

തിലക് മൈതാന്‍ സ്റ്റേഡിയം (ഗോവ): കോവിഡ് തളര്‍ച്ചയുമായി കളത്തിലിറങ്ങിയ കേരള ബ്ലാസ്റ്റേഴ്‌സ് ഐ എസ് എലില്‍ ബെംഗളൂരു എഫ് സിക്ക് മുന്നില്‍ വീണു. രണ്ടാംപകുതിയില്‍ റോഷന്‍ നവോറെം നേടിയ ഗോളിലാണ് ബെംഗളൂരു ബ്ലാസ്റ്റേഴ്‌സിന്റെ പോരാട്ടവീര്യത്തെ തളച്ചത്. പത്ത് മത്സരങ്ങള്‍ക്കുശേഷമുള്ള ബ്ലാസ്റ്റേഴ്‌സിന്റെ ആദ്യ തോല്‍വിയാണ്.

കോവിഡ് കാരണം ബ്ലാസ്റ്റേഴ്‌സിന്റെ തുടര്‍ച്ചയായ രണ്ട് മത്സരങ്ങളാണ് മാറ്റിവച്ചത്. ബെംഗളൂരുവുമായുള്ള ആദ്യ കളി സമനിലയില്‍ അവസാനിച്ചിരുന്നു. 12 കളിയില്‍ 20 പോയിന്റുമായി പട്ടികയില്‍ മൂന്നാം സ്ഥാനത്താണ് ഇവാന്‍ വുകോമനോവിച്ചിന്റെ സംഘം. ഫെബ്രുവരി നാലിന് നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡുമായാണ് അടുത്ത മത്സരം.

