

കാലിഫോര്‍ണിയ: ഇസ്‌ലാമിക സാമ്പത്തികശാസ്ത്ര പണ്ഡിതനും ചിന്തകനുമായ ഡോ. മുഹമ്മദ് നജാത്തുല്ല സിദ്ദീഖി (91) കാലിഫോര്‍ണിയയില്‍ നിര്യാതനായി. ഇസ്‌ലാമിക സാമ്പത്തിക ശാസ്ത്രത്തില്‍ ലോകത്തിലെ മുന്‍നിര പണ്ഡിതന്മാരില്‍ ഒരാളായ ഇദ്ദേഹം യു പിയിലെ ഗോരഖ്പൂര്‍ സ്വദേശിയാണ്.

വൈജ്ഞാനിക രംഗത്തെ വിശിഷ്ട സേവനത്തിന് 1982ല്‍ സൗദി ഭരണകൂടത്തിന്റെ കിംഗ് ഫൈസല്‍ പുരസ്‌ക്കാരവും 2002ല്‍ ശാഹ് വലിയുല്ലാഹ് അവാര്‍ഡും അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്. ദീര്‍ഘകാലം ഇന്ത്യന്‍ ജമാഅത്തെ ഇസ്‌ലാമി കേന്ദ്ര കൂടിയാലോചന സമിതിയില്‍ അംഗമായിരുന്നു.

1931ല്‍ ഗോരഖ്പൂരില്‍ ജനിച്ച ഡോ. മുഹമ്മദ് നജാത്തുല്ല സിദ്ദീഖി അലിഗഡ് മുസ്‌ലിം സര്‍വകലാശാല, റാംപൂരിലെ മതപാഠശാല, അസംഗഡിലെ ജാമിഅത്തുല്‍ ഫലാഹ് എന്നിവിടങ്ങളിലാണ് വിദ്യാഭ്യാസം നിര്‍വഹിച്ചത്. അലിഗഡ് മുസ്‌ലിം സര്‍വകലാശാലയില്‍ ഇക്കണോമിക്‌സ് പ്രൊഫസറായിരുന്നു.
ജിദ്ദയിലെ കിംഗ് അബ്ദുല്‍ അസീസ് യൂണിവേഴ്‌സിറ്റിയില്‍ സാമ്പത്തിശാസ്ത്രം പ്രൊഫസറായി സേവനമനുഷ്ഠിച്ച അദ്ദേഹം യു എസില്‍ കാലിഫോര്‍ണിയ, ലോസ് ഏഞ്ചല്‍സ് സര്‍വകലാശാലകളിലും ജിദ്ദയില്‍ ഇസ്‌ലാമിക് ഡെവലപ്‌മെന്റ് ബാങ്കിന്റെ ഗവേഷണ പരിശീലന വിഭാഗത്തിലും അധ്യാപക ജോലി ചെയ്തു.
ഇംഗ്ലീഷ്, ഉര്‍ദു ഭാഷകളില്‍ നിരവധി ഗ്രന്ഥങ്ങളും നിരവധി ലേഖനങ്ങളും അദ്ദേഹത്തിന്റേതായി പ്രസിദ്ധീകരിച്ചിട്ടുണ്ട്. നിരവധി അക്കാദമിക ജേര്‍ണലുകളില്‍ പത്രാധിപരായും അദ്ദേഹം സേവനം അനുഷ്ഠിച്ചിട്ടുണ്ട്. പലിശരഹിത സാമ്പത്തിക ക്രമത്തെ കുറിച്ചുള്ള ലേഖനങ്ങളും സിദ്ധാന്തങ്ങളും ഗവേഷണ പ്രബന്ധങ്ങളും നിരവധി സര്‍വകാലാശാലകളില്‍ പാഠ്യഭാഗമായിട്ടുണ്ട്. ജമാഅത്തെ ഇസ്‌ലാമി മതേതര ഭാരതത്തില്‍ എന്ന അദ്ദേഹത്തിന്റെ കൃതി മലയാളത്തില്‍ പരിഭാഷപ്പെടുത്തിയിട്ടുണ്ട്.

