കൊച്ചി തിയേറ്റര്‍ ഫെസ്റ്റിവല്‍ 2026: തീവണ്ടിയുടെ ചരിത്രവുമായി കൂ ഹൂ ആന്‍ ആന്തോളജി ഓണ്‍ റെയില്‍സ് അരങ്ങേറി

Web Desk
1 Min Read

കൊച്ചി: ചാവറ കള്‍ച്ചറല്‍ സെന്ററില്‍ നടക്കുന്ന കൊച്ചി തിയേറ്റര്‍ ഫെസ്റ്റിവലിന്റെ ആദ്യപതിപ്പിന്റെ രണ്ടാം ദിനത്തില്‍ അരുണ്‍ലാല്‍ രചനയും സംവിധാനവും നിര്‍വ്വഹിച്ച ‘കൂ- ഹൂ- ആന്‍ ആന്തോളജി ഓണ്‍ റെയില്‍സ്’ അരങ്ങേറി. തീവണ്ടി സ്റ്റേഷനുകളുടെ പശ്ചാത്തലത്തില്‍ വാഗണ്‍ ട്രാജഡി മുതല്‍ പഥേര്‍ പാഞ്ചാലി വരെയും വിഭജനം മുതല്‍ ഗോധ്ര വരെയുള്ള ചരിത്രസംഭവങ്ങളെ കോര്‍ത്തിണക്കിയാണ് ഈ യാത്ര സമാധാനത്തിന്റെ പ്രതീക്ഷയിലേക്ക് നീങ്ങിയത്.

city exchange

പിയര്‍ പൗലോ പസോളിനി യൂറിപ്പിഡിസിന്റെ ദുരന്തം അടിസ്ഥാനമാക്കി സംവിധാനം ചെയ്ത ‘മീഡിയ’ എന്ന ക്ലാസിക് ചലച്ചിത്രത്തിന്റെ സ്‌ക്രീനിംഗോടെയാണ് രണ്ടാംദിന പരിപാടികള്‍ ആരംഭിച്ചത്. തുടര്‍ന്ന് തിയേറ്റര്‍ മേക്കിംഗ് എന്ന വിഷയത്തില്‍ പത്മശ്രീ ഡോ. നീലം മാന്‍സിങ് ചൗധരിയും സ്‌കൂള്‍ ഓഫ് ഡ്രാമാ ഡയറക്ടര്‍ ഡോ. അഭിലാഷ് പിള്ളയും തമ്മിലുള്ള സംഭാഷണം നടന്നു. 15 തവണ മികച്ച രംഗശില്പത്തിനുള്ള സംസ്ഥാന അവാര്‍ഡ് നേടിയ ആര്‍ട്ടിസ്റ്റ് സുജാതനെ ആദരിച്ചു. പുരോഗമന കലാ സാഹിത്യ സംഘം സെക്രട്ടറി രവിത ഹരിദാസ് പൊന്നാടയണിയിച്ചു.

തന്റെ നാടകത്തില്‍ നടീനടന്മാരെ പങ്കാളികളായാണ് കാണുന്നതെന്ന് നീലം മാന്‍സിങ് ചൗധരി പറഞ്ഞു. മനോധര്‍മനുസരിച്ചുള്ള അവരുടെ ഇംപ്രൊവൈസേഷന്‍ തന്റെ നാടകങ്ങളില്‍ ഇതിവൃത്തംപോലെ തന്നെ പ്രധാനമാണെന്നും അവര്‍ പറഞ്ഞു. തിയേറ്ററില്‍ വലിപ്പച്ചെറുപ്പം ഇല്ലാതാകണം. സംവിധാനം ചെയ്യുന്ന ആള്‍ നടീനടന്മാരെ ഒന്നും അടിച്ചേല്‍പ്പിക്കേണ്ടതില്ല. അവരുടേതായ സംഭാവനകളാണ് പ്രധാനം.

ഫെസ്റ്റിവലില്‍ ഇന്ന് ഉച്ചക്ക് 2 മണിക്ക് ടാഗോര്‍ കൃതിക്ക് ഋതുപര്‍ണോ ഘോഷ് ചമച്ച ആധുനിക ചലച്ചിത്രഭാഷ്യമായ ‘ചിത്രാംഗദയുടെ സ്‌ക്രീനിംഗ്, 4 മണിക്ക് ലിംഗ, ജാതി നിശബ്ദതകള്‍ എന്ന വിഷയത്തില്‍ ഡോ. സജിത മഠത്തിലിന്റെ പ്രഭാഷണം, 6.15ന് രംഗചേതനയുടെ സംഘാടകന്‍ ഇ ടി വര്‍ഗ്ഗീസിനെ ആദരിക്കും. 6.30ന് ബംഗളൂരു ആസ്ഥാനമായ ഭാഗവതരു അവതരിപ്പിക്കുന്ന മഹായുഗ എന്ന നാടകത്തിന്റെ അവതരണം. കെ എസ് റാണഗൗഡയും കെ എന്‍ ത്യാഗരാജും ചേര്‍ന്ന് മഹാഭാരതം അടിസ്ഥാനമാക്കി എഴുതിയ നാടകമാണ് മഹായുഗ.

- Advertisement -
Ad image
Share This Article
Leave a Comment
error: Content is protected !!