കോവിഡിന്റെ ഇടവേളയ്ക്കുശേഷം കളത്തിലെത്തിയ കേരള ബ്ലാസ്റ്റേഴ്‌സ് നിരയില്‍ വലിയ മാറ്റങ്ങളുണ്ടായില്ല. പരിക്കുകാരണം ജെസെല്‍ കര്‍ണെയ്‌റോ പുറത്തു തുടര്‍ന്നു. പ്രതിരോധത്തില്‍ റുയ് വാ ഹോര്‍മിപാം, മാര്‍കോ ലെസ്‌കോവിച്ച്, നിഷു കുമാര്‍, ഹര്‍മന്‍ജോത് ഖബ്ര എന്നിവര്‍. മധ്യനിരയില്‍ ജീക്ണ്‍ സിങ്, പുയ്ട്ടിയ, സഹല്‍ അബ്ദുല്‍ സമദ്, അഡ്രിയാന്‍ ലൂണ. മുന്നേറ്റത്തില്‍ ജോര്‍ജ് ഡയസും അല്‍വാരോ വാസ്‌കസും. ഗോള്‍ മുഖത്ത് പ്രഭ്‌സുഖന്‍ ഗില്‍. ബംഗളൂരു ഗോള്‍വലയ്ക്ക് മുന്നില്‍ ഗുര്‍പ്രീത് സന്ധു. അവരുടെ പ്രതിരോധത്തില്‍ പരാഗ് ശ്രീവാസ്, പ്രതീക് ചൗധരി, മുയ്‌റങ്, റോഷന്‍ നവോറെം എന്നിവര്‍. സുരേഷ് വാങ്ജം, ബ്രൂണോ സില്‍വ, ഡാനിഷ് ഫാറൂഖ്, ഉദാന്ത സിങ് എന്നിവരായിരുന്നു മധ്യനിരയില്‍. പ്രിന്‍സ് ഇബാറയും സുനില്‍ ഛേത്രിയും മുന്നേറ്റത്തില്‍.
കളിയുടെ മൂന്നാം മിനിറ്റില്‍ നിഷു കുമാറിന്റെ മുന്നേറ്റം കണ്ടു. എന്നാല്‍ നിഷുവിനെ ഇബാറ ഫൗള്‍ ചെയ്തു. അഞ്ചാം മിനിറ്റില്‍ വാസ്‌കസിന്റെ മുന്നേറ്റം ബംഗളൂരു ബോക്‌സില്‍ അപകടമുണ്ടാക്കി. വാസ്‌കസിനെ പ്രതീക് ചൗധരി തടയുകയായിരുന്നു. പിന്നാലെ ജോര്‍ജ് ഡയസിന്റെ തകര്‍പ്പന്‍ നീക്കവുമുണ്ടായി. തുടര്‍ച്ചയായ കോര്‍ണര്‍ കിക്കുകള്‍ വഴങ്ങിയാണ് ബംഗളൂരു അപകടമൊഴിവാക്കിയത്. 17-ാം മിനിറ്റില്‍ ഖബ്രയുടെ ഹെഡര്‍ നേരിയ വ്യത്യാസത്തില്‍ പുറത്തുപോയി. 22-ാം മിനിറ്റില്‍ നിഷുവിന്റെ ബോക്‌സിന് പുറത്തുനിന്നുള്ള ഷോട്ടും ലക്ഷ്യം കാണാതെ പോയി. മറുവശത്ത് കോര്‍ണര്‍ കിക്കില്‍ ഇബാറ തലവച്ചെങ്കിലും ബ്ലാസ്റ്റേഴ്‌സ് രക്ഷപ്പെട്ടു. പന്ത് പുറത്തേക്കാണ് കുത്തിയിട്ടത്.
കളി അരമണിക്കൂര്‍ തികയുംമുമ്പ് സഹല്‍ മധ്യവരയ്ക്ക് മുന്നില്‍വച്ച് മിന്നുന്ന നീക്കം നടത്തി. ബംഗളൂരു പ്രതിരോധത്തെ പിന്നിലാക്കി മുന്നേറിയ സഹല്‍ ബോക്‌സിലേക്ക് ക്രോസ് പായിച്ചു. വാസ്‌കസ് ഓടിയെത്തിയെങ്കിലും കൃത്യമായി വരുതിയിലാക്കാനായില്ല. വാസ്‌കസിന്റെ ക്രോസും പിഴച്ചു. പുറത്തേക്കാണ് പോയത്. 31-ാം മിനിറ്റില്‍ വാസ്‌കസിന്റെ ചാട്ടുളി പോലുള്ള ഫ്രീകിക്ക് സന്ധു കുത്തിയകറ്റുകയായിരുന്നു. മറുവശത്ത് സുനില്‍ ഛേത്രിയുടെ ഗോള്‍ശ്രമം വരയ്ക്കരികെവച്ച് നിഷുകുമാര്‍ തടഞ്ഞു. 41-ാം മിനിറ്റില്‍ സുരേഷ് വാങ്ജമിനെ ഫൗള്‍ ചെയ്തതിന് പുയ്ട്ടിയക്ക് മഞ്ഞക്കാര്‍ഡ് കിട്ടി.
ആദ്യപകുതി അവസാനിക്കുന്നതിന് തൊട്ടുമുമ്പ് ബ്ലാസ്റ്റേഴ്‌സ് ഗോളിന് അരികെയെത്തിയതാണ്. ജോര്‍ജ് ഡയസ് പന്തുമായി ബോക്‌സിലേക്ക് കയറാന്‍ ശ്രമിച്ചു. ബംഗളൂരു പ്രതിരോധം തടഞ്ഞു. ഡയസ് വലതുവശത്ത് സഹലിലേക്ക്. ഒഴിഞ്ഞുനില്‍ക്കുകയായിരുന്ന വാസ്‌കസിനാണ് സഹല്‍ പന്ത് നല്‍കിയത്. വാസ്‌കസ് അടിപായിച്ചെങ്കിലും പന്ത് കൃത്യം സന്ധുവിന്റെ കൈകളിലേക്കായി. ആദ്യപകുതി ഗോളില്ലാതെ അവസാനിച്ചു.
രണ്ടാംപകുതിയുടെ തുടക്കത്തില്‍തന്നെ ബ്ലാസ്റ്റേഴ്‌സിന് ബംഗളൂരു ഗോള്‍ ഏരിയയില്‍വച്ച് ഫ്രീകിക്ക് കിട്ടി. എന്നാല്‍ ലൂണയുടെ കിക്ക് മികച്ചതായിരുന്നില്ല. ബംഗളൂരു പ്രതിരോധം അടിച്ചൊഴിവാക്കി. മറുവശത്ത് ഛേത്രിയുടെ ഷോട്ട് ഗില്‍ കൈയിലൊതുക്കി. കളി ഗതിക്കെതിരായി 56-ാം മിനിറ്റില്‍ ബ്ലാസ്റ്റേഴ്‌സ് ഗോള്‍ വഴങ്ങി. തകര്‍പ്പന്‍ ഫ്രീകിക്കിലൂടെ റോഷന്‍ പന്ത് ബ്ലാസ്റ്റേഴ്‌സ് വലയിലെത്തിച്ചു. പിന്നാലെ വാസ്‌കസ് മഞ്ഞക്കാര്‍ഡ് വഴങ്ങി. 71-ാം മിനിറ്റില്‍ ലൂണയുടെ മനോഹര മുന്നേറ്റം ബംഗളൂരു ഗോള്‍ കീപ്പര്‍ സന്ധു സാഹസികമായി തടഞ്ഞു. രണ്ട് കോര്‍ണറുകള്‍ വഴങ്ങിയെങ്കിലും ബംഗളൂരു ബ്ലാസ്റ്റേഴ്‌സിനെ തടഞ്ഞുനിര്‍ത്തി.
77-ാം മിനിറ്റില്‍ ബ്ലാസ്റ്റേഴ്‌സ് ആദ്യ മാറ്റം വരുത്തി. സഹലിന് പകരം സഞ്ജീവ് സ്റ്റാലിന്‍ കളത്തിലെത്തി. നാല് മിനിറ്റിനുള്ളില്‍ രണ്ടാമത്തെ മാറ്റവും വരുത്തി. പുയ്ട്ടിയക്ക് പകരം കെ പ്രശാന്ത് കളിക്കാനിറങ്ങി. കളിയുടെ അവസാന ഘട്ടത്തില്‍ തിരിച്ചടിക്കാന്‍ ബ്ലാസ്റ്റേഴ്‌സ് ആഞ്ഞുശ്രമിച്ചു. ഇതിനിടെ നിഷുവിന് പകരം ധെനെചന്ദ്ര മീട്ടിയും ജോര്‍ജ് ഡയസിന് പകരം ചെഞ്ചോയും കളത്തിലെത്തി. അവസാന നിമിഷങ്ങളില്‍ ചെഞ്ചോയും പ്രശാന്തും ബംഗളൂരു ബോക്‌സിനരികെ നീക്കങ്ങള്‍ നടത്തിയെങ്കിലും അവരുടെ പ്രതിരോധം വിട്ടുകൊടുത്തില്ല.

