Featured
അവള്‍ പറക്കട്ടെ

സ്ത്രീകള്‍- ഒറ്റവാക്കില്‍ പറഞ്ഞാല്‍ സമാധാനവും ശാന്തിയുമാണവര്‍. ഇന്ന് ലോകം വനിതാദിനം ആഘോഷിക്കുമ്പോള്‍ ചരിത്രത്തിന്റെ ഏടുകള്‍ മറിച്ചു നോക്കണം. വിയര്‍പ്പിന്റെ മണവും കണ്ണീരിന്റെ നനവും സാക്ഷിയായ ഒരുപാട് ഓര്‍മപ്പെടുത്തലുകളുണ്ട് ആ ചരിത്രത്താളുകളിലും വനിതാദിനത്തിലേക്കുള്ള യാത്രയ്ക്ക് പിന്നിലും.

പിഞ്ചുകുഞ്ഞുങ്ങള്‍ മുതല്‍ മുതിര്‍ന്ന സ്ത്രീകള്‍ വരെ പീഡിപ്പിക്കപ്പെടുന്ന സമകാലീന ലോകത്ത് വനിതാ ദിനത്തിന് പ്രസക്തിയേറെയുണ്ട്. പുരാതന കാലം മുതല്‍ എത്രയെത്രയോ വനിതകള്‍ ചരിത്രത്തില്‍ സ്ഥാനം പിടിച്ചിട്ടുണ്ട്.
ഓരോ വര്‍ഷവും അര്‍ഥവത്തായ ഓരോ മുദ്രാവാക്യവുമായി വനിതാദിനം ആചരിക്കുമ്പോഴും ഓരോ വനിതാ ദിനം കടന്നു പോകുമ്പോഴും ലോകത്തു സ്ത്രീകള്‍ക്ക് നേരെയുള്ള അതിക്രമങ്ങള്‍ പലതരത്തിലും വര്‍ധിച്ചു വരുന്നതാണ് വസ്തുത. പഴയ കാലത്തെ അപേക്ഷിച്ച് ഇന്ന് സ്ത്രീ സാന്നിധ്യം ഇല്ലാത്ത മേഖല വളരെ കുറവാണ്. കലാ- സാഹിത്യ- സാമൂഹ്യ- സാംസ്‌കാരിക- രാഷ്ട്രീയ- വിദ്യാഭ്യാസ മേഖലകളിലെല്ലാം സ്ത്രീയുടെ കയ്യൊപ്പുണ്ട്. എന്നിട്ടും സ്ത്രീകള്‍ക്ക് അര്‍ഹിക്കുന്ന പദവികളും സ്ഥാനമാനങ്ങളും സമത്വവും അന്യമാവുന്നു. കുടുംബജീവിതത്തിലാവട്ടെ, പ്രസവം, പരിളാലനം പ്രകൃതിദത്തമായി ഇത്തരം കാര്യങ്ങള്‍ സ്ത്രീയില്‍ നിക്ഷിപ്തമാണ്.
സ്ത്രീ സുരക്ഷിതയല്ല എന്ന ദുഃഖം ഏറെ സങ്കടപ്പെടുത്തുന്നു. പുരോഗമന പരിഷ്‌കൃത സമൂഹത്തിലാണ് നമ്മളെന്ന് സ്വയം ആശ്വസിക്കുമ്പോഴും സ്ത്രീ ശാക്തീകരണം വെറും വാക്ക് മാത്രമായി മാറുന്നു. സ്വയം സുരക്ഷക്കായി സ്ത്രീകള്‍ ശാക്തീകരിക്കപ്പെടണമെന്ന് വനിതാ ദിനം ഉണര്‍ത്തുമ്പോഴും മനസാ വാചാ സംതൃപ്തി ഇല്ല എന്നു പറയേണ്ടി വരുന്നു.
സ്ത്രീകള്‍ നേടിയ ഒട്ടനവധി പുരോഗതികളേയും വിവിധ മേഖലകളില്‍ അവര്‍ നേടിയെടുത്ത അംഗീകാരങ്ങളെയും വില കുറച്ചു കാണാതെ പ്രോത്സാഹിപ്പിക്കേണ്ടതുണ്ട്. അര്‍ഹിക്കുന്നിടത്തു വരെ സ്ത്രീകള്‍ക്ക് ചില ഇടങ്ങളില്‍ അംഗീകാരം കിട്ടുന്നില്ല.
