കലാംക്ക; അധികാര രാഷ്ട്രീയത്തിന്നതീതനായ ആദര്‍ശ ധീരനായ നേതാവ്

Web Desk
3 Min Read

ദോഹയിലെ പ്രവാസി സമൂഹത്തിനു മാത്രമല്ല ഗള്‍ഫു നാടുകളിലെ മുഴുവന്‍ പ്രവാസികളെയും നാട്ടുകാരെയും ദുഃഖത്തിലാഴ്ത്തിക്കൊണ്ടാണ് കലാംക്ക (ഹാജി ആര്‍ ഒ അബ്ദുല്‍ കലാം സാഹിബ്) ഈ ലോകത്തോട് വിട പറഞ്ഞത്.

city exchange

കുറച്ചു നാളുകളായി ഊരോത്തുള്ള വീട്ടില്‍ ചികിത്സയും വിശ്രമ ജീവിതവുമായി കഴിയുകയായിരുന്നു. ഖത്തര്‍ കെ എം സി സിയുടെ പ്രവര്‍ത്തകര്‍ വിളിക്കുമ്പോഴൊക്കെ പ്രാര്‍ഥിക്കാന്‍ പറയുമായിരുന്നു അദ്ദേഹം. അടുത്ത സുഹൃത്തും സഹപ്രവര്‍ത്തകനുമായ .സയ്യിദ് എസ് കെ ഹാഷിം തങ്ങള്‍ നേരിട്ടു വീട് സന്ദര്‍ശിച്ചു എല്ലാവര്‍ക്കും വിവരങ്ങള്‍ കൈമാറിയിരുന്നത് ഒരാശ്വാസമായിരുന്നു ഞങ്ങള്‍ക്കൊക്കെ. എന്നാല്‍ ഇന്നു പുലര്‍ച്ചെ കലാംക്കയുടെ ദേഹവിയോഗ വാര്‍ത്ത തികച്ചും ആകസ്മികമായിരുന്നു. അനുജന്‍ ആര്‍ ഒ ബഷീറിന്റെ വാട്ട്‌സ് ആപ്പിലൂടെയായിരുന്നു വിവരം അറിഞ്ഞത്.

സാമൂഹ്യ- സാംസ്‌കാരിക- വിദ്യാഭ്യാസ- മത- രാഷ്ടീയ രംഗത്ത് അര നൂറ്റാണ്ടിലധികം ദോഹയില്‍ നിസ്വാര്‍ഥ സേവനം അനുഷ്ഠിച്ചു ഇപ്പോള്‍ നാട്ടില്‍ പ്രവര്‍ത്തനം തുടരുന്ന അദ്ദേഹം സംഘടനാ രംഗത്ത് മാതൃകാ പുരുഷനായിരുന്നുവെന്നുവെന്നു നിസ്സംശയം പറയാം. ഈ എളിയവന്‍ ദോഹയില്‍ എത്തുന്നതിന്നു മുന്‍പ് വെല്‍ഫെയര്‍ അസോസിയേഷനിലായിരുന്നു പ്രവര്‍ത്തിച്ചത്. 1976 മുതല്‍ 1986 വരെ പത്ത് വര്‍ഷം സ്ഥിരമായി ഖത്തര്‍ ചന്ദ്രിക റീഡേര്‍സ് ഫോറം ജനറല്‍ സെക്രട്ടറിയായി. പിന്നീട് ഇരു ലീഗും ലയിച്ചപ്പോള്‍ ഖത്തര്‍ കേരള മുസ്‌ലിം കള്‍ച്ചറല്‍ സെന്റര്‍ ജനറല്‍ സെക്രട്ടറിയായി ഖത്തര്‍ വിടുന്നതുവരെ തുടര്‍ന്നു.

- Advertisement -
Ad image

മികച്ച സംഘാടകനും വാഗ്മിയും വഴികാട്ടിയുമായിരുന്നു. ഏതു പ്രതിസന്ധി ഘട്ടവും തരണം ചെയ്യാന്‍ കെല്‍പ്പുള്ള വുക്തിത്വം. വാസ്തവത്തില്‍ എതിരാളികളുടെ പേടിസ്വപ്നവും കൂടിയായിരുന്നു കലാംക്ക. ചന്ദ്രിക പ്രചരണത്തിന് അഹോരാത്രം പ്രവര്‍ത്തിക്കുന്നതോടെ മുസ്‌ലിം ലീഗ് പ്രസ്ഥാനത്തെ ജനകീയമാക്കുന്നതിലും ചന്ദ്രിക പ്രചണ രംഗത്തും മുന്‍നിര പോരാളി കൂടിയായിരുന്നു. സഹപ്രവര്‍ത്തകരുടെ പ്രയാസങ്ങള്‍ മനസ്സിലാക്കി ഏതു സങ്കീര്‍ണ്ണ പ്രശ്‌നങ്ങളും പരിഹരിക്കുന്നതില്‍ അതി സാമര്‍ഥ്യവും കെല്‍പ്പും കൈമുതലായായുള്ള ഒരുജ്ജ്വല വ്യക്തിത്വത്തിന്റെ ഉടമ.

