

കൊച്ചി: ഇന്‍സ്റ്റഗ്രാമിലൂടെ ഏറ്റവുമധികം ആശയവിനിമയം നടത്തിയ ഏഷ്യന്‍ ക്ലബ്ബുകളില്‍ ഒന്നാമത് കേരളാ ബ്ലാസ്റ്റേഴ്സ്. ഇന്‍സ്റ്റഗ്രാമില്‍ 18.9 മില്യണ്‍ ഇന്ററാക്ഷന്‍സ് നേടിയാണ് ബ്ലാസ്റ്റേഴ്‌സ് ആദ്യമായത്. ഇന്‍സ്റ്റഗ്രാമിലെ ഇടപെടലുകളുടെ അടിസ്ഥാനത്തില്‍ മികച്ച അഞ്ച് ഇന്ത്യന്‍ സ്പോര്‍ട്സ് ക്ലബ്ബുകളുടെ പട്ടികയില്‍ ഉള്‍പ്പെട്ട ഏക ഇന്ത്യന്‍ ഫുട്ബോള്‍ ക്ലബ്ബും ബ്ലാസ്റ്റേഴ്സ് മാത്രം. സ്പോര്‍ട്സ് ഡാറ്റ അനലിറ്റിക് പ്ലാറ്റ്ഫോമായ ഡിപോര്‍ട്ടസ് ആന്റ് ഫിനാന്‍സസ് നടത്തിയ വിശകലനത്തിലാണ് ഈ കണ്ടെത്തല്‍.

2014 മുതല്‍ ഏഷ്യയിലെ തന്നെ മികച്ച ആരാധക കൂട്ടമാണ് ബ്ലാസ്റ്റേഴ്സിന്റെ മഞ്ഞപ്പട. നിലവില്‍ 2.6 ദശലക്ഷം ഫോളോവേഴ്സുമായി ഇന്‍സ്റ്റഗ്രാമില്‍ ഏഷ്യയിലെ ഏറ്റവും കൂടുതല്‍ ആരാധകരുള്ള ഫുട്ബോള്‍ ക്ലബ്ബ് എന്ന നേട്ടവും ബ്ലാസ്റ്റേഴ്സ് സ്വന്തമാക്കിയിട്ടുണ്ട്.

റിസള്‍ട്ട് സ്പോര്‍ട്സിന്റെ ഗ്ലോബല്‍ ഡിജിറ്റല്‍ ഫുട്ബോള്‍ ബെഞ്ച്മാര്‍ക്ക് നടത്തിയ മറ്റൊരു സര്‍വേയില്‍ ഡിജിറ്റല്‍ കമ്യൂണിറ്റിയിലെ അംഗബലത്തില്‍ ലോകത്തിലെ ഫുട്ബോള്‍ ക്ലബ്ബുകളില്‍ 65-ാം സ്ഥാനം ബ്ലാസ്റ്റേഴ്‌സിനാണ്.

