
ന്യൂയോര്‍ക്ക്: സംഘര്‍ഷ മേഖലകളിലെ ലൈംഗികാതിക്രമ ഇരകളെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ വിളിച്ചുചേര്‍ത്ത ഐക്യരാഷ്ട്രസഭാ യോഗത്തില്‍ ഇസ്രായേല്‍ പ്രതിനിധിയുടെ പ്രകോപനം. കടുത്ത വാക്കേറ്റവും ബഹളവും നടത്തിയ ഇസ്രായേല്‍ സ്ഥിരം പ്രതിനിധി ഡാനി ഡാനോന്‍ യു എന്‍ ഉദ്യോഗസ്ഥരോട് ‘മിണ്ടാതിരിക്കാനും’ ആവശ്യപ്പെട്ടു.

Hലസ്തീന്‍ കുട്ടികള്‍ക്കെതിരായ അതിക്രമങ്ങളില്‍ ഇസ്രായേല്‍ കുടിയേറ്റക്കാര്‍ക്ക് വലിയ പങ്കുണ്ടെന്നാണ് യു എന്‍ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നത്. ഇതാണ് ഇസ്രായേല്‍ പ്രതിനിധിയെ ചൊടിപ്പിച്ചത്.

സംഘര്‍ഷ സാഹചര്യങ്ങളിലെ ലൈംഗികാതിക്രമ നിര്‍മാര്‍ജന ദിനാചരണത്തിന്റെ ഭാഗമായി ന്യൂയോര്‍ക്കില്‍ നടന്ന പരിപാടിക്കിടെയാണ് സംഭവം. ഐക്യരാഷ്ട്രസഭയിലെ ഇസ്രായേല്‍ സ്ഥിരം പ്രതിനിധി ഡാനി ഡാനോന്‍ സംഘര്‍ഷ മേഖലകളിലെ ലൈംഗികാതിക്രമ വിഷയങ്ങളുടെ യു എന്‍ പ്രത്യേക പ്രതിനിധി പ്രമില പാറ്റനെ രൂക്ഷമായി വിമര്‍ശിക്കുകയും അവര്‍ രാജിവെക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു.
ഇസ്രായേലിനെതിരെ രാഷ്ട്രീയപക്ഷപാതപരമായ സമീപനം സ്വീകരിച്ചുവെന്നും ലൈംഗികാതിക്രമ ആരോപണങ്ങളുമായി ബന്ധപ്പെട്ട കരിമ്പട്ടികയില്‍ ഇസ്രായേലിനെ ഉള്‍പ്പെടുത്തിയ റിപ്പോര്‍ട്ടിന് പിന്നില്‍ യു എന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസിന്റെ ഇസ്രായേല്‍ വിരുദ്ധ നിലപാടാണെന്നും ഡാനോന്‍ ആരോപിച്ചു.
ഡാനോന്റെ പരാമര്‍ശങ്ങള്‍ക്കിടെ കുട്ടികളും സായുധ സംഘര്‍ഷങ്ങളും സംബന്ധിച്ച സെക്രട്ടറി ജനറലിന്റെ പ്രത്യേക പ്രതിനിധി വാനേസ ഫ്രേസിയര്‍ ഇടപെട്ടു. യു എന്‍ ഉദ്യോഗസ്ഥര്‍ക്കെതിരായ വ്യക്തിപരമായ ആക്രമണങ്ങളെ അവര്‍ എതിര്‍ക്കുകയും റിപ്പോര്‍ട്ടുകള്‍ പരിശോധിച്ച് സ്ഥിരീകരിച്ച തെളിവുകളുടെ അടിസ്ഥാനത്തിലാണ് തയ്യാറാക്കിയതെന്ന് വ്യക്തമാക്കുകയും ചെയ്തു.
ഇതോടെ പ്രകോപിതനായ ഡാനോന്‍ യു എന്‍ ഉദ്യോഗസ്ഥര്‍ അംഗരാജ്യങ്ങളോട് ഉത്തരവാദിത്വമുള്ളവരാണെന്ന് ചൂണ്ടിക്കാട്ടി ഫ്രേസിയറോട് ‘നിങ്ങള്‍ ഇപ്പോള്‍ മിണ്ടാതിരിക്കണം. നിങ്ങളുടെ ലജ്ജാകരമായ റിപ്പോര്‍ട്ടുമായി നിങ്ങള്‍ മിണ്ടാതിരിക്കണം’ എന്ന് പറഞ്ഞു. ഇതോടെ യോഗത്തില്‍ കടുത്ത സംഘര്‍ഷാവസ്ഥയുണ്ടായി.
