
സന്‍ആ: യമന്‍ പൗരനെ കൊലപ്പെടുത്തി മൃതദേഹം ജലസംഭരണിയില്‍ ഒളിപ്പിച്ച കേസില്‍ പ്രതിയായ മലയാളി യുവതി നിമിഷയ്ക്ക് അറബി അറിയില്ലെന്ന് കോടതിയെ ബോധ്യപ്പെടുത്തി. കുറ്റസമ്മതത്തില്‍ ഉള്‍പ്പെടെ പുതുതായി വാദം കേള്‍ക്കാന്‍ സാധ്യതയെന്ന് റിപ്പോര്‍ട്ട്.വിചാരണനടപടികളില്‍ പരിഭാഷകനെ വയ്ക്കാന്‍ യമനിലെ അപ്പീല്‍ കോടതി അനുമതി നല്‍കി. 2017ലാണ് കേസുമായി ബന്ധപ്പെട്ട നിയമനടപടികള്‍ തുടങ്ങിയത്. നിമിഷയ്ക്ക് അറബി അറിയില്ലെന്നു കോടതിയെ ബോധ്യപ്പെടുത്താനായി. ഇതോടെ വധശിക്ഷയ്ക്ക് വിധിച്ച കീഴ്‌ക്കോടതിയില്‍ സമര്‍പ്പിക്കപ്പെട്ട കുറ്റസമ്മതമൊഴിയിലടക്കം പുതുതായി വാദം കേള്‍ക്കാന്‍ സാധ്യത തെളിഞ്ഞുവെന്നും കുറ്റസമ്മതം അടിസ്ഥാനമാക്കിയായിരുന്നു കോടതിവിധിയെന്നുമാണ് റിപ്പോര്‍ട്ട്.
ഇന്ത്യന്‍ എംബസി പ്രതിനിധിക്കൊപ്പം ജയിലിലെത്തി നിമിഷപ്രിയയെ സാമൂഹ്യ പ്രവര്‍ത്തകന്‍ കണ്ടിരുന്നു.തന്റെ നിരപരാധിത്വം തെളിയിക്കാനാവുമെന്നാണ് പ്രതീക്ഷയെന്ന് സാമൂഹിക പ്രവര്‍ത്തകന്‍ സാമുവല്‍ പറഞ്ഞു. കൊലപാതകത്തിന് കൂട്ട് നിന്നതായി പറയപ്പെടുന്ന നഴ്‌സ് ഹനാന് കോടതി ജീവപര്യന്തം ശിക്ഷ വിധിച്ചിരുന്നു. ജീവന്‍ രക്ഷിക്കണമെന്ന അഭ്യര്‍ത്ഥനയുമായി നിമിഷ സംസ്ഥാന സര്‍ക്കാരിനെ സമീപിച്ചെങ്കിലും അനുകൂല നിലപാട് ഉണ്ടായില്ല. പീഡനങ്ങളും ദുരിതങ്ങളും സഹിക്കാനാവാതെയാണ് കൊലപാതകത്തിന് നിര്‍ബന്ധിത ആയതെന്ന് എന്നാണ് നിമിഷ പറയുന്നത്.
യമനില്‍ തലാല്‍ അബ്ദു മഹ്ദിയുമൊന്നിച്ചു ക്ലിനിക്ക് നടത്തുകയായിരുന്നു നഴ്‌സ് ആയ നിമിഷപ്രിയ. തന്നെ വഞ്ചിച്ച് ലക്ഷക്കണക്കിനു രൂപ തട്ടിയെടുത്തെന്നും പാസ്‌പോര്‍ട്ട് പിടിച്ചുവച്ചു നാട്ടില്‍ വിടാതെ പീഡിപ്പിച്ചെന്നും ലൈംഗിക വൈകൃതങ്ങള്‍ക്കായി ഭീഷണിപ്പെടുത്തിയെന്നും ഇവര്‍ പറയുന്നു. നഴ്‌സായി ജോലി ചെയ്യുന്നതിനിടെ സ്വന്തമായി ക്ലിനിക്ക് തുടങ്ങാന്‍ 2014 ല്‍ ആണു നിമിഷപ്രിയ തലാലിന്റെ സഹായം തേടിയത്. പിന്നീടു ഭീഷണിപ്പെടുത്തി മതാചാരപ്രകാരം തലാല്‍ വിവാഹം കഴിക്കുകയായിരുന്നെന്നും നിമിഷപ്രിയ പറയുന്നു.

