സംസ്‌കൃതി എക്‌സലന്‍സ് അവാര്‍ഡുകള്‍ സമ്മാനിച്ചു

Web Desk
2 Min Read

ദോഹ: പ്ലസ് ടു പരീക്ഷയില്‍ സയന്‍സ്, കോമേഴ്സ്, ഹ്യൂമാനിറ്റീസ് എന്നീ വിഭാഗങ്ങളില്‍ ഉന്നത വിജയം കരസ്ഥമാക്കിയവര്‍ക്കായി സംസ്‌കൃതിയുടെ പ്രഥമ പ്രസിഡന്റ് അഡ്വ. എ മുഷാബിന്റെ നാമധേയത്തില്‍ ഈ വര്‍ഷം മുതല്‍ ഏര്‍പ്പെടുത്തിയ അഡ്വ. എ മുഷാബ് സ്മാരക വിദ്യാഭാസ പുരസ്‌കാര സമര്‍പ്പണവും എസ് എസ് എല്‍ സി, പ്ലസ് ടു പരീക്ഷകളില്‍ വിജയം നേടിയ സംസ്‌കൃതി അംഗങ്ങളുടെ മക്കള്‍ക്കായി എല്ലാവര്‍ഷവും നല്‍കിവരുന്ന ആദരവും അല്‍ അഷ്ബാല്‍ സ്‌കൂളില്‍ നടന്ന ചടങ്ങില്‍ കേരളത്തിന്റെ മുന്‍ ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. കെ ടി ജലീല്‍ എം എല്‍ എയും ഇന്ത്യന്‍ എംബസി ഫസ്റ്റ് സെക്രട്ടറി ഹരീഷ് പാണ്ഡെയും ചേര്‍ന്ന് നിര്‍വഹിച്ചു.

city exchange

സംസ്‌കൃതി പ്രസിഡന്റ് സാബിത്ത് സഹീര്‍ അധ്യക്ഷത വഹിച്ചു. ഡോ. കെ ടി ജലീല്‍ എം എല്‍ എ പരിപാടിയുടെ ഉദ്ഘാടനം നിര്‍വഹിച്ചു. കേരളത്തിന്റെ ഉന്നത വിദ്യാഭ്യാസ മേഖലയില്‍ കഴിഞ്ഞ കാലത്തെ അപേക്ഷിച്ചു വലിയ മുന്നേറ്റമാണ് ഉണ്ടായിട്ടുള്ളതെന്നും മറ്റു സംസ്ഥാനങ്ങളില്‍ നിന്നും മറ്റു രാജ്യങ്ങളില്‍ നിന്നും കേരളത്തിലേക്ക് വിദ്യാര്‍ഥികള്‍ പഠിക്കാന്‍ വരുന്ന സൗകര്യങ്ങളും സാഹചര്യവും ഉണ്ടാക്കാനുള്ള പരിശ്രമങ്ങളും നടക്കുണ്ടെന്നും ഉദ്്ഘാടന പ്രസംഗത്തില്‍ അദ്ദേഹം പറഞ്ഞു.

ഇന്ത്യന്‍ എംബസി ഫസ്റ്റ് സെക്രട്ടറി ഹരീഷ് പാണ്ഡെ മുഖ്യാതിഥിയായിരുന്നു. നോര്‍ക്ക റൂട്‌സ് ഡയറക്ടര്‍ സി വി റപ്പായി, കേരള പ്രവാസി ക്ഷേമ ബോര്‍ഡ് ഡയറക്ടര്‍ ഇ എം സുധീര്‍, സംസ്‌കൃതി വൈസ് പ്രസിഡന്റ് സുനീതി സുനില്‍, അഡ്വ. എ മുഷാബിന്റെ മകള്‍ മുസ്മിത മുഷാബ് എന്നിവര്‍ സന്നിഹിതരായിരുന്നു.

സയന്‍സ് വിഭാഗത്തില്‍ അനീന മരിയ കുര്യാക്കോസ്, കോമേഴ്സ് വിഭാഗത്തില്‍ മലിഹ മുംതാസ് നജീബ്, ഹ്യുമാനിറ്റീസ് വിഭാഗത്തില്‍ ജിയ മറിയ ജൂഡ് എന്നിവരാണ് പ്രഥമ അഡ്വ. എ മുഷാബ് സ്മാരക വിദ്യാഭാസ പുരസ്‌കാരത്തിന് അര്‍ഹരായത്. മൂന്ന് പേരും ദോഹ എം ഇ എസ് ഇന്ത്യന്‍ സ്‌കൂള്‍ വിദ്യാര്‍ഥിനികളാണ്.

- Advertisement -
Ad image

ഇവരെ കൂടാതെ എസ് എസ് എല്‍ സി പരീക്ഷയില്‍ വിജയിച്ച 111 പേരും പ്ലസ് ടു പരീക്ഷയില്‍ വിജയിച്ച 76 പേരും പുരസ്‌കാരങ്ങള്‍ ഏറ്റുവാങ്ങി. ചടങ്ങില്‍ സംസ്‌കൃതി അംഗങ്ങളും കളിക്കൂട്ടം കുട്ടികളും അവതരിപ്പിച്ച കലാപരിപാടികളും ഉണ്ടായിരുന്നു. സംസ്‌കൃതി ജനറല്‍ സെക്രട്ടറി ഷംസീര്‍ അരീകുളം സ്വാഗതവും പ്രോഗ്രാം കണ്‍വീനര്‍ ഫഹദ് നന്ദിയും പറഞ്ഞു.

Share This Article
Leave a Comment
error: Content is protected !!