സ്ത്രീയും പുരുഷനും പരസ്പര വൈരുധ്യങ്ങളാണെന്ന് ചിത്രീകരിക്കാതിരിക്കുക. കൂട്ടുകാരി, മകള്‍, സഹോദരി, ഭാര്യ, അമ്മ തുടങ്ങി എത്രയോ മനോഹര വേഷങ്ങള്‍ അവളിലൂടെ സാധ്യമാവുന്നു. സ്ത്രീകളെ രണ്ടാം തരമായി കാണാതെ അവര്‍ക്ക് അര്‍ഹിക്കുന്ന പദവികളും അംഗീകാരങ്ങളും പരസ്പര ബഹുമാനത്തോടെയും ആദരവോടെയും നല്കാന്‍ കഴിയുന്ന തുറന്ന മനസ്സുള്ള സമൂഹത്തെ കാണാന്‍ ഈ വനിതാ ദിനത്തില്‍ കൊതിക്കുന്നു എന്ന് പറയാന്‍ ഫെമിനിസ്റ്റ് ആവണമെന്നില്ല. സ്ത്രീകളുടെ സ്വാതന്ത്ര്യത്തെ ഭയപ്പാടോടെയും ഭീതിയോടെയും സംശയത്തോടെയും നോക്കിക്കാണുന്ന പൊതുസമൂഹം അവരുടെ മനസ്സിനെയും കാഴ്ചപ്പാടിനെയും മാറ്റേണ്ടതുണ്ട്.
ഈ വര്‍ഷത്തെ വനിതാ ദിന പ്രമേയം പോലെ ലിംഗസമത്വത്തിനുള്ള നവീകരണവും സാങ്കേതികവിദ്യയും മാറ്റങ്ങള്‍ക്കു കരണമാവട്ടെ. അഭിപ്രായങ്ങള്‍ തുറന്നു പറയുന്നവരെയും കഴിവുള്ളവരെയും മോശക്കാരായി ചിത്രീകരിക്കാതെ ചിന്താഗതിയില്‍ മാറ്റം വരുത്തി അവരെ അംഗീകരിക്കാനുള്ള മനസ്സാണ് പുരുഷ സമൂഹത്തിന് ഉണ്ടാവേണ്ടതെന്ന് ഈ വനിതാദിനത്തില്‍ സ്വപ്നം കാണുന്നു.
തങ്ങളുടെ അവകാശങ്ങള്‍ നേടിയെടുക്കാന്‍ ആദ്യമായി ശബ്ദമുയര്‍ത്തിയ ന്യൂയോര്‍ക്കിലെ വനിതകളെ സ്മരിക്കുന്നതോടൊപ്പം സ്ത്രീ ശാക്തീകരണത്തിന്റേയും സ്ത്രീകളുടെ സുരക്ഷിതത്വത്തിന്റേയും വാഗ്ദാനങ്ങള്‍ പ്രഖ്യാപനങ്ങളിലും വാക്കുകളിലും ഒതുങ്ങാതെ ഇനിയും ഒരുപാട് മാറ്റം ക്രിയാത്മകമായി ചെയ്യാന്‍ കഴിയുന്ന ഒരു സമൂഹം ഉടലെടുക്കട്ടെ എന്നാഗ്രഹിക്കുന്നു- വിവേചനവും അതിക്രമങ്ങളും അവസാനിച്ചു നല്ലൊരു സമൂഹം വാര്‍ത്തെടുക്കാന്‍ കഴിയട്ടെയെന്നു പ്രാര്‍ഥിക്കുന്നു. എല്ലാവര്‍ക്കും എന്റെയും വനിതാദിന ആശംസകള്‍.
ആഗോളവാര്‍ത്ത സോഷ്യല്‍ മീഡിയകളിലേക്ക് താഴെ കാണുന്ന ലിങ്കുകള്‍ ക്ലിക്ക് ചെയ്യുക:
വാട്സ്ആപ് ഗ്രൂപ്പിന്:
https://chat.whatsapp.com/IyMsNUuLBsVIdCocaS1ycb
ഫേസ്ബുക്ക് പേജിന്:
https://www.facebook.com/
ടെലഗ്രാം:
https://t.me/joinchat/
ട്വിറ്റര്‍:
https://twitter.com/
ഇന്‍സ്റ്റാഗ്രാം:
https://www.instagram.com/
യൂട്യൂബ്:
https://www.youtube.com/
ഗൂഗ്ള്‍ ന്യൂസ്:
shorturl.at/guPV7