ഗാസയിലെയും വിശാലമായ ഇസ്രായേല്‍- ഫലസ്തീന്‍ സംഘര്‍ഷ മേഖലയിലെയും കുട്ടികളുടെ അവസ്ഥ വിലയിരുത്തുന്ന യു എന്‍ റിപ്പോര്‍ട്ടുകളാണ് വിവാദത്തിന് കാരണം. അധിനിവേശ ഫലസ്തീന്‍ പ്രദേശങ്ങളില്‍ കുട്ടികള്‍ക്കെതിരായ അതിക്രമങ്ങള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ ഇസ്രായേല്‍ കുടിയേറ്റ സംഘങ്ങളെ യു എന്‍ ‘ലിസ്റ്റ് ഓഫ് ഷെയിം’ പട്ടികയില്‍ ഉള്‍പ്പെടുത്തേണ്ട സാഹചര്യമുണ്ടാകാമെന്ന് വാനേസ ഫ്രേസിയര്‍ ഈ ആഴ്ച സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു.
1996 മുതല്‍ നിരീക്ഷണം ആരംഭിച്ചശേഷമുള്ള ഏറ്റവും ഉയര്‍ന്ന കണക്കായ 38,558 ഗുരുതര അതിക്രമങ്ങളാണ് 2025-ല്‍ ലോകമെമ്പാടും കുട്ടികള്‍ക്കെതിരെ രേഖപ്പെടുത്തിയതെന്ന് കുട്ടികളും സായുധ സംഘര്‍ഷങ്ങളും സംബന്ധിച്ച വാര്‍ഷിക റിപ്പോര്‍ട്ടില്‍ പറയുന്നു. 24,000-ത്തിലധികം കുട്ടികളാണ് ഇതിന്റെ ഇരകളായത്.
റിപ്പോര്‍ട്ടനുസരിച്ച്, 9,465 ഗുരുതര ലംഘനങ്ങള്‍ക്ക് ഇസ്രായേല്‍ സേനയും 326 സംഭവങ്ങള്‍ക്ക് ഇസ്രായേല്‍ കുടിയേറ്റക്കാരും ഉത്തരവാദികളാണെന്ന് കണ്ടെത്തിയിട്ടുണ്ട്. ഹമാസിനെയും കുട്ടികള്‍ക്കെതിരായ അതിക്രമങ്ങളില്‍ പങ്കാളികളായ സംഘടനകളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
ഫലസ്തീന്‍ കുട്ടികള്‍ക്കെതിരായ ആക്രമണങ്ങളില്‍ ഉണ്ടായിരിക്കുന്ന ‘അമ്പരപ്പിക്കുന്ന വര്‍ധന’യില്‍ കടുത്ത ആശങ്കയുണ്ടെന്ന് യു എന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസ് നേരത്തേ വ്യക്തമാക്കിയിരുന്നു. സമാന പ്രവണത തുടര്‍ന്നാല്‍ ഇസ്രായേല്‍ കുടിയേറ്റ സംഘങ്ങളെ അടുത്ത വര്‍ഷം ഔദ്യോഗികമായി കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കിയിരുന്നു.
റിപ്പോര്‍ട്ടുകളെ ഇസ്രായേല്‍ തള്ളിക്കളഞ്ഞു. യു എന്‍ സ്ഥാപനതലത്തില്‍ തന്നെ പക്ഷപാതപരമായ സമീപനം സ്വീകരിക്കുകയാണെന്ന് ആരോപിച്ച ഇസ്രായേല്‍, ഗുട്ടെറസിന്റെ കാലാവധി അവസാനിക്കുന്നതുവരെ അദ്ദേഹത്തിന്റെ ഓഫീസുമായുള്ള സഹകരണം വെട്ടിക്കുറയ്ക്കുമെന്നും അറിയിച്ചിട്ടുണ്ട്.

