

കോഴിക്കോട്: ജഡ്ജിമാര്‍ പുരോഹിതന്മാരുടെ ഭാഷയില്‍ സംസാരിക്കുകയും ഭരണകൂടത്തിന്റെ മുന്നില്‍ മുട്ടിലിഴയുകയും ചെയ്യുന്ന അവസ്ഥയാണ് വര്‍ത്തമാനകാല ഭാരതത്തിലേതെന്ന് പ്രമുഖ പ്രഭാഷകന്‍ ഡോ. രാജാ ഹരിപ്രസാദ്. കല സംഘടിപ്പിച്ച മുന്‍ മേയര്‍ പി സി കുട്ടികൃഷ്ണന്‍ നായര്‍ അനുസ്മരണ സമ്മേളനത്തില്‍ നിശ്ശബ്ദമാക്കപ്പെടുന്ന ജനാധിപത്യം എന്ന വിഷയത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

ഇതാണ് ദിവസങ്ങള്‍ക്ക് മുന്‍പ് തിരുവനന്തപുരത്ത് വന്ന ഇന്ദു മല്‍ഹോത്ര എന്ന മുന്‍ ജഡ്ജി വന്ന് പറഞ്ഞ കാര്യങ്ങള്‍ തെളിയിക്കുന്നത്. ജുഡീഷ്യറിയടക്കം ജനാധിപത്യത്തിന്റെ എല്ലാ തൂണുകളും ഫാഷിസ്റ്റുകള്‍ കൈയ്യടക്കിയ അവസ്ഥയാണിന്ന്. കൃത്യമായി ഒരു നാസി, ഫാഷിസ്റ്റ് ഭരണകൂടത്തിന്റെ രീതിയിലേക്ക് ഇന്ത്യ മാറിക്കൊണ്ടിരിക്കുകയാണ്. നിയമ നിര്‍മാണം ജൂഡീഷ്യറിയുടെ കര്‍ത്തവ്യമല്ല. പക്ഷേ ഇന്ന് ആ രീതിയിലേക്കെല്ലാം ജുഡീഷ്യറി മാറുന്നുവെന്നതാണ് ഗ്യാന്‍ വ്യാപി മസ്ജിദുമായി ബന്ധപ്പെട്ട വിധിയിലൂടെയെല്ലാം തെളിയുന്നത്.

തീവ്രമായ അപര വിദ്വേഷം ആളിക്കത്തിച്ച് പരസ്പരം ആളുകളെ അകറ്റുകയെന്ന സയണിസ്റ്റ് രീതിയാണ് ഇന്ന് ഭരണകൂടം തെരഞ്ഞെടുത്തിരിക്കുന്നത്. പട്ടാള ഭരണമില്ലെന്ന് നാം പറയുമ്പോഴും അദൃശ്യമായ സവര്‍ണ ഹിന്ദു ഫാഷിസ്റ്റ് ഭരണമെന്നത് ഒരു യാഥാര്‍ഥ്യമാണ്. ഒരു വശത്ത് ഉന്മാദ ദേശീയതയുടെ ആളിക്കത്തിക്കല്‍ നടത്തുകയും മറുവശത്ത് മരവിപ്പ് ബാധിച്ച മനുഷ്യരാക്കി നമ്മെ മാറ്റുകയെന്ന അജണ്ട സമര്‍ഥമായി ഭരണകൂടം നടപ്പിലാക്കുകയാണെന്നതാണ് നാം തിരിച്ചറിയേണ്ടത്. ഭരണകൂടത്തിന്റെ അജണ്ടകളെ സമര്‍ഥമായി
നമ്മുടെ അജണ്ടകളാക്കി മാറ്റുകയാണവര്‍ ചെയ്യുന്നത്.
വരും കാലത്ത് മതേതരത്വം, ജനാധിപത്യം എന്നീ വാക്കുകള്‍ കൂടി നിരോധിക്കുകയും സ്വപ്നങ്ങള്‍ക്ക് 18 ശതമാനം ജി എസ് ടി ചുമത്തി അതിനെ ജനങ്ങളില്‍ നിന്നകറ്റുവാന്‍ പോകുകയോ ചെയ്യുകയായിരിക്കും കേന്ദ്രഗവണ്‍മെന്റ് ചെയ്യുവാന്‍ പോകുന്നതെന്നും ഹരിപ്രസാദ് പറഞ്ഞു.
ചടങ്ങില്‍ തോട്ടത്തില്‍ രവീന്ദ്രന്‍ എം എല്‍ എ അധ്യക്ഷത വഹിച്ചു. ടി പി ദാസന്‍ അനുസ്മരണ പ്രഭാഷണം നടത്തി.
അഡ്വ. കെ പി ആശോക് കുമാര്‍, പി വി ഗംഗാധരന്‍, കെ പി രമേശ് എന്നിവവര്‍ സംസാരിച്ചു.

