
ഷാര്‍ജ: പിതാവിന്റെ കാമുകിയുടെ പീഡനം സഹിക്കാതെ പൊലീസില്‍ അഭയം തേടിയ കുട്ടികളുടെ പഠനം കോഴിക്കോട് മര്‍ക്കസ് ഏറ്റെടുക്കുമെന്ന് ദുബൈ മര്‍ക്കസ് സഹറത്തുല്‍ ഖുര്‍ആന്‍ ഡയറക്ടര്‍ യഹ്യ അബ്ദുല്‍ ഖാദര്‍ അറിയിച്ചു. കുട്ടികളുടെ പാസ്‌പോര്‍ട്ട് വീണ്ടെടുക്കാനുള്ള ശ്രമങ്ങള്‍ പുരോഗമിക്കുകയാണെന്നും അദ്ദേഹം അറിയിച്ചു.
ഷാര്‍ജയില്‍ ജനിച്ചു വളര്‍ന്നതാണ് കുട്ടികള്‍. മൂത്തയാള്‍ക്ക് 17ഉം രണ്ടാമന് 12ഉം വയസ്സാണ് പ്രായം. ഉമ്മയുടെ സഹോദരി പിതാവിന്റെ കാമുകിയായി വന്നതോടെയാണ് തങ്ങളുടെ കുടുംബത്തില്‍ പ്രശ്‌നങ്ങള്‍ തുടങ്ങിയതെന്ന് കുട്ടികള്‍ പറയുന്നു. പിതാവ് മാഹി സ്വദേശിയും മാതാവ് പത്തനംതിട്ട സ്വദേശിയുമാണ്. മാതാവ് പിണങ്ങി നാട്ടിലേക്ക് പോയതോടെ തങ്ങളുടെ ദുരിതം ആരംഭിക്കുകയായിരുന്നുവെന്നാണ് കുട്ടികള്‍ അറിയിച്ചത്. തങ്ങളെ മാതാവിന്റെ സമീപത്ത് എത്തിക്കണമെന്നായിരുന്നു കുട്ടികള്‍ പൊലീസില്‍ ആവശ്യപ്പെട്ടത്.
എട്ടിലും അഞ്ചിലും പഠനം മുടങ്ങിയ അവസ്ഥയിലാണ് കുട്ടികളുള്ളത്. മാത്രമല്ല നാലുവര്‍ഷമായി ഇരുവര്‍ക്കും വിസയുമില്ല. പാസ്‌പോര്‍ട്ടിന്റെ കാലാവധിയും അവസാനിക്കാറായിട്ടുണ്ട്. നാട്ടിലേക്ക് മടങ്ങണമെങ്കില്‍ പോലും ഇവര്‍ക്ക് അറുപതിനായിരത്തോളം ദിര്‍ഹം പിഴ അടക്കേണ്ടി വരും.
കുട്ടികളുടെ പാസ്‌പോര്‍ട്ടും മറ്റു രേഖകളും ഹാജരാക്കാന്‍ പിതാവിനോട് പൊലീസ് ആവശ്യപ്പെട്ടിട്ടുണ്ട്.
പിതാവിനോടൊപ്പം പോകാന്‍ കുട്ടികള്‍ വിസമ്മതിച്ചതിനെ തുടര്‍ന്ന് ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന്റേയും ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ടീമിന്റേയും സംരക്ഷണയിലാണ് പൊലീസ് കുട്ടികളെ വിട്ടിരിക്കുന്നത്.

