റമദാനെ വരവേല്‍ക്കാനൊരുങ്ങി രണ്ടായിരത്തിലേറെ മസ്ജിദുകള്‍

Web Desk
3 Min Read

ദോഹ: വിശുദ്ധ റമദാന്‍ മാസത്തില്‍ വിശ്വാസികളെ സ്വീകരിക്കാന്‍ ഖത്തറിലുടനീളം രണ്ടായിരത്തിലധികം പള്ളികള്‍ ഔഖാഫ് ഇസ്ലാമികകാര്യ മന്ത്രാലയം തയ്യാറാക്കി. കൂടാതെ, രാജ്യത്തുടനീളമുള്ള 120ഓളം പള്ളികളില്‍ സ്ത്രീകള്‍ക്കായി പ്രത്യേക ക്രമീകരണങ്ങളും ഏര്‍പ്പെടുത്തിയിട്ടുണ്ട്.

city exchange

നോമ്പുകാര്‍ക്ക് ഇഫ്താര്‍ ഭക്ഷണവും ആവശ്യക്കാര്‍ക്ക് ഭക്ഷ്യക്കൊട്ട, മതപ്രഭാഷണങ്ങള്‍, എല്ലാ പ്രായക്കാര്‍ക്കും സാംസ്‌കാരികവും വിദ്യാഭ്യാസപരവുമായ മത്സരങ്ങള്‍ എന്നിവ ഉള്‍പ്പെടെ ആയിരക്കണക്കിന് മതപരമായ പ്രവര്‍ത്തനങ്ങള്‍ക്കാണ് മന്ത്രാലയം ഒരുക്കങ്ങള്‍ നടത്തിയത്.

കഴിഞ്ഞ ദിവസം ഇമാം മുഹമ്മദ് ഇബ്നു അബ്ദുല്‍ വഹാബ് മസ്ജിദില്‍ മന്ത്രാലയം സംഘടിപ്പിച്ച പത്രസമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്.

- Advertisement -
Ad image

രാജ്യത്തുടനീളം പ്രവര്‍ത്തിക്കുന്ന 2,150 പള്ളികളും റമദാനില്‍ വിശ്വാസികളെ സ്വീകരിക്കാന്‍ സജ്ജമാണെന്ന് ഔഖാഫ്, ഇസ്ലാമിക് അഫയേഴ്സ് മന്ത്രാലയത്തിലെ റിലീജിയസ് കോള്‍സ് ആന്റ് മോസ്‌ക് അസിസ്റ്റന്റ് അണ്ടര്‍സെക്രട്ടറി മുഹമ്മദ് ഹമദ് അല്‍ കുവാരി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

120ഓളം മസ്ജിദുകളില്‍ സ്ത്രീകളുടെ പ്രാര്‍ഥനാ സ്ഥലങ്ങള്‍ ഒരുക്കിയിട്ടുണ്ട്. രാജ്യത്തുടനീളമുള്ള നിരവധി പള്ളികളില്‍ സ്ത്രീകള്‍ക്കായി കൂടുതല്‍ പ്രത്യേക മേഖലകള്‍ ക്രമീകരിച്ചിട്ടുണ്ടെന്നും അല്‍ കുവാരി പറഞ്ഞു. ഇഅ്തികാഫിന് ഒരു കൂട്ടം മസ്ജിദുകള്‍ ഉണ്ടായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

വിശുദ്ധ റമദാന്‍ മാസത്തില്‍ പ്രാര്‍ഥനകള്‍ക്ക് നേതൃത്വം നല്‍കാന്‍ ഇമാമുകളും തയ്യാറാണ്.

