

തിരുവനന്തപുരം: കാഥികനും ചലച്ചിത്ര, സീരിയല്‍ നടനുമായ വഞ്ചിയൂര്‍ പ്രവീണ്‍കുമാറിന് കഥാപ്രസംഗ രംഗത്തെ സമഗ്ര സംഭാവനയ്ക്കുള്ള കെടാമംഗലം സദാനന്ദന്‍ സ്മാരക കാഥിക രത്‌ന പുരസ്‌കാരം. പ്രശസ്ത കാഥികനായിരുന്ന കെടാമംഗലം സദാനന്ദന്റെ സ്മരണാര്‍ഥം എറണാകുളം നോര്‍ത്ത് പറവൂര്‍ കെടാമംഗലം സദാനന്ദന്‍ സ്മാരക കലാ- സാംസ്‌കാരിക വേദിയാണ് പുരസ്‌ക്കാരം ഏര്‍പ്പെടുത്തിയത്.

കഥാപ്രസംഗ രംഗത്തെ സമഗ്ര സംഭാവന പരിഗണിച്ചാണ് പുരസ്‌കാരം. ആലപ്പി ഋഷികേശ്, സൂരജ് സത്യന്‍, പുളിമാത്ത് ശ്രീകുമാര്‍ എന്നിവരടങ്ങുന്ന അവാര്‍ഡ് നിര്‍ണയ കമ്മിറ്റിയാണ് അവാര്‍ഡ് ജേതാവിനെ തെരഞ്ഞെടുത്തത്. കാല്‍ലക്ഷം രൂപയും പ്രശസ്തി പത്രവും ഫലകവും
അടങ്ങുന്ന പുരസ്‌കാരം ഏപ്രില്‍ മാസത്തില്‍ പറവൂരില്‍ നടക്കുന്ന ചടങ്ങില്‍ സമ്മാനിക്കും.

48 വര്‍ഷമായി കഥാപ്രസംഗം, നാടകം, സിനിമ, സീരിയല്‍ രംഗങ്ങളില്‍ സജീവമാണ് വഞ്ചിയൂര്‍ പ്രവീണ്‍കുമാര്‍. കഥാപ്രസംഗ രംഗത്തെ സമഗ്ര സംഭാവനയ്ക്ക് കേരള സംഗീത നാടക അക്കാദമിയുടെ 2021ലെ പുരസ്‌കാരം ലഭിച്ചിരുന്നു. നിരവധി കലാ, സാംസ്‌കാരിക സംഘടനകളുടെ പുരസ്‌കാരങ്ങളും ലഭിച്ചിട്ടുണ്ട്. തിരുവനന്തപുരം കാര്യവട്ടം ശരണ്യ ലക്ഷ്മിയിലാണ് താമസം.
