
തെഹ്റാന്‍: ട്രംപും ജോ ബൈഡനും തമ്മില്‍ വ്യത്യാസങ്ങളൊന്നുമില്ലെന്ന് ഇറാന്‍ പരമോന്നത നേതാവ് അലി ഹുസൈനി ഖമേനി. ഹിംസ്ര ജന്തുവായ ചെന്നായ എന്നാണ് ഖമേനി ബൈഡനെ വിളിച്ചത്. ഇബ്രാഹിം റെയ്സി മന്ത്രിസഭയില്‍ ആദ്യ സന്ദര്‍ശനം നടത്തവെയാണ് അദ്ദേഹം ഇങ്ങനെ പറഞ്ഞത്.

2015ലെ ആണവകരാറില്‍ അമേരിക്ക ലജ്ജയില്ലാതെയാണ് പെരുമാറിയതെന്നു പറഞ്ഞ ഖമേനി അമേരിക്ക 2018ല്‍ ഏകപക്ഷീയമായി പിന്മാറുകയും കടുത്ത ഉപരോധങ്ങള്‍ ഏര്‍പ്പെടുത്തുകയും ചെയ്‌തെന്നും കൂട്ടിച്ചേര്‍ത്തു.

കഴിഞ്ഞ ദിവസമാണ് ഇറാന്‍ വിദേശകാര്യമന്ത്രി ഹുസൈന്‍ അമീറബ്ദുല്ലാഹിയാന്‍ യൂറോപ്യന്‍ യൂണിയന്‍ വിദേശ നയ മേധാവി ജോസപ്ബോറല്ലുമായി ടെലിഫോണില്‍ ആണവ കരാറുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ സംസാരിച്ചത്.
ആണവ കരാറിലേക്ക് മടങ്ങാന്‍ ആഗ്രഹിക്കുന്നതായി ബൈഡന്‍ ഭരണകൂടം പറയുമ്പോഴും കരാറിലെത്തുന്നതിന് മുമ്പ് ഉപരോധം പിന്‍വലിക്കാന്‍ ബൈഡന്‍ വിസമ്മതിക്കുകയാണ്. ഉപരോധങ്ങള്‍ പിന്‍വലിക്കുന്നതുമായി ബന്ധപ്പെട്ട് ഇറാനിയന്‍, അമേരിക്കന്‍ ഉദ്യോഗസ്ഥര്‍ തമ്മില്‍ തര്‍ക്കമുണ്ടായി. നിലവില്‍ ഇറാന്‍ യുറേനിയം 60 ശതമാനമായാണ് സമ്പുഷ്ടമാക്കുന്നത്. ഇത് എക്കാലത്തേയും ഉയര്‍ന്ന നിരക്കാണ്.
നയതന്ത്രത്തെ സ്വാധീനിക്കുകയും ആണവ പ്രശ്നവുമായി ബന്ധിപ്പിക്കുകയും ചെയ്യരുതെന്ന് ഖമേനി പറഞ്ഞു. ആണവപ്രശ്നം രാജ്യത്തിന് അനുയോജ്യമായതും അര്‍ഹിക്കുന്നതുമായ രീതിയില്‍ പരിഹരിക്കപ്പെടേണ്ടതാണെന്നും റെയ്സിയും സംഘവും സാമ്പത്തിക നയതന്ത്രം ഉയര്‍ത്തുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിക്കണമെന്ന് ഖമേനി ആവശ്യപ്പെട്ടു.
യു എസ് ചെന്നായയാണെന്നും ചിലപ്പോള്‍ കൗശലക്കാരനായ കുറുക്കനായും പ്രവര്‍ത്തിക്കുന്നതായി അഫ്ഗാനിലെ സ്ഥിതിഗതികള്‍ ചൂണ്ടിക്കാട്ടി ഖമേനി പറഞ്ഞു. ഇരുപത് വര്‍ഷമായി അഫ്ഗാനിസ്ഥാന്‍ കൈവശപ്പെടുത്തുകയും പലതരം ക്രൂരതകള്‍ അടിച്ചേല്‍പ്പിക്കുകയും ചെയ്ത അമേരിക്കയാണ് ഇപ്പോഴത്തെ പ്രശ്‌നങ്ങള്‍ക്ക് കാരണമെന്ന് ഖമേനി പറഞ്ഞു.