ഈ വര്‍ഷം മന്ത്രാലയത്തിന്റെ ജനറല്‍ എന്‍ഡോവ്മെന്റ് ഡിപ്പാര്‍ട്ട്മെന്റ് ചാരിറ്റി സംഘടനകളുമായും മനുഷ്യസ്നേഹികളുമായും ഏകോപിപ്പിച്ച് പള്ളികളോട് ചേര്‍ന്ന് ഇഫ്താര്‍ പരിപാടികള്‍ സംഘടിപ്പിക്കാന്‍ അപേക്ഷിച്ചിട്ടുണ്ടെന്ന് അല്‍ കുവാരി പറഞ്ഞു. ചില നിയമങ്ങള്‍ക്കും ചട്ടങ്ങള്‍ക്കും വിധേയമായി അനുമതി നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.

20,000-ത്തിലധികം ആളുകള്‍ക്ക് പ്രയോജനപ്പെടുന്ന ആറ് തരം എന്‍ഡോവ്മെന്റ് ഫണ്ടുകള്‍ക്ക് കീഴില്‍ റമദാനില്‍ വിപുലമായ മതപരമായ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിക്കുമെന്ന് എന്‍ഡോവ്മെന്റ് വകുപ്പ് ഡയറക്ടര്‍ ശൈഖ് ഡോ. ഖാലിദ് ബിന്‍ മുഹമ്മദ് അല്‍താനി പറഞ്ഞു.

അനുഗ്രഹീത മാസത്തില്‍ ദിവസവും 10,000 നോമ്പുകാര്‍ക്ക് ഇഫ്താര്‍ പരിപാടി ഇഫ്താര്‍ ഭക്ഷണം നല്‍കുമെന്ന് അദ്ദേഹം പറഞ്ഞു. ”സലാത്ത് അല്‍ അത്ത പ്രോഗ്രാമിന് കീഴില്‍ നിര്‍ധനരായ കുടുംബങ്ങള്‍ക്കും വ്യക്തികള്‍ക്കും ഭക്ഷണ കൊട്ടകള്‍ വിതരണം ചെയ്യും.

എജ്യുക്കേഷന്‍ എബൗവ് ഓള്‍ ഫൗണ്ടേഷനുമായി സഹകരിച്ച് വകുപ്പ് പുതിയ സ്‌കോളര്‍ഷിപ്പുകളും ആരംഭിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ‘മുതിര്‍ന്നവര്‍ക്കുള്ള കത്താറ ഹോളി ഖുര്‍ആന്‍ മത്സരം, കുട്ടികള്‍ക്കുള്ള തിജാന്‍ അല്‍ നൂര്‍ പ്രോഗ്രാം എന്നിങ്ങനെ നിരവധി പ്രോഗ്രാമുകള്‍ ടി വികള്‍ സംപ്രേക്ഷണം ചെയ്യും.

സകാത്ത് അഫയേഴ്സ് ഡിപ്പാര്‍ട്ട്മെന്റ് സ്മാര്‍ട്ട് ഫോണുകളില്‍ സകാത്ത് കണക്കാക്കുന്നതിനും സകാത്ത് നല്‍കുന്നതുമായി ബന്ധപ്പെട്ട അന്വേഷണങ്ങള്‍ക്കുമായി ഒരു ആപ്പ് പുറത്തിറക്കാന്‍ ഒരുങ്ങുന്നതായി ഡിപ്പാര്‍ട്ട്മെന്റ് ഡയറക്ടര്‍ സാദ് ഇമ്രാന്‍ അല്‍ കുവാരി പറഞ്ഞു.

ആവശ്യക്കാര്‍ക്ക് ആപ്പ് വഴി സഹായത്തിനായി അപേക്ഷിക്കാനും അവരുടെ അപേക്ഷകള്‍ പിന്തുടരാനും കഴിയുമെന്ന് അദ്ദേഹം പറഞ്ഞു.

റമദാനില്‍ അറബി ഇതര ഭാഷ സംസാരിക്കുന്നവര്‍ക്കായി നിരവധി പരിപാടികള്‍ സംഘടിപ്പിക്കുമെന്ന് അബ്ദുല്ല ബിന്‍ സായിദ് അല്‍ മഹ്മൂദ് ഇസ്ലാമിക് കള്‍ച്ചറല്‍ സെന്റര്‍ ഡയറക്ടര്‍ ഡോ. സാലിഹ് അലി അല്‍ അഖുന്‍ പറഞ്ഞു.