കേരളത്തിലെ മുസ്‌ലിം ലീഗ് ഉള്‍പ്പെടെ എല്ലാ രാഷ്ട്രീയ- മത നേതാക്കള്‍ക്കും പ്രിയങ്കരനായിരുന്നു. കലാംക്കയെ അറിയാത്തവര്‍ ആരും തന്നെയില്ലയെന്നു പറഞ്ഞാല്‍ അത് ആലങ്കാരികമോ അതിശയോക്തിയോ അല്ല. വല്ല കാരണവശാലും അസൗകര്യം നേരിട്ടാല്‍ സഹോദരന്മാരായ ബഷീറിനെയൊ അബ്ദുല്‍ ഖാദറിനെയൊ സഹോദരീ പുത്രനായ സുല്‍ഫിക്കറിനെയൊ വാഹനം നല്‍കിക്കൊണ്ട് ചന്ദ്രിക പ്രചരണത്തിന്നും വീടുവീടാന്തരം എത്തിക്കുന്നതിന്നും വിട്ടുതരും. കേരള ഇസ്‌ലാമിക് സെന്ററിലും സജീവമായിരുന്നു. ആത്മാര്‍ഥ നിറഞ്ഞ കലാംക്കയുടെ പ്രവര്‍ത്തനം തികച്ചും സര്‍വ്വ ശക്തനായ ലോകസൃഷ്ടാവിന്റെ പ്രീതി കാംക്ഷിച്ചു കൊണ്ട് മാത്രം ആയിരുന്നു. പദവിയോ സമ്പത്തോ മോഹിക്കാത്ത ഒരു നിഷ്‌കാമ കര്‍മ്മിയാണ് കലാം സാഹിബ്.

1970-കളില്‍ രൂപം കൊണ്ട് ഇപ്പോള്‍ വളര്‍ന്നു പന്തലിച്ച എം ഇ എസ് പ്രസ്ഥാനത്തെ അവഗണിച്ചു കൊണ്ട് മുസ്‌ലിം ലീഗില്‍ അടിയുറച്ചു നിന്നു കൊണ്ട് പ്രവര്‍ത്തിച്ചു.

പി കെ അബ്ദുല്ല, എസ് എ എം ബഷീര്‍, പാറക്കല്‍ അബ്ദുല്ല, പി എസ് എച്ച് തങ്ങള്‍, എം പി മുഹമ്മദ് ശാഫി ഹാജി, മുഹമ്മദ് സാലിഹ് ബേക്കല്‍, ടി വി അബ്ദുല്‍ ഖാദര്‍ ഹാജി, സൈനുല്‍ ആബിദ്, പി എസ് മുഹമ്മദ് കുട്ടി, സി ജെ എസ് തങ്ങള്‍ (മമ്പാട്), അഹ്മദ് പാതിരിപ്പറ്റ, മഹമൂദ് മാട്ടൂല്‍, മുസ്തഫ അഴിയൂര്‍, മുസ്തഫ മുക്കേരി, വരയാലില്‍ മൊയ്തു, മുഹമ്മദ് കോയ, ബാവ ഹാജി, അവറാന്‍ കുട്ടി, അബ്ദുന്നാസര്‍ നാച്ചി, സി വി ഖാലിദ്, എ പി അബ്ദുറഹിമാന്‍ അബൂബക്കര്‍ അല്‍ ഖാസിമി, വഹാബ്, കെ വി അബ്ദുല്ലക്കുട്ടി, ഇബ്രാഹിം മൗവ്വഞ്ചേരി, പുളിയുള്ളതില്‍ അമ്മത് മാസ്റ്റര്‍ തൂണേരി, ഇ കുഞ്ഞബ്ദുല്ല മാസ്റ്റര്‍ പരേതതരായ ഹാഷിം ബക്കര്‍, അശ്‌റഫുദ്ദീന്‍ മാസ്റ്റര്‍, പി എ മുബാറക് തുടങ്ങി നിരവധി നേതാക്കളോടോപ്പം പ്രവര്‍ത്തിച്ചു.

Share This Article
Leave a Comment
error: Content is protected !!