

ന്യൂഡല്‍ഹി: ഇന്ത്യയിലും പാകിസ്താനും അഫ്ഗാനിസ്ഥാനിലും ഉള്‍പ്പെടെ നിരവധി രാജ്യങ്ങളില്‍ ഭൂകമ്പം. റിക്ടര്‍ സ്‌കെയിലില്‍ 6.5 രേഖപ്പെടുത്തിയ ഭൂകമ്പത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ അറിവായിട്ടില്ല.

അഫ്ഗാനിസ്ഥാനിലാണ് ഭൂകമ്പത്തിന്റെ പ്രഭവ കേന്ദ്രം. അഫ്ഗാനിസ്ഥാനിലെ കലഫ്ഗാനില്‍ നിന്ന് 90 കിലോമീറ്റര്‍ അകലെയാണ് കേന്ദ്രമെന്നാണ് കരുതുന്നത്. അഫ്ഗാനിസ്ഥാന്‍, ഇന്ത്യ, പാകിസ്താന്‍ എന്നീ രാജ്യങ്ങള്‍ക്ക് പുറമേ തുര്‍ക്‌മെനിസ്താന്‍, കസാഖിസ്ഥാന്‍, താജികിസ്ഥാന്‍, ചൈന, കിര്‍ഗിസ്ഥാന്‍ എന്നിവിടങ്ങളിലും ചലനം അനുഭവപ്പെട്ടു. ഇന്ത്യന്‍ സമയം രാത്രി 10.25ഓടെയാണ് ഭൂകമ്പം അനുഭവപ്പെട്ടത്.

ഇന്ത്യയില്‍ ഡല്‍ഹി, ഉത്തര്‍പ്രദേശ്, ഹിമാചല്‍ പ്രദേശ്, ജമ്മു കശ്മീര്‍, പഞ്ചാബ് സംസ്ഥാനങ്ങളിലാണ് ഭൂചലനം അനുഭവപ്പെട്ടത്. മുപ്പത് സെക്കന്റോളമാണ് പ്രകമ്പനമുണ്ടായതെന്ന് അനുഭവസ്ഥരെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. നിരവധി പേര്‍ വീടുകളില്‍ നിന്നും താമസ കേന്ദ്രങ്ങളില്‍ നിന്നും ഇറങ്ങി ഓടിയതായും റിപ്പോര്‍ട്ടുകള്‍ പറയുന്നു.
ഉത്തര്‍പ്രദേശിലെ ഗാസിയാബാദ്, വസുന്ധര എന്നിവിടങ്ങളില്‍ ശക്തമായ ഭൂചലനമാണ് അനുഭവപ്പെട്ടത്. പാകിസ്താനില്‍ ആളുകള്‍ വീടുകളില്‍ നിന്നും ഇറങ്ങിയോടി. റാവല്‍പിണ്ടിയില്‍ ജനങ്ങള്‍ ഭയന്നു വിറച്ച് റോഡുകളില്‍ കഴിയുകയാണെന്ന് ഖുര്‍ആന്‍ പാരായണം ചെയ്യുകയാണെന്നും വാര്‍ത്താ ഏജന്‍സിയായ എ എഫ് പി റിപ്പോര്‍ട്ട് ചെയ്തു. റാവല്‍പിണ്ടിക്കു പുറമേ ഇസ്‌ലാമാബാദ്, ലാഹോര്‍ തുടങ്ങി നിരവധി നഗരങ്ങളിലും ഭൂകമ്പം അനുഭവപ്പെട്ടു.
ഭൂമിക്കടിയില്‍ 156 കിലോമീറ്റര്‍ ആഴത്തിലാണ് ഭൂകമ്പത്തിന്റെ പ്രഭവ കേന്ദ്രമെന്ന് ഇന്ത്യന്‍ ദേശീയ സിസ്‌മോളജി സെന്റര്‍ അറിയിച്ചു.
ന്യൂഡല്‍ഹിയുടെ പ്രാന്തപ്രദേശങ്ങളായ നോയിഡ, ഗാസിയാബാദ്, ഗുരുഗ്രാം തുടങ്ങിയ പ്രദേശങ്ങളിലെല്ലാം ജനങ്ങള്‍ അപാര്‍ട്ട്‌മെന്റുകളില്‍ നിന്നും തെരുവിലേക്ക് ഓടിയിറങ്ങി. തുടര്‍ ചലനങ്ങള്‍ ഭയന്ന് പലരും റോഡില്‍ തന്നെയാണുള്ളത്.

