എറണാകുളത്ത് 800 കോടിയുടെ സള്‍ഫ്യൂറിക് ആസിഡ് പ്ലാന്റ് സ്ഥാപിക്കാന്‍ ഖത്തര്‍ മലയാളി സംരംഭകര്‍

Web Desk
1 Min Read

കൊച്ചി: കേരളത്തിന്റെ വ്യവസായ വികസനത്തിനും തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിനും സുപ്രധാന തീരുമാനവുമായി ഖത്തര്‍ ആസ്ഥാനമായുള്ള മലയാളി സംരംഭകരുടെ കമ്പനിയായ ബിയ്വു ഇന്റര്‍നാഷണല്‍. എറണാകുളം അമ്പലമേട്ടില്‍ സള്‍ഫ്യൂറിക് ആസിഡ് പ്ലാന്റ് സ്ഥാപിക്കാനുള്ള ധാരണാപത്രം സംസ്ഥാന സര്‍ക്കാരിന് കൈമാറി. കൊച്ചിയില്‍ നടന്ന ഇന്‍വെസ്റ്റ് കേരള നിക്ഷേപക സംഗമത്തില്‍ ബിയ്വു ഇന്റര്‍നാഷണല്‍ സി ഇ ഒ റിയാസ് ആദം, ഡയറക്ടര്‍ സലിം മുല്ലപ്പള്ളി എന്നിവര്‍ ചേര്‍ന്ന് താത്പര്യ പത്രം വ്യവസായമന്ത്രി പി രാജീവിന് കൈമാറി.

city exchange

ഇന്ത്യയില്‍ സള്‍ഫ്യൂറിക് ആസിഡ് ഇറക്കുമതി ചെയ്യേണ്ട നിലവിലെ സാഹചര്യത്തില്‍ രാജ്യത്ത് ഉത്പാദനം വര്‍ധിപ്പിക്കാന്‍ പ്ലാന്റ് സഹായകരമാകും.
രാസവസ്തു, എണ്ണ- വാതക മേഖലയിലെ ആഗോള പ്രശസ്തരാണ് ബിയ്വു ഇന്റര്‍നാഷണല്‍. അമ്പലമേട്ടില്‍ 1200 ടണ്‍ പ്രതിദിന ശേഷിയുള്ള സള്‍ഫ്യൂറിക് ആസിഡ് പ്ലാന്റ് സ്ഥാപിക്കാനാണ് സര്‍ക്കാരുമായി ധാരണനായത്. ഇതിനായി ബിയ്വു ഇന്റര്‍നാഷണല്‍ 800 കോടി രൂപ നിക്ഷേപിക്കും.

ഈ പദ്ധതിയിലൂടെ നേരിട്ടും പരോക്ഷമായും 600 തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെടും. പരിസ്ഥിതിക്ക് അനുകൂലമായതും സുരക്ഷിതവും കാര്യക്ഷമവുമായ അത്യാധുനിക സാങ്കേതികവിദ്യകള്‍ ഉപയോഗപ്പെടുത്തിയാകും പ്ലാന്റ് പ്രവര്‍ത്തിക്കുക.
കേരള സര്‍ക്കാര്‍ പദ്ധതിക്ക് പിന്തുണ പ്രഖ്യാപിച്ചതായി റിയാസ് ആദം പറഞ്ഞു.

പദ്ധതിയുടെ സമയബന്ധിത അനുമതി ലഭ്യമാക്കാനും വിജയകരമായി നടപ്പിലാക്കാനും സഹകരിക്കുമെന്ന് മന്ത്രി പി രാജീവും വ്യവസായ വകുപ്പിന് വേണ്ടി പ്രിന്‍സിപ്പല്‍ സെക്രട്ടറി മുഹമ്മദ് ഹനീഷും ഉറപ്പ് നല്‍കിയതായും കമ്പനി അധികൃതര്‍ അറിയിച്ചു. കിന്‍ഫ്രയും കെ എസ് ഐ ഡി സിയും ചേര്‍ന്ന് അവശ്യ അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുന്നതിനും മറ്റ് ലളിതവല്‍ക്കരണ നടപടികള്‍ക്കും മുന്‍കൈ എടുക്കും.

- Advertisement -
Ad image
Share This Article
Leave a Comment
error: Content is protected !!