കേരളാ ഫോക്ലോര്‍ അക്കാദമി നാടന്‍പാട്ട് പുരസ്‌ക്കാരം പി കെ സുധീര്‍ ബാബുവിന്

Web Desk
2 Min Read

ദോഹ: കേരള ഫോക്‌ലോര്‍ അക്കാദമിയുടെ 2022ലെ നാടന്‍പാട്ട് പുരസ്‌ക്കാരത്തിന് പി കെ സുധീര്‍ ബാബു അര്‍ഹനായി. പ്രവാസ ലോകത്ത് നാടന്‍പാട്ടിനും കലകള്‍ക്കും പ്രചാരണം നല്‍കുന്നതില്‍ പ്രമുഖ സ്ഥാനത്തുള്ള സുധീര്‍ ബാബു ഖത്തറിലെ കലാ- സാംസ്‌കാരിക രംഗങ്ങളില്‍ പ്രശസ്തമായ നാടന്‍പാട്ട് സംഘം കനല്‍ ഖത്തറിന്റെ പ്രധാന പ്രവര്‍ത്തകനാണ്. സംസ്‌കൃതി ഖത്തര്‍ സെന്‍ട്രല്‍ കമ്മിറ്റി അംഗമാണ് അദ്ദേഹം.

city exchange

കേരള ഫോക് ലോര്‍ അക്കാദമിയുടെ നാടന്‍പാട്ട് പുരസ്‌ക്കാരം രണ്ടാം തവണയാണ് ഖത്തര്‍ പ്രവാസിയെ തേടിയെത്തുന്നത്. ആദ്യ തവണ ഷൈജു ധമനിയാണ് നേടിയത്.

വയനാട് സ്വദേശിയായ 48കാരന്‍ പി കെ സുധീര്‍ബാബുവിന് നാടന്‍കലാ മേഖലയില്‍ 26 വര്‍ഷത്തെ പരിചയമുണ്ട്. 1996 മുതല്‍ നാടന്‍കലാ രംഗത്ത് പ്രവര്‍ത്തിക്കുന്ന ‘സൃഷ്ടി മുണ്ടേരി’ എന്ന സാംസ്‌കാരിക സംഘടനയിലൂടെയായിരുന്നു തുടക്കം.

1996- 97 കാലഘട്ടങ്ങളില്‍ സി ജെ കുട്ടപ്പന്‍ മാഷിന്റെ നാടന്‍ പാട്ടുകളുടെയും കലാരൂപങ്ങളുടെയും ആദ്യ പ്രസ്ഥാനങ്ങളായ ഡൈനാമിക് ആക്ഷന്‍, തായില്ലം തുടങ്ങിയവായുടെ പരിപാടികള്‍ വയനാട് ജില്ലയില്‍ നടത്തുന്നതിന്റെ സംഘാടന പ്രവര്‍ത്തകനായിരുന്നു. കേരളാ സംസ്ഥാന യുവജനക്ഷേമ വകുപ്പിന്റെ കേരളോത്സവം പരിപാടികളില്‍ ജില്ലാ, സംസ്ഥാന മത്സരങ്ങളില്‍ നടന്‍പാട്ട്, നാടന്‍നൃത്തം എന്നീ ഇനങ്ങളില്‍ പങ്കെടുത്തു നിരവധി സമ്മാനങ്ങള്‍ നേടിയിട്ടുണ്ട്.

- Advertisement -
Ad image

സംസ്‌കൃതി ഖത്തറിന്റെ ഒട്ടേറെ വേദികളില്‍ നാടന്‍പാട്ടുകളും നാടന്‍കലകളും അവതരിപ്പിക്കുകയും പരിശീലിപ്പിക്കുകയും ചെയ്തിട്ടുണ്ട്.

1998ല്‍ സംസ്ഥാന കേരളോത്സവത്തില്‍ നാടന്‍ നൃത്തം ഗ്രൂപ്പില്‍ ഒന്നാം സ്ഥാനം നേടുകയുണ്ടായി. തുടര്‍ന്ന് ചെന്നൈയില്‍ നടന്ന ദേശീയോത്സവത്തില്‍ കേരളത്തെ പ്രതിനിധീകരിച്ചു പങ്കെടുത്തു.

2012 വരെ വിവിധ സംസ്ഥാന കേരളോത്സവങ്ങളില്‍ നടന്‍ പാട്ട്, നാടോടിനൃത്തം ഗ്രൂപ്പ് എന്നിവയില്‍ പങ്കെടുക്കുകയും വിവിധ ടീമുകളെ പരിശീലിപ്പിച്ചു പങ്കെടുപ്പിക്കുകയും സമ്മാനങ്ങള്‍ നേടുകയും ചെയ്തിട്ടുണ്ട്.

