

കൊച്ചി: പുതുവത്സര ദിനത്തില്‍ സമയം നീട്ടിയും ടിക്കറ്റ് നിരക്ക് കുറച്ചും കൊച്ചി മെട്രോ. പുതുവത്സര പരിപാടികളില്‍ പങ്കെടുത്ത് മടങ്ങാന്‍ പാകത്തില്‍ കൊച്ചി മെട്രോയുടെ സമയം 2023 ജനുവരി ഒന്നാം തിയ്യതി അര്‍ധരാത്രി ഒരു മണി വരെ ദീര്‍ഘിപ്പിച്ചിട്ടുണ്ട്. സാധാരണ 11 മണിക്ക് അവസാനിപ്പിക്കുന്ന സര്‍വീസുകളാണ് രണ്ടു മണിക്കൂര്‍ കൂടി നീട്ടിയത്.

മാത്രമല്ല ടിക്കറ്റ് നിരക്കിലും ഇളവ് അനുവദിച്ചിട്ടുണ്ട്. ഡിസംബര്‍ 31ന് രാത്രി ഒന്‍പത് മണി മുതല്‍ ജനുവരി ഒന്ന് അര്‍ധരാത്രി ഒരു മണി വരെ നിരക്ക് പകുതിയായി കുറച്ചു.

സംഗതി ഇങ്ങനെയൊക്കെയാണെങ്കിലും പുതുവത്സരത്തിന്റെ പേരും പറഞ്ഞ് കൊച്ചിയില്‍ വല്ലാതങ്ങ് കളിക്കാന്‍ നില്‍ക്കേണ്ട. ആഘോഷങ്ങളും പരിപാടികളുമുള്ള എല്ലാ സ്ഥലങ്ങളിലും പൊലീസ് നിരീക്ഷണ ക്യാമറകള്‍ സ്ഥാപിച്ചിട്ടുണ്ട്. മാത്രമല്ല മഫ്ടി പൊലീസുകാരും സ്ഥലത്തുണ്ടാകും.
ഹോട്ടലുകളിലെ ഡി ജെ പാര്‍ട്ടികളില്‍ പങ്കെടുക്കുന്നവര്‍ തിരിച്ചറിയല്‍ രേഖകള്‍ നല്‍കണമെന്നും അറിയിച്ചിട്ടുണ്ട്. തിരിച്ചറിയല്‍ രേഖ നല്‍കാത്തവരെ ഡി ജെ പാര്‍ട്ടികളില്‍ പങ്കെടുപ്പിച്ചാല്‍ ഹോട്ടലുകാര്‍ കുടുങ്ങുമെന്ന മുന്നറിയിപ്പുമുണ്ട്.
ഇന്ന് രാത്രി 12 മണിക്ക് പുതുവത്സരാഘോഷത്തിന്റെ ഭാഗമായി ഫോര്‍ട്ട് കൊച്ചിയില്‍ പാപ്പാഞ്ഞിയെ കത്തിക്കും. കത്തിക്കാനുള്ള പാപ്പാഞ്ഞിയുണ്ടാക്കാന്‍ ആറു ലക്ഷം രൂപയാണ് ചെലവഴിച്ചിരിക്കുന്നത്. പാപ്പാഞ്ഞിക്ക് നരേന്ദ്ര മോഡിയുടെ മുഖച്ഛായയുണ്ടെന്ന് പറഞ്ഞ് ബി ജെ പിക്കാര്‍ പ്രതിഷേധിച്ചപ്പോള്‍ തിരക്കിട്ട് മുഖം മാറ്റിയതും ഈ വര്‍ഷത്തെ കൗതുകമായി.
പുതുവത്സരം പ്രമാണിച്ച് എറണാകുളം ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ ആഘോഷ പരിപാടികള്‍ സംഘടിപ്പിക്കുന്നുണ്ട്. ഫോര്‍ട്ട് കൊച്ചി കാര്‍ണിവര്‍, വൈപ്പിന്‍ കാര്‍ണിവല്‍, ഗോതുരുത്ത് ഫെസ്റ്റ്, നക്ഷത്ര തടാകം തുടങ്ങി എല്ലായിടങ്ങളിലും പുതുവത്സരം ആഘോഷിക്കാനുള്ള തയ്യാറെടുപ്പുകള്‍ പൂര്‍ത്തിയായിട്ടുണ്ട്.
ഇതിന്റെയെല്ലാം കൂടെ കൊച്ചി- മുസിരിസ് ബിനാലെയുമുണ്ട്. ആഘോഷങ്ങള്‍ പ്രമാണിച്ച് രാത്രി ഒരു മണി വരെ ഫോര്‍ട്ട് കൊച്ചിയിലേക്കും എറണാകുളത്തേക്കും രാത്രി ഒരു മണി വരെ ബോട്ട് സര്‍വീസും ബസ് സര്‍വീസും നടത്തുന്നുണ്ട്.

