
ജിദ്ദ: സൗദിയില്‍ തൊഴില്‍ വിസക്ക് തൊഴില്‍ കരാര്‍ നിര്‍ബന്ധമാക്കുന്ന നടപടിക്രമം തയ്യാറാക്കാന്‍ വിദേശ കാര്യ മന്ത്രാലയത്തോട് സൗദി മന്ത്രിസഭ നിര്‍ദേശിച്ചു. തീരുമാനം വിദേശ ജോലിക്കാരുടെ അവകാശങ്ങള്‍ സംരക്ഷിക്കാന്‍ ഗുണകരമാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്. ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം. നിലവില്‍ സൗദിയിലേക്ക് തൊഴിലാളികള്‍ എത്തിയ ശേഷമാണ് കരാറുകള്‍ തയ്യാറാക്കുന്നത്. ഇതിലാണ് ഭേദഗതി വരിക. തൊഴില്‍ വിസയില്‍ വരുന്നയാളുമായി മുന്‍കൂട്ടി കരാര്‍ തയ്യാറാക്കണം. വിസ അനുവദിക്കുന്ന വിദേശ കാര്യ മന്ത്രാലയം ഇക്കാര്യം ഉറപ്പു വരുത്തണമെന്നാണ് നിര്‍ദേശം. ഫലത്തില്‍ തൊഴില്‍ കരാര്‍ ഉള്ളവര്‍ക്ക് മാത്രമേ തൊഴില്‍ വിസ ലഭിക്കൂ. സൗദിയിലെത്തിയ ശേഷം വിദേശികള്‍ സ്ഥാപനവും സ്പോണ്‍സര്‍ഷിപ്പും മാറാറുണ്ട്. അതിന് നിലവിലുള്ള രീതി തന്നെ തുടരും. പുതിയ നീക്കം നടപ്പായാല്‍ വിദേശി തൊഴിലാളികള്‍ക്ക് ഗുണമാകും. ശമ്പളവും തൊഴിലവകാശവും അടക്കമുള്ള കാര്യങ്ങളില്‍ തര്‍ക്കം ഇല്ലാതാക്കാനും ഇത് സഹായിക്കും.


