

ദോഹ: ആദ്യ യു പി എ സര്‍ക്കാര്‍ അധികാരത്തില്‍ വരുന്നതിന് തൊട്ടുമുമ്പ് വന്ന എക്‌സിറ്റ്‌പോളില്‍ അടല്‍ ബിഹാരി വാജ്‌പേയിയുടെ ഇന്ത്യാ ഷൈനിംഗ് മുദ്രാവാക്യത്തില്‍ ബി ജെ പി അധികാരത്തില്‍ വരുമെന്ന് പറഞ്ഞിട്ട് ഫലമെന്താണെന്ന് എന്തുസംഭവിച്ചുവെന്ന് നമുക്കറിയാമെന്നും ആര്യാടന്‍ ഷൗക്കത്ത്. ആഗോളവാര്‍ത്തയോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

എക്‌സിറ്റ് പോള്‍ ഫലത്തിന് തെരഞ്ഞെടുപ്പ് ഫലവുമായി യാതൊരു ബന്ധവുമില്ലെന്ന് പറയുന്നതിനേക്കാളും ഇന്ന് ഇന്ത്യാ രാജ്യത്തെ ചാനലുകളുടെ അവസ്ഥയും നമ്മള്‍ മനസ്സിലാക്കണം. ഏത് ചാനലാണ് ബി ജെ പിക്കെതിരെ സത്യസന്ധമായി വാര്‍ത്ത ചെയ്യുന്നതെന്ന് നമ്മള്‍ നോക്കണം. ഒന്നുകില്‍ ചാനലുകളെ ഭീഷണിപ്പെടുത്തി ഇ ഡി അല്ലെങ്കില്‍ ഇന്‍കം ടാക്‌സ് അന്വേഷണമാണ് പ്രഖ്യാപിക്കുന്നത്. നരേന്ദ്ര മോഡിക്കെതിരെ ഏത് ചാനലാണ് വാര്‍ത്ത ചെയ്യുന്നത്.

