കുംഭമേളയിലെ വ്യാജ കോവിഡ് പരിശോധന തട്ടിപ്പ്; ഇ ഡി പരിശോധന നടത്തി

Web Desk
1 Min Read

ന്യൂഡല്‍ഹി: കുംഭമേളയില്‍ നടത്തിയ വ്യാജ കോവിഡ് പരിശോധന തട്ടിപ്പുമായി ബന്ധപ്പെട്ട് ഉന്നത ഉദ്യോഗസ്ഥരുടെ വീടുകളിലും ഓഫിസുകളിലും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് പരിശോധന. അഞ്ച് ഡയഗ്നോസ്റ്റിക് സ്ഥാപനങ്ങളിലെ ഉന്നത ഉദ്യോഗസ്ഥരുടെ വീടുകളിലും ഓഫീസുകളിലുമാണ് പരിശോധന നടത്തിയത്.
ഉത്തരാഖണ്ഡ് പോലീസ് അന്വേഷിച്ച കേസില്‍ പിന്നീട് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അന്വേഷണം നടത്തുകയായിരുന്നു. കുംഭമേളയില്‍ വേഗത്തിലുള്ള ആന്റിജന്‍ പരിശോധനയും ആര്‍ ടി പി സി ആര്‍ പരിശോധനകളും നടത്താന്‍ ഉത്തരാഖണ്ഡ് സര്‍ക്കാര്‍ കരാര്‍ നല്കിയ ലാബുകളുമായി ബന്ധപ്പെട്ടാണ് ഇ ഡി പരിശോധന നടത്തിയത്.
ലാബുകള്‍ ആവശ്യമായത്ര എണ്ണം കോവിഡ് പരിശോധന നടത്തിയില്ലെന്ന് സര്‍ക്കാര്‍ കണ്ടെത്തിയിരുന്നു. എന്നാല്‍ കോവിഡ് പരിശോധന നടത്തിയെന്ന് കാണിച്ച് ലാബുകള്‍ വ്യാജ പേരുകള്‍ എഴുതിച്ചേര്‍ക്കുകയും വ്യാജ ഫലങ്ങള്‍ നല്കുകയും ബില്ലുകള്‍ സമര്‍പ്പിക്കുകയും ചെയ്തതായി സര്‍ക്കാര്‍ കണ്ടെത്തുകയായിരുന്നു.
ആരേയും പരിശോധിക്കാതെ കോവിഡ് പരിശോധനയുടെ എണ്ണം പെരുപ്പിച്ച് കാട്ടിയപ്പോള്‍ ലാബുകള്‍ ഒരേ നമ്പറും വിലാസവും എഴുതിയത് ശ്രദ്ധിക്കപ്പെട്ടതോടെയാണ് തട്ടിപ്പ് പുറത്തായത്. മാത്രമല്ല തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ പേരുള്ളവരില്‍ ചിലര്‍ കുംഭമേള സ്ഥലം സന്ദര്‍ശിച്ചിട്ടുപോലുമുണ്ടായിരുന്നില്ല.
ലാബുകള്‍ തോന്നിയതുപോലുള്ള പരിശോധനാ ഫലം നല്കിയതിനെ തുടര്‍ന്ന് ഹരിദ്വാറില്‍ കുംഭമേളക്കാലത്ത് കോവിഡ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 0.18 ശതമാനം മാത്രമാണെന്നാണ് പുറത്തു വന്ന റിപ്പോര്‍ട്ടുകള്‍.

city exchange
Share This Article
Leave a Comment
error: Content is protected !!