

കൊച്ചി: സി പി ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം. 73 വയസായിരുന്നു. പ്രമേഹം മൂര്‍ച്ഛിച്ച്, കാലിന് ശസ്ത്രക്രിയ നടത്തിയതിനെ തുടര്‍ന്ന് വിശ്രമത്തിലായിരുന്നു അദ്ദേഹം.

കോട്ടയം ജില്ലയിലെ കാനം ഗ്രാമത്തില്‍ വി കെ പരമേശ്വരന്‍ നായരുടെ മകനായി 1950 നവംബര്‍ 10നാണ് ജനിച്ചത്. വാഴൂര്‍ എസ് വി ആര്‍ എന്‍ എസ് എസ് സ്‌കൂള്‍, കോട്ടയം ബസേലിയോസ് കോളജ്, മോസ്‌കോ ഇന്റര്‍നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് എന്നിവിടങ്ങളിലായിരുന്നു പഠനം. ഏഴും എട്ടും കേരള നിയമസഭകളിലേക്ക് വാഴൂര്‍ നിന്ന് തെരഞ്ഞെടുക്കപ്പെട്ടു. എഴുപതുകളില്‍ വിദ്യാര്‍ഥി രാഷ്ട്രീയത്തിലൂടെയാണ് കാനം രാഷ്ട്രീയ രംഗത്ത് പ്രവേശിച്ചത്.

2015 മാര്‍ച്ച് 2ന് സി പി ഐ. സംസ്ഥാന സെക്രട്ടറിയായി. 2012ല്‍ സി പി ഐ ദേശീയ എക്സിക്യൂട്ടീവ് അംഗവുമായി. 2006-ല്‍ എ ഐ ടി യു സി.യുടെ സംസ്ഥാന ജനറല്‍ സെക്രട്ടറിയായി. 1978ല്‍ സി പി ഐയുടെ സംസ്ഥാന സെക്രട്ടേറിയറ്റിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. എ ഐ വൈ എഫ് സംസ്ഥാന പ്രസിഡന്റായും പ്രവര്‍ത്തിച്ചു.
കേന്ദ്ര സെക്രട്ടേറിയറ്റ് അംഗമാണ്. 2022ല്‍ തിരുവനന്തപുരം സംസ്ഥാന സമ്മേളനത്തില്‍വച്ച് മൂന്നാം തവണയാണ് കാനം സംസ്ഥാന സെക്രട്ടറിയാകുന്നത്. 53 വര്‍ഷമായി സംസ്ഥാന കൗണ്‍സില്‍ അംഗമാണ്. രണ്ട് തവണ കോട്ടയം ജില്ലാ സെക്രട്ടറിയായി. 2015 ല്‍ കോട്ടയം സംസ്ഥാനസമ്മേളനത്തില്‍ ആദ്യമായി സംസ്ഥാന സെക്രട്ടറിയായി.
ഭാര്യ: വനജ. മക്കള്‍: സന്ദീപ്, സ്മിത. മരുമക്കള്‍: താരാ സന്ദീപ്, വി സര്‍വേശ്വരന്‍.

