

ദോഹ: ഖത്തറിലെ തൃശ്ശൂര്‍ ജില്ലയിലെ താന്ന്യം പഞ്ചായത്തു കിഴുപ്പിള്ളിക്കര നിവാസികളുടെ കൂട്ടായ്മയായ കിഴുപ്പിള്ളിക്കര പ്രവാസി സൗഹൃദ കൂട്ടായ്മ ഖത്തര്‍ കുടുംബ സംഗമവും ഒന്നാം വാര്‍ഷികവും നുഐജ കള്‍ച്ചറല്‍ ഫോറം ഹാളില്‍ നടന്നു. ഇന്ത്യന്‍ ഡോക്ടേഴ്സ് ക്ലബ് മുന്‍ പ്രസിഡണ്ടും ഇപ്പോഴത്തെ ഉപദേശക സമിതി ചെയര്മാനായുമായ ഹമദ് ഹോസ്പിറ്റല്‍ എമര്‍ജന്‍സി മെഡിസിന് സീനിയര്‍ കണ്‍സള്‍ട്ടന്റ് ഡോ. ബിജു ഗഫൂര്‍ ഉദ്ഘടനം ചെയ്തു.

സാമൂഹ്യ പ്രവര്ത്തകന് അഷറഫ് അമ്പലത്ത് മുഖ്യാതിഥി ആയിരുന്നു. ആതുര സേവന രംഗത്ത് ഖത്തറില്‍ ദീര്‍ഘകാലമായി നല്കിയ സമഗ്ര സംഭാവനകള്‍ക്ക് ഡോ. ബിജു ഗഫൂറിനെയും കൂടാതെ ഖത്തറില്‍ ദീര്‍ഘകാലമായി ജീവകാരുണ്യ സാമൂഹ്യ സേവന രംഗത്ത് നല്കിയ സമഗ്ര സംഭാവനകള്‍ക്ക് അമ്പലത്ത് അഷറഫിനെയും മൊമെന്റോ നല്കി ആദരിച്ചു.


25 വര്‍ഷങ്ങള്‍ പൂര്‍ത്തിയാക്കിയ എട്ടു പ്രവാസികളെ ചടങ്ങില്‍ ആദരിച്ചു. കൂടാതെ നാലു വനിതാ അംഗങ്ങള്‍ക്ക് ഉപഹാരങ്ങള്‍ നല്കി ആദരിച്ചു.
തുടര്‍ന്ന് വിവിധ കലാ പരിപാടികള്‍ നടന്നു. ഖത്തര്‍ മാപ്പിളകല അക്കാദമി ചെയര്മാന് മുഹ്സിന് തളിക്കുളം നയിച്ച ഗാനമേളയില്‍ പ്രശസ്ത ഗായകരായ റഫീഖ് വാടാനപ്പള്ളി, ഫൈസല്‍ വാടാനപ്പള്ളി, മെഹ്ദിയ മന്‍സൂര്‍ കിഴുപ്പിള്ളിക്കര എന്നിവര്‍ ഗാനങ്ങള്‍ ആലപിച്ചു.
മുന്ന ഷാഫി നിര്‍മിച്ച ‘കിഴുപ്പിള്ളിക്കര ഗ്രാമം’ എന്ന ഗാനം ആലപിച്ച മുഹ്സിന് തളിക്കുളത്തെ ഉപഹാരങ്ങള്‍ നല്കി ആദരിച്ചു.
കിഫ പ്രസിഡന്റ് ഹിജാസ് അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി ഷാജഹാന് വി എ സ്വാഗതവും നന്ദിയും പറഞ്ഞു.
മന്‍സൂര്‍, സിദ്ധിഖ്, അജിമോന് ആദം, പ്രകാശ്, മോഹനന്, ഷെറിന് മജീദ്, ഷജീര്‍, ഷാഫി പി സി പാലം എന്നിവര്‍ ആശംസകള്‍ നേര്‍ന്നു സംസാരിച്ചു. തുടര്‍ന്ന് നടന്ന കൂപ്പണ്‍ നറുക്കെടുപ്പിലെ 15 വിജയികള്‍ക്ക് സമ്മാനങ്ങള്‍ നല്കി.

