

കൊച്ചി: ശാസ്ത്ര വിജ്ഞാനങ്ങളുടെ ഉത്ഭവസ്ഥാനമായിരുന്ന ഇന്ത്യയില്‍ പിന്നീട് അവയെല്ലാം അവഗണിക്കപ്പെട്ടുവെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ പറഞ്ഞു. കേരള മാനേജ്മെന്റ് അസോസിയേഷന്റെ മാനേജ്മെന്റ് ലീഡര്‍ഷിപ്പ് അവാര്‍ഡ് ഐ എസ് ആര്‍ ഒ ചെയര്‍മാന്‍ എസ് സോമനാഥിന് സമ്മാനിച്ചു സംസാരിക്കുകയായിരുന്നു ഗവര്‍ണര്‍.

ഒന്‍പതാം നൂറ്റാണ്ടിലെഴുതിയ സംസ്‌കൃത ഗ്രന്ഥം സൂര്യ സൂര്യസിദ്ധാന്തമാണ് യൂറോപ്പിന്റെയാകെ ബഹിരാകാശ പഠനത്തിന് അടിത്തറയിട്ടത്. സംസ്‌കൃതത്തില്‍ രചിക്കപ്പെട്ട വിജ്ഞാനം അറബികളിലൂടെ ഗ്രീക്കിലേക്കും പേര്‍ഷ്യന്‍ ഭാഷകളിലേക്കും മാറ്റി എഴുതപ്പെടുകയായിരുന്നു. നമ്മുടെ പഞ്ചതന്ത്രം പോലും അറബി ഭാഷയില്‍ നിന്ന് തിരിച്ച് എടുക്കേണ്ടി വന്നു. സൗരയൂഥത്തിന്റെയും ജ്യോതിശാസ്ത്രത്തിന്റെയും വളര്‍ച്ചയ്ക്ക് അടിസ്ഥാനമാകുന്ന ഒട്ടനവധി സംസ്‌കൃത വിജ്ഞാനങ്ങള്‍ സംരക്ഷിക്കാനും ഉപയോഗപ്പെടുത്താനും കഴിഞ്ഞില്ല. വിജ്ഞാനത്തിന്റെ വീണ്ടെടുപ്പാണ് നാം നടത്തുന്നതെന്നും ഗവര്‍ണര്‍ പറഞ്ഞു.

കെ എം എ മാനേജ്മെന്റ് ലീഡര്‍ഷിപ്പ് അവാര്‍ഡ് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനില്‍ നിന്ന് ഐ എസ് ആര്‍ ഒ ചെയര്‍മാന്‍ എസ് സോമനാഥ് ഏറ്റുവാങ്ങി. ചന്ദ്രോപരിതല പര്യവേക്ഷണ ദൗത്യമായ ചന്ദ്രയാന്‍ 3ന്റെ വിക്ഷേപണം ഉടന്‍ ഉണ്ടാകുമെന്നും വിക്ഷേപണ വാഹനത്തിന്റെ നിര്‍ണായക പരീക്ഷണ ദൗത്യങ്ങള്‍ നേരത്തെ പൂര്‍ത്തിയാക്കിയിരുന്നുവെന്നും എസ് സോമനാഥ് പറഞ്ഞു. ബഹിരാകാശ ഗവേഷണ രംഗത്ത് വലിയ മുന്നേറ്റം സൃഷ്ടിക്കാന്‍ രാജ്യത്തിന് കഴിഞ്ഞു. തദ്ദേശീയമായി നിര്‍മ്മിക്കുന്ന ഉല്‍പന്നങ്ങളാണ് ഇന്ന് നമ്മള്‍ റോക്കറ്റുകളുടെ നിര്‍മ്മാണത്തില്‍ 50 ശതമാനവും ഉപയോഗിക്കുന്നത്.
കെ എം എ പ്രസിഡന്റ് ഡോ. നിര്‍മല ലില്ലി അധ്യക്ഷത വഹിച്ചു. ഐ എസ് ആര്‍ ഒ ചെയര്‍മാന്‍ എന്നതിനേക്കാള്‍ മലയാളികളുടെ യശസ് കൂടിയായ സോമനാഥിന് അവാര്‍ഡ് സമ്മാനിക്കാന്‍ കഴിഞ്ഞത് കെ എം എയ്ക്ക് അഭിമാന മുഹൂര്‍ത്തമാണെന്നും നിര്‍മല ലില്ലി പറഞ്ഞു. കെ എം എ സെക്രട്ടറി അല്‍ജിയേഴ്‌സ് ഖാലിദ്, മാനേജ്മെന്റ് ലീഡര്‍ഷിപ്പ് അവാര്‍ഡ് ചെയര്‍മാന്‍ വിവേക് കൃഷ്ണ എന്നിവര്‍ പ്രസംഗിച്ചു.

