

ദോഹ: പ്രവാസി പദവി ശരിയാക്കുന്നതിനുള്ള ഗ്രേസ് പിരീഡ് പ്രഖ്യാപിച്ചതിന് ശേഷം പതിനാലായിരത്തിലധികം പേര്‍ ഇത് പ്രയോജനപ്പെടുത്തിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. 2021 ഒക്ടോബര്‍ 10നാണ് പ്രവാസികളുടെ പദവി ശരിയാക്കുന്നതിനുള്ള ഗ്രേസ് പിരീഡ് പ്രഖ്യാപിച്ചത്.

തൊഴിലാളികളില്‍ നിന്ന് ഇതുവരെയായി ആഭ്യന്തര മന്ത്രാലയത്തിന് 28476 അപേക്ഷകളാണ് ലഭിച്ചത്. അതില്‍ 8227 പേര്‍ സ്വന്തം രാജ്യങ്ങളിലേക്ക് മടങ്ങുകയും ആറായിരത്തോളം പേര്‍ പേപ്പറുകള്‍ ക്രമീകരിച്ച് പദവി നിയമവിധേയമാക്കുകയും ചെയ്തു. ബാക്കിയുള്ളവയുടെ അവലോകനം പുരോഗമിക്കുകയാണ്.

കൂടുതല്‍ പേര്‍ക്ക് പ്രയോജനം ലഭിക്കുന്നതിന് ഗ്രേസ് പിരീഡ് 2022 മാര്‍ച്ച് 31 വരെ നീട്ടിയിരുന്നു. കമ്പനി ഉടമകളുടേയും പ്രവാസി തൊഴിലാളികളുടെയും ലംഘനങ്ങളുടെ തീര്‍പ്പാക്കല്‍ തുകയില്‍ 50 ശതമാനം കുറവും വരുത്തിയിട്ടുണ്ട്.
ഗ്രേസ് പിരീഡിന്റെ ഗുണഭോക്താക്കള്‍ക്ക് ഖത്തറിലായിരിക്കുമ്പോള്‍ അവരുടെ നിയമപരമായ നില ശരിയാക്കാനും അതിന് സാധിക്കുന്നില്ലെങ്കില്‍ രാജ്യം വിടാനുള്ള എല്ലാ സൗകര്യങ്ങളും ഒരുക്കുമെന്നും മന്ത്രാലയം അറിയിച്ചു.