ഇന്ത്യയുടെ ചരിത്രത്തില്‍ ഒരു പഞ്ചായത്ത് അംഗം പോലും പറയാന്‍ മടിക്കുന്ന തരത്തിലുള്ള കാര്യങ്ങളാണ് വിഷം തുപ്പി ഇന്ത്യയുടെ പ്രധാനമന്ത്രി പറയുന്നത്. കോണ്‍ഗ്രസ് അധികാരത്തില്‍ വന്നാല്‍ രാമക്ഷേത്രത്തിന് പൂട്ട് വീഴും, കോണ്‍ഗ്രസ് അധികാരത്തില്‍ വന്നാല്‍ എല്ലാ സംവരണവും മുസ്‌ലിംകള്‍ക്ക് കൊടുക്കും തുടങ്ങി ഒരു പ്രധാനമന്ത്രി പ്രസംഗിക്കേണ്ട കാര്യങ്ങളാണോ ഇത്. ദേശീയതലത്തില്‍ എത്ര മാധ്യമങ്ങള്‍ ഈ കാര്യം പറയുന്നുണ്ടെന്ന് നോക്കണം.
ഇന്ത്യാ രാജ്യത്ത് 14 സംസ്ഥാനങ്ങളിലും ബി ജെ പിയെ നേരിട്ട് എതിര്‍ക്കുന്നത് കോണ്‍ഗ്രസ് മാത്രമാണ്. മറ്റൊരു പാര്‍ട്ടിയുടേയും സഹായം ഇക്കാര്യത്തില്‍ കോണ്‍ഗ്രസിനില്ല.
കോണ്‍ഗ്രസിന് മൃദുഹിന്ദുത്വമാണെന്ന് പറയുന്ന മറ്റു സംഘടനകളുടെ അവസ്ഥ എന്താണെന്ന് എടുത്തു നോക്കേണ്ടതുണ്ട്. കോണ്‍ഗ്രസും ബി ജെ പിയും നേരിട്ട് മത്സരിക്കുന്ന പല മണ്ഡലങ്ങളിലും അസദുദ്ദീന്‍ ഉവൈസിയുടെ സ്ഥാനാര്‍ഥികള്‍ നിന്ന് എത്ര സീറ്റുകളാണ് ബി ജെ പിക്ക് നേടിക്കൊടുക്കുന്നതെന്ന് പരിശോധിക്കണം.
ഹിന്ദു കുടുംബങ്ങളില്‍ ജനിച്ച കോണ്‍ഗ്രസ് നേതാക്കളല്ലാതെ ആരാണ് ബി ജെ പിയെ നേരിട്ട് എതിര്‍ക്കുന്നതെന്ന് പറയേണ്ടതുണ്ട്. ഏത് പാര്‍ട്ടിയെ എടുത്തു പരിശോധിച്ചാലും ഒരിക്കലെങ്കിലും ബി ജെ പിയോടൊപ്പം ചേര്‍ന്നവരല്ലാതെ ആരാണുള്ളത്. എന്നിട്ടാണ് അവര്‍ കോണ്‍ഗ്രസിന് മൃദുഹിന്ദുത്വം ആരോപിക്കുന്നത്.
രാഹുല്‍ ഗാന്ധിയെ പോലെ നരേന്ദ്ര മോഡിക്കെതിരെ സംസാരിക്കുന്ന ദേശീയ തലത്തിലുള്ള ഏതെങ്കിലുമൊരു നേതാവിന്റെ പേര് പറയാനാവുമോ എന്നും ആര്യാടന്‍ ഷൗക്കത്ത് ചോദിച്ചു.
രാഷ്ട്രീയ നേതാവിനെ സംബന്ധിച്ചിടത്തോളം ഇമേജാണ് മൂലധനം. വര്‍ഷങ്ങളോളം രാഷ്ട്രീയ പ്രവര്‍ത്തനം നടത്തിയ നേതാവിനെ സംബന്ധിച്ചിടത്തോളം അയാളുടെ ഇമേജിനെ നഷ്ടപ്പെടുത്തുന്ന കാര്യങ്ങള്‍ വരുമ്പോള്‍ മാറി ചിന്തിക്കുന്നുണ്ടാകാം. അധികാരത്തിന് വേണ്ടി മാത്രമല്ല, താന്‍ ഇത്രയും കാലം നേടിയെടുത്ത ഇമേജ് നഷ്ടപ്പെടുമെന്ന അവസ്ഥ വരുമ്പോള്‍ അതിനെ പ്രതിരോധിക്കാന്‍ കെല്‍പ്പില്ലാത്ത പലരും പാര്‍ട്ടി മാറിയിട്ടുണ്ട്.
ആര്യാടന്‍ മുഹമ്മദിന് കിട്ടിയ പരിഗണന കോണ്‍ഗ്രസില്‍ ആര്യാടന്‍ ഷൗക്കത്തിന് കിട്ടണമെന്ന് പ്രതീക്ഷിക്കാനാവില്ല. പതിനഞ്ചാം വയസ്സില്‍ കോണ്‍ഗ്രസിന് വേണ്ടി രംഗത്തിറങ്ങിയ ആളാണ് ആര്യാടന്‍ മുഹമ്മദ്.
നിലമ്പൂരില്‍ ആരാണ് മത്സരിക്കേണ്ടതെന്ന തീരുമാനം സ്വീകരിക്കേണ്ടത് താനല്ലെന്നും കോണ്‍ഗ്രസ് പാര്‍ട്ടിയാണെന്നും ആര്യാടന്‍ ഷൗക്കത്ത് പറഞ്ഞു. രാഹുല്‍ ഗാന്ധി ഉത്തരേന്ത്യയില്‍ ജയിച്ചാലും വയനാട് മണ്ഡലം വിടുമെന്ന് താന്‍ കരുതുന്നില്ലെന്നും ആര്യാടന്‍ ഷൗക്കത്ത് പറഞ്ഞു.
കേരളത്തില്‍ യു ഡി എഫിന് 16 സീറ്റുകള്‍ ഉറപ്പാണെന്നും നാല് സീറ്റുകളില്‍ കടുത്ത മത്സരമാണ് നടന്നതെന്നും പറഞ്ഞ ആര്യാടന്‍ ഷൗക്കത്ത് അവിടേയും ലഭിക്കുകയാണെങ്കില്‍ കേരളം യു ഡി എഫ് തൂത്തുവാരുമെന്നും ശുഭാപ്തി വിശ്വാസം പ്രകടിപ്പിച്ചു.
മുസ്‌ലിം ലീഗുമായി ആത്യന്തികമായി അഭിപ്രായ വ്യത്യാസമൊന്നുമില്ലെന്നും രണ്ടു പാര്‍ട്ടികളെന്ന നിലയിലുള്ള ചില കാര്യങ്ങള്‍ മാത്രമാണെന്നും അദ്ദേഹം പറഞ്ഞു.
കേരളത്തില്‍ ബി ജെ പിക്ക് സീറ്റ് കിട്ടാന്‍ യാതൊരു സാധ്യതയുമില്ലെന്നും ആര്യാടന്‍ ഷൗക്കത്ത് പറഞ്ഞു.

