
തെഹ്‌റാന്‍: വിസ സങ്കീര്‍ണതകളും സുരക്ഷാ ആശങ്കകളും പരിഗണിച്ച് ഫിഫ ലോകകപ്പ് 2026 പരിശീലന ക്യാമ്പ് യു എസില്‍ മെക്‌സിക്കോയിലേക്ക് മാറ്റിയതായി ഇറാന്‍ ഫുട്‌ബോള്‍ ഫെഡറേഷന്‍ പ്രസിഡന്റ് മെഹ്ദി താജ് അറിയിച്ചു. ഫിഫയുമായും ടൂര്‍ണമെന്റ് സംഘാടകരുമായും നടത്തിയ ചര്‍ച്ചകള്‍ക്കു ശേഷമാണ് മാറ്റത്തിന് അനുമതി ലഭിച്ചത്.

യു എസിലെ അരിസോണ സംസ്ഥാനത്തെ ടൂസണാണ് ഇറാന്‍ പരിശീലന കേന്ദ്രമായി തെരഞ്ഞെടുത്തിരുന്നതെങ്കിