Connect with us

Special

ഇന്ന് ജൂലയ് 30; ഭാഷ സമരം നടന്നിട്ട് 44 വര്‍ഷം

Published

on


1980ലെ ഇടതുപക്ഷ സര്‍ക്കാര്‍ അറബി ഉള്‍പ്പെടെയുള്ള ഭാഷകള്‍ക്കെതിരെ വിദ്യാഭ്യാസ പരിഷ്‌കരണത്തിന്റെ മറവില്‍ മൂന്ന് നിബന്ധനകള്‍ ഏര്‍പ്പെടുത്തി. അക്വമഡേഷന്‍, ഡിക്ലറേഷന്‍, ക്വാളിഫിക്കേഷന്‍ ഇതായിരുന്നു ആ നിബന്ധനകള്‍.
ബേബി ജോണ്‍ ആയിരുന്നു അന്ന് വിദ്യാഭ്യാസ മന്ത്രി.
അറബി ഉള്‍പ്പെടെയുള്ള ഭാഷകള്‍ക്ക് തികച്ചും പ്രതികൂലമായിരുന്നു ആ നിബന്ധനകള്‍. അറബി ഭാഷാ പഠനത്തെ ബാധിക്കുന്ന ഈ നിബന്ധനകള്‍ക്കെതിരെ അറബി അധ്യാപക സംഘടനകള്‍ നിവേദനങ്ങളിലൂടെയും ചര്‍ച്ചകളിലൂടെയും അധികാരികളെ വിഷയം ധരിപ്പിച്ചു. പക്ഷെ ആ ശ്രമങ്ങള്‍ ഫലം കണ്ടില്ല.

സര്‍ക്കാര്‍ തീരുമാനത്തില്‍ ഉറച്ച് നിന്നു. കാര്യങ്ങളുടെ ഗൗരവം മനസ്സിലാക്കിയ അറബി അധ്യാപക സംഘടനകളായ കെ എ എം എയും കെ എ ടി എഫും ഭിന്നതകള്‍ക്ക് അവധി നല്‍കിക്കൊണ്ട് പ്രത്യക്ഷ സമരപരിപാടികള്‍ സംയുക്തമായി സംഘടിപ്പിക്കാന്‍ തീരുമാനിച്ചു.

ആദ്യമായി കോഴിക്കോട് ഇംപീരിയല്‍ ഹോട്ടലില്‍ സംയുക്ത യോഗം ചേരുന്നു. രണ്ട് സംഘടനകളുടെയും നേതാക്കള്‍ പങ്കെടുക്കുന്നു. 1980 ജൂലായ് 4ന് സെക്രട്ടേറിയറ്റ് ധര്‍ണ്ണയും പ്രതിഷേധ ജാഥ സംഘടിപ്പിക്കാനും തീരുമാനിക്കുന്നു. അടുത്ത മീറ്റിംഗ് തിരുവനന്തപുരത്ത് തമ്പാനൂരിലെ വുഡ്‌ലാന്റ് ലോഡ്ജിലും കൂടാന്‍ തീരുമാനിച്ചു.

ജൂലായ് 4ന് കേരളത്തിലെ അറബി അധ്യാപകര്‍ സെക്രട്ടേറിയറ്റ് സമരത്തില്‍ പങ്കെടുക്കാന്‍ ഒഴുകിയെത്തി. രണ്ട് സംഘടനകളും ഒരുമിച്ച് ഒരേ ബസ്സില്‍ യാത്ര പോയത് അതില്‍ പങ്കെടുത്ത ജീവിച്ചിരിക്കുന്ന അധ്യാപകര്‍ ഇന്നും പറയുന്നത് കേള്‍ക്കാം

സി എച്ച് ഉദ്ഘാടനം ചെയ്തു. സി എച്ചിനെ ക്ഷണിച്ചത് ജൂലൈ നാലിന്റെ ഭാഷാസമര സമിതി കണ്‍വീനര്‍ ആയിരുന്ന കെ എ എം എ ജനറല്‍ സെക്രട്ടറി എം എ സമദ് സാര്‍ ആയിരുന്നു.

ഉദ്ഘാടന പ്രസംഗത്തില്‍ സി എച്ചിന്റെ പ്രഖ്യാപനം വന്നു. ‘നിങ്ങള്‍ അധ്യാപകര്‍ തെരുവില്‍ സമരം ചെയ്യേണ്ടവരല്ല സദാചാരവും ധാര്‍മികതയും പഠിപ്പിക്കാന്‍ നിയോഗിക്കപ്പെട്ടവരാണ്. ഭാവി തലമുറയെ നന്മയിലേക്ക് നയിക്കാന്‍ പ്രാപ്തരാക്കുന്ന മഹത്തായ ജോലി നിര്‍വ്വഹിക്കാന്‍ നിങ്ങള്‍ സ്‌കൂളുകളിലേക്ക് തിരിച്ച് പോകുക ഈ സമരം സമുദായം ഏറ്റെടുത്തിരിക്കുന്നു.’

സി എച്ചിന്റെ പ്രഖ്യാപനം ഏറ്റടുത്ത് അധ്യാപകര്‍ സ്‌കൂളുകളിലേക്ക് തിരിക്കുന്നു. സമരം മുസ്ലിം യൂത്ത് ലീഗ് ഏറ്റെടുക്കുന്നു. അന്നത്തെ യൂത്ത് ലീഗ് പ്രസിഡന്റ് പി കെ കെ ബാവയും ജനറല്‍ സെക്രട്ടറി കെ പി എ മജീദ് സാഹിബും.

1980 ജൂലായ് 30ന് കേരളത്തിലെ എല്ലാ കലക്ട്രേറ്റുകളിലും ധര്‍ണ്ണ നടത്താന്‍ തീരുമാനിച്ചു. മലപ്പുറം ജില്ലയിലും സമാധാനപരമായി നടന്ന സമര പരിപാടിയിലേക്ക് പൊലിസ് വെടിയുതിര്‍ത്തു. മൂന്ന് ചെറുപ്പക്കാര്‍ക്ക് ജീവന്‍ പൊലിയേണ്ടിവന്നു.

ഈ വാര്‍ത്ത കേട്ട് കേരളം ശ്വാസമടക്കി നിന്നു. വീണ്ടും സി എച്ചിന്റെ പ്രഖ്യാപനം ‘സര്‍ക്കാര്‍ ഇതില്‍ നിന്നും പിന്‍മാറുന്നത് വരെ സമരം തുടരും. ഒരു ലക്ഷം പേരുമായി സെക്രട്ടേറിയറ്റ് വളയും. അങ്ങനെ മുഖ്യമന്ത്രി ഇ കെ നായനാര്‍ക്ക് വീണ്ടുവിചാരമുണ്ടായി വിദ്യാഭ്യാസ മന്ത്രി ബേബി ജോണ്‍ സി എച്ചിനെ വിളിക്കുന്നു. ഭാഷാ ദ്രോഹ നടപടികള്‍ പിന്‍വലിക്കുകയാണ് എന്ന് അറിയിക്കുന്നു.

അക്കമഡേഷനും ഡിക്ലറേഷനും കൂടാതെ തന്നെ ഏത് വിദ്യാര്‍ഥിക്കും ഭാഷ പഠിക്കാന്‍ പറ്റും നിലവിലുള്ള അധ്യാപകരെ ഒഴിവാക്കിക്കൊണ്ട് ക്വാളിഫിക്കേഷന്‍ ഉയര്‍ത്താനും തീരുമാനിച്ചു.

ഇതാണ് ഭാഷാ സമര ചരിത്രം. ഇതിന് വിരുദ്ധമായതും വസ്തുതകള്‍ക്ക് നിരക്കാത്തതുമായ പല കാര്യങ്ങളും പലരും പുറത്ത് വിടുന്നുണ്ട്
ചരിത്രത്തെ മാറ്റിമറിക്കുന്നത് ഫാസിസ്റ്റ് രീതിയാണ്. ആ രീതി നമ്മുടെ കൂട്ടത്തിലുള്ളവരും ചെയ്യുന്നു എന്നതില്‍ ഖേദമുണ്ട്. ആര് മൂടി വെക്കാനും കുഴിച്ച് മൂടാനും ശ്രമിച്ചാലും സത്യം സത്യമായി നില്‍ക്കും. ചരിത്രം സാക്ഷിയാണ്. സമരത്തിന് നേതൃത്വം കൊടുത്ത എം എ സമദ് സാര്‍ ഉള്‍പ്പെടെ നിരവിധി പേര്‍ ജീവിച്ചിരിപ്പുണ്ട്.


error: Content is protected !!