മുസ്‌ലിം പ്രവാസി സമൂഹങ്ങള്‍ക്കായുള്ള ബിന്‍ സായിദ് ഫോറം റമദാന്‍ നാലാം തിയ്യതി മുതല്‍ 19 വരെ 15 ദിവസങ്ങളിലായി ആറ് ഭാഷകളില്‍ നടക്കുമെന്ന് അദ്ദേഹം പറഞ്ഞു.

ഉറുദു, മലയാളം, തമിഴ്, ബംഗാളി, മലായ്, ഒറോമോ ഭാഷകള്‍ സംസാരിക്കുന്ന ആയിരക്കണക്കിന് ആളുകള്‍ക്ക് പരിപാടിയുടെ പ്രയോജനം ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി അല്‍ അഖുന്‍ പറഞ്ഞു.

റമദാനില്‍ സാംസ്‌കാരികവും വിദ്യാഭ്യാസപരവുമായ മത്സരങ്ങള്‍ സംഘടിപ്പിക്കുമെന്ന് റിസര്‍ച്ച് ആന്‍ഡ് സ്റ്റഡീസ് വിഭാഗം ശരീഅ ഗവേഷണ വിഭാഗം മേധാവി മഷാരി അലി അല്‍ നംലാന്‍ പറഞ്ഞു.

മത്സരത്തിന് കീഴില്‍ ഇസ്‌ലാമിക ചരിത്രവും സംസ്‌കാരവുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ അനുഗ്രഹീത മാസത്തിലുടനീളം ചോദിക്കുമെന്ന് അദ്ദേഹം പറഞ്ഞു.

”വിജയികളെ റമദാന് ശേഷം പ്രഖ്യാപിക്കും. വിജയികള്‍ക്ക് ക്യാഷ് പ്രൈസ് ലഭിക്കും. ഒന്നാം സ്ഥാനം നേടുന്നയാള്‍ക്ക് മൂവായിരം റിയാലും രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടുന്നവര്‍ക്ക് യഥാക്രമം 2000, 1500 റിയാലും ലഭിക്കും. നാല് മുതല്‍ 10 വരെ സ്ഥലങ്ങളിലെ വിജയികള്‍ക്ക് 500 റിയാല്‍ വീതം ലഭിക്കും.

റമദാനില്‍ റിലീജിയസ് കോള്‍ ആന്‍ഡ് ഗൈഡന്‍സ് വകുപ്പ് ആയിരക്കണക്കിന് മതപരമായ പ്രവര്‍ത്തനങ്ങള്‍ നടത്തും.

റമദാനില്‍ സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കുമായി പ്രത്യേകം 950 മതപ്രഭാഷണങ്ങള്‍ ഡിപ്പാര്‍ട്ട്മെന്റ് നടത്തുമെന്ന് റിലീജിയസ് കോള്‍ ആന്‍ഡ് ഗൈഡന്‍സ് വകുപ്പ് ഡയറക്ടര്‍ മലല്ലാ അബ്ദുറഹ്മാന്‍ അല്‍ ജബര്‍ പറഞ്ഞു.

ലഘുലേഖകള്‍ അടങ്ങിയ 8,000 ബാഗുകള്‍ അനുഗ്രഹീത മാസത്തില്‍ വിതരണം ചെയ്യുമെന്ന് അദ്ദേഹം പറഞ്ഞു. ഡിപ്പാര്‍ട്ട്‌മെന്റ് കുട്ടികള്‍ക്കായി വിശുദ്ധ ഖുര്‍ആനില്‍ രണ്ട് മത്സരങ്ങള്‍ സംഘടിപ്പിക്കും, കൂടാതെ ആശുപത്രികളില്‍ 60 സന്ദര്‍ശനം നടത്തുമെന്നും അല്‍ ജബാര്‍ പറഞ്ഞു.

Share This Article
Leave a Comment
error: Content is protected !!