നെഹ്റു യുവ കേന്ദ്ര നടത്തിയി നിരവധി ദേശീയ ആദിവാസി കലാമേളകളില്‍ പരിപാടികള്‍ അവതരിപ്പിച്ചിട്ടുണ്ട്.

കേരളാ സാക്ഷരതാ പ്രസ്ഥാനത്തിലൂടെയുള്ള പ്രവര്‍ത്തനങ്ങളിലൂടെയാണ് വയനാടന്‍ ആദിവാസി ഊരുകളിലെത്തുന്നത്. ആദിവാസി ഭാഷയിലുള്ള വയനാടന്‍ പാട്ടുകളുടെ മികച്ച ശേഖരം അദ്ദേഹത്തിന്റെ കൈവശമുണ്ട്.

2005- 2006 വര്‍ഷത്തെ നെഹ്റു യുവ കേന്ദ്രയുടെ ഏറ്റവും മികച്ച സന്നദ്ധ പ്രവര്‍ത്തകനുള്ള ജില്ലാ യുവജന അവാര്‍ഡ് നേടിയ പി കെ സുധീര്‍ബാബു വയനാടന്‍ ഗോത്രജീവിതത്തിന്റെ നോവും നൊമ്പരവും അടങ്ങുന്ന പാട്ടുകളും കലകളും ഇന്ത്യയിലെ ഒട്ടനവധി വേദികളില്‍ അവതരിപ്പിച്ചിട്ടുണ്ട്.

പാര്‍ശ്വവല്‍ക്കരിക്കപ്പെടുന്ന ഗോത്ര ജനതയുടെ വേദനകളും സംസ്‌കൃതിയുടെയും ജീവിതത്തിന്റെയും താളങ്ങളും മുഖ്യധാരാ സമൂഹത്തിനു പരിചയപ്പെടുത്തുന്ന പ്രവര്‍ത്തനങ്ങള്‍ നടത്തി വരുന്നു.

വയനാട്, പാലക്കാട് തുടങ്ങിയ ജില്ലകളിലെ ആദിവാസി നാടന്‍ കലാരൂപങ്ങളിലുള്ള മുന്‍പരിചയം, കേരളത്തിലെ വിവിധ നാടന്‍കലാ രൂപങ്ങളിലുള്ള അറിവ്, ആദിവാസി വിഭാഗങ്ങളിലെ വട്ടക്കളി, കമ്പളനാട്ടി, ഉചാരുകളി, ഗദ്ദിക, ഇരുളനൃത്തം, മംഗലംകളി തുടങ്ങിയവയിലുള്ള പരിചയം, വിവിധ കലോത്സവങ്ങളില്‍ നാടന്‍കലാ രൂപങ്ങളുടെ വിധികര്‍ത്താവായിട്ടുള്ള മുന്‍പരിചയം, കേരളത്തില്‍ നടന്നുവരുന്ന കേരളോത്സവം, സ്‌കൂള്‍ കലോത്സവം, ഇന്റര്‍സോണ്‍ കലോത്സവം, മറ്റു കലാമേളകള്‍ തുടങ്ങിയവയില്‍ നാടന്‍പാട്ട്, നാടന്‍ കലാരൂപങ്ങള്‍ എന്നിവയില്‍ പങ്കെടുക്കുകയും സമ്മാനങ്ങള്‍ നേടുകയും ചെയ്തിട്ടുണ്ട്.

വയനാട് ജില്ലയിലെ സൃഷ്ടി മുണ്ടേരി, ഉണര്‍വ് കല്‍പറ്റ എന്നീ നാടന്‍പാട്ട് സംഘങ്ങളുടെ മുഖ്യ സംഘാടകന്‍. വിവിധ ഗ്രൂപ്പുകള്‍ക്ക് നാടന്കലാരൂപങ്ങളെ കുറിച്ച് സെമിനാറുകള്‍ നടത്തി വരുന്നു.

കേരളത്തിലും മറ്റു ഇന്ത്യന്‍ സംസ്ഥാനങ്ങളിലും നാടന്‍കലാ പരിപാടികള്‍ അവതരിപ്പിച്ചുള്ള മുന്‍പരിചയം. വേദികളിലെ പാട്ടവതരണത്തിനപ്പുറം തനതു കലകളുടെ അന്വേഷണവും കണ്ടെത്തലുകളും പ്രചരണവുമുള്‍പ്പടെയുള്ള പ്രവര്‍ത്തനങ്ങളില്‍ സജീവമാണ് സുധീര്‍ബാബു. കനല്‍ ഖത്തറിന്റെ നിരവധി വേദികളിലൂടെ നാടന്‍പാട്ടിന്റെ പ്രചാരണ പരിപാടികളും കുട്ടികള്‍ക്കായി നാടന്‍പാട്ട് ശില്പശാലകളും നടത്തിവരുന്നു.

Share This Article
Leave a Comment
error: Content is protected !!