

കോഴിക്കോട്: കെ റെയില്‍ പദ്ധതി കേരളത്തിന്റെ സാമ്പത്തിക ഭദ്രതയെ തകിടം മറിക്കുമെന്ന് സുപ്രിം കോടതി അഭിഭാഷകനും ദേശീയ മനുഷ്യാവകാശ പ്രവര്‍ത്തകനുമായ പ്രശാന്ത് ഭൂഷണ്‍ അഭിപ്രായപ്പെട്ടു. മെട്രോമാന്‍ എം ശ്രീധരനും റെയില്‍വേ ചീഫ് എഞ്ചിനീയറായി വിരമിച്ച അലോക് വര്‍മ്മയും കേരളത്തിന് ഒട്ടും യോജിച്ചതല്ലെന്ന് അഭിപ്രായപ്പെട്ട സില്‍വര്‍ ലൈന്‍ പദ്ധതിയുമായാണ് സര്‍ക്കാര്‍ മുന്നോട്ട് പോവുന്നതെന്നും ഈ പദ്ധതി മറ്റൊരു വെള്ളാനയെ സൃഷ്ടിക്കാന്‍ മാത്രമുള്ള പദ്ധതിയാണെന്നും അദ്ദേഹം പറഞ്ഞു.

കെ റെയില്‍ സില്‍വര്‍ ലൈന്‍ പദ്ധതിക്കെതിരെ കെ റെയില്‍ ജനകീയ പ്രതിരോധ സമിതി വെങ്ങളം കമ്മറ്റിയുടെ നേതൃത്വത്തില്‍ കാട്ടില്‍പീടികയില്‍ ആരംഭിച്ച അനിശ്ചിതകാല സത്യാഗ്രഹത്തിന്റെ 374-ാം ദിവസം ഉദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. നിര്‍ദ്ദിഷ്ട കെ റെയില്‍ സില്‍വര്‍ ലൈന്‍ പദ്ധതി പൂര്‍ണ്ണമായും പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് കെ റെയില്‍ ജനകീയ പ്രതിരോധ സമിതി വെങ്ങളം സമിതി 2020 ഒക്ടോബര്‍ 2 മുതല്‍ കാട്ടിലപീടികയില്‍ നടത്തിവരുന്ന സത്യാഗ്രഹസമരമാണ് ഒരു വര്‍ഷം പിന്നിട്ടത്.

കെ റെയില്‍ ജനകീയ പ്രതിരോധ സമിതി ചെയര്‍മാന്‍ ടി ടി ഇസ്മയില്‍ അധ്യക്ഷം വഹിച്ചു. സ്വാരാജ് പാര്‍ട്ടി സംസ്ഥാന പ്രസിഡണ്ട് ഗ്രേവിയസ് അലക്‌സാണ്ടര്‍, വിശ്വംഭരന്‍, തോമസ് കോട്ടൂരാന്‍, പ്രൊഫ. വേണു, വിജയരാഘവന്‍ ചേലിയ തുടങ്ങിയവര്‍ സംസാരിച്ചു.
കെ റെയില്‍ ജനകീയ പ്രതിരോധ സമിതി ജനറല്‍ കണ്‍വീനര്‍ കെ മൂസക്കോയ സ്വാഗതവും കോഡിനേറ്റര്‍ സുനീഷ് കീഴാരി നന്ദിയും പറഞ്ഞു.

