
ദോഹ: കേരള ബിസിനസ് ഫോറം (കെ ബി എഫ്) പ്രൊജക്ട് ഖത്തര്‍ 2026-ല്‍ ഒരുക്കിയ പവലിയന് ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു. മേഖലയിലെ പ്രമുഖ വ്യാപാര- വ്യവസായ പ്രദര്‍ശനങ്ങളിലൊന്നായ പ്രൊജക്ട് ഖത്തറില്‍ കെ ബി എഫിന്റെ സാന്നിധ്യം ശ്രദ്ധേയമായി.

ദോഹ എക്സിബിഷന് ആന്‍ഡ് കണ്വെന്ഷന് സെന്ററിലെ ഹാള്‍ 3, 4-കളിലെ ഡി31 സ്റ്റാളില്‍ സജ്ജമാക്കിയ കെ ബി എഫ് പവലിയന് ഖത്തറിലെ ഇന്ത്യന്‍ അംബാസഡര്‍ വിപുല്‍ ഉദ്ഘാടനം ചെയ്തു. കെ ബി എഫ് മാനേജ്മെന്റ് കമ്മിറ്റി അംഗങ്ങള്‍, പ്രമുഖ വ്യവസായികള്‍, പ്രദര്‍ശകര്‍, വിശിഷ്ടാതിഥികള്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.

എന്‍ജിനിയറിങ്, ട്രേഡിങ്, ഇന്‍ഷുറന്‍സ്, പാക്കേജിങ്, പ്രിന്റിങ്, ബിസിനസ് സേവനങ്ങള്‍, നിര്‍മാണം, മീഡിയ, ടൂറിസം, കണ്‍സള്‍ട്ടന്‍സി, ഓട്ടോമോട്ടീവ് സൊല്യൂഷന്‍സ്, കണ്ടെയ്നര്‍ സൊല്യൂഷന്‍സ് തുടങ്ങി വിവിധ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന കെ ബി എഫ് അംഗ സ്ഥാപനങ്ങളാണ് പവലിയനില്‍ ഒരുമിച്ചത്. ഖത്തറിലെ കേരളീയ വ്യവസായ സമൂഹത്തിന്റെ സംരംഭക മികവും വൈവിധ്യവുമാണ് ഇതിലൂടെ പ്രദര്‍ശിപ്പിക്കപ്പെടുന്നത്.
പ്രൊജക്ട് ഖത്തര്‍ 2026-ലെ പങ്കാളിത്തം സംരംഭകത്വത്തെ പ്രോത്സാഹിപ്പിക്കുന്നതിനും ബിസിനസ് സഹകരണങ്ങള്‍ ശക്തിപ്പെടുത്തുന്നതിനും അംഗങ്ങള്‍ക്ക് പുതിയ അവസരങ്ങള്‍ സൃഷ്ടിക്കുന്നതിനുമുള്ള കെ ബി എഫിന്റെ തുടര്‍ച്ചയായ പ്രതിബദ്ധതയുടെ ഭാഗമാണെന്ന് ഫോറം പ്രതിനിധികള്‍ പറഞ്ഞു. അംഗ സ്ഥാപനങ്ങളുടെ വൈദഗ്ധ്യവും നവീന ആശയങ്ങളും ബിസിനസ് ശേഷിയും അവതരിപ്പിക്കുന്നതിനൊപ്പം ഖത്തറിലും അന്തര്‍ദേശീയ തലത്തിലുമുള്ള വ്യാപാര- നിക്ഷേപ ബന്ധങ്ങള്‍ ശക്തിപ്പെടുത്തുന്നതിനുള്ള വേദിയായും ഈ പവിലിയന് പ്രവര്‍ത്തിക്കുന്നുവെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
പ്രദര്‍ശനം സന്ദര്‍ശിക്കുന്ന നിക്ഷേപകര്‍ക്കും വ്യവസായ മേഖലയിലെ വിദഗ്ധര്‍ക്കും വിവിധ സ്ഥാപനങ്ങളുമായി നേരിട്ട് ആശയവിനിമയം നടത്താനും പങ്കാളിത്ത സാധ്യതകള്‍ പരിശോധിക്കാനും കെ ബി എഫ് അംഗ സ്ഥാപനങ്ങള്‍ വാഗ്ദാനം ചെയ്യുന്ന ഉത്പന്നങ്ങളെയും സേവനങ്ങളെയും കുറിച്ച് കൂടുതല്‍ മനസ്സിലാക്കാനും അവസരമുണ്ട്.
പ്ലാനറ്റ് എന്‍ജിനിയറിങ്, ക്യുപാക്, സവോയ് ഇന്‍ഷുറന്‍സ് ബ്രോക്കേഴ്സ്, മാനികോണ് ട്രേഡിങ് ആന്‍ഡ് കോണ്‍ട്രാക്ടിങ്, പാക്ക് ആന്‍ഡ് പാക്ക് പാക്കിങ് മറ്റീരിയല്‍സ് ട്രേഡിങ്, സ്പീഡ് ലൈന്‍ പ്രിന്റിങ് ഫാക്ടറി, അഡ്രസ് ഗേറ്റ്വേ ബിസിനസ് സര്‍വീസസ്, കെ ഫില്‍റ്റര്‍, ജെം ഓട്ടോ പെയിന്റ്സ്, ഗള്‍ഫ് സൈന്‍ ഡബ്ല്യു എല്‍ എല്‍, ഐപ്രൊക്യൂര്, മൊമെന്റം മീഡിയ, എം പി ട്രേഡേഴ്സ്, മാജിക് ടൂര്‍സ്, ടി ബി സി ബിസിനസ് കണ്‍സള്‍ട്ടന്റ്സ്, ക്യുബോക്സ് കണ്ടെയ്നേഴ്സ് എന്നിവയാണ് പ്രദര്‍ശനത്തില്‍ പങ്കെടുക്കുന്നത്.
മൂന്ന് ദിവസങ്ങളിലായി നടക്കുന്ന പ്രദര്‍ശനത്തിനിടെ കെ ബി എഫ് പവലിയന് സന്ദര്‍ശിച്ച് അംഗ സ്ഥാപനങ്ങളുമായി ആശയവിനിമയം നടത്താന്‍ വ്യവസായ പ്രമുഖരെയും സംരംഭകരെയും പൊതുജനങ്ങളെയും കേരള ബിസിനസ് ഫോറം ക്ഷണിച്ചു.
പ്രൊജക്ട് ഖത്തര്‍ 2026-ലെ കെ ബി എഫിന്റെ പങ്കാളിത്തം ബിസിനസുകളെ ബന്ധിപ്പിക്കുക, വ്യാപാര ബന്ധങ്ങള്‍ ശക്തിപ്പെടുത്തുക, സംരംഭകത്വത്തെ പിന്തുണയ്ക്കുക, ഖത്തറിന്റെ വളരുന്ന സാമ്പത്തിക രംഗത്തിന് സംഭാവന നല്‍കുക എന്നീ ലക്ഷ്യങ്ങളിലേക്കുള്ള ഫോറത്തിന്റെ ദൗത്യത്തിലെ മറ്റൊരു സുപ്രധാന നാഴികക്കല്ലായാണ് വിലയിരുത്തപ്പെടുന്നത്.

