന്നു. യുവ നായകന്‍ ‘പരിയേറും പെരുമാള്‍’ ഫെയിം കതിര്‍, തെന്നിന്ത്യന്‍ നായിക താരം വര്‍ഷാ ബൊല്ലമ്മ എന്നിവര്‍ അതിഥി വേഷത്തില്‍ എത്തുന്നു എന്നതും ചിത്രത്തിന്റെ സവിശേഷതയാണ്.

രണ്ട് ഷൂസിനെ കേന്ദ്രീകരിച്ചുള്ള പ്രമേയത്തിന്റെ ദൃഷ്യാവിഷ്‌ക്കാരമായ ചില്‍ഡ്രന്‍ ഓഫ് ഹെവന്‍ അന്തര്‍ ദേശീയ തലത്തില്‍ ശ്രദ്ധ നേടിയ സിനിമയായിരുന്നു എന്നതു കൊണ്ട് തന്നെ ഇതിനെ തമിഴില്‍ പുനരാവിഷ്‌ക്കരിക്കുക എന്നത് കടുത്ത വെല്ലുവിളി ആയിരുന്നുവെന്ന് സാമി പറയുന്നു. ഇതിന് സംഗീത സംവിധാനം നിര്‍വഹിക്കാന്‍ ഇളയരാജയെ സമീപിച്ചപ്പോള്‍ ആദ്യം സിനിമ ഷൂട്ട് ചെയ്തു വരൂ അതിനു ശേഷം നോക്കാം എന്നായിരുന്നുവത്രെ ഇളയരാജയുടെ മറുപടി. കാരണം അദ്ദേഹത്തിന് ഏറ്റവും ഇഷ്ടപ്പെട്ട സിനിമയാണ് ചില്‍ഡ്രന്‍ ഓഫ് ഹെവന്‍. അതിനോട് എത്ര മാത്രം നീതി പുലര്‍ത്താന്‍ സാമിക്ക് കഴിയും എന്ന സംശയം അദ്ദേഹത്തിനുണ്ടായിരുന്നു.
എന്നാല്‍ പടത്തിന്റെ ഷൂട്ടിംഗ് കഴിഞ്ഞ് എഡിറ്റ് ചെയ്ത് കാണിച്ചപ്പോള്‍ പൂര്‍ണ സംതൃപ്തനായ രാജ മൂന്ന് പാട്ടുകളും എഴുതി കൊടുത്ത് അതും ഷൂട്ട് ചെയ്തു ചേര്‍ക്കാന്‍ ആവശ്യപ്പെടുകയായിരുന്നുവത്രെ. അതു പോലെ തന്നെ അക്കാ കുരുവി കണ്ട മജീദ് മജീദിയും തന്നെക്കാള്‍ നന്നായി പടം ചെയ്തിട്ടുണ്ട് എന്ന് പറഞ്ഞ് അഭിനന്ദിച്ചതും സാമിക്ക് അഭിമാനത്തിന് വക നല്‍കുന്നു.
ഒപ്പം ചിത്രത്തിന്റെ ഛായാഗ്രാഹകന്‍ മലയാളിയായ ഉത്പല്‍. വി നായനാരെയും മജീദ് മജീദിയും രാജയും പ്രത്യേകം പ്രസംസിച്ചുവത്രെ. ഒരു ദേശീയ അവാര്‍ഡ് ലഭിച്ച പ്രതീതിയാണ് ഈ അഭിനന്ദനങ്ങള്‍ സാമിക്കും ഉത്പലിനും നല്‍കിയിരിക്കുന്നത്.
ഇന്നത്തെ വിദ്യാര്‍ഥി സമൂഹത്തിനും യുവ തലമുറക്കും രക്ഷിതാക്കള്‍ക്കും ആത്മ വിശ്വാസവും പ്രചോദനവും നല്‍കുന്ന ഒരു പ്രമേയത്തിന്റെ രസകരമായ ചലച്ചിത്രാവിഷ്‌ക്കാരമാണ് അക്കാ കുരുവി. മധുരൈ മുത്തു മൂവീസും കനവ് തൊഴില്‍ ശാലയും സംയുക്തമായി നിര്‍മ്മിച്ച അക്കാ കുരുവി മെയ് ആറിന് തമിഴ്‌നാട്ടിലും മെയ് മൂന്നാം വാരം കേരളത്തിലും റീലീസ് ചെയ്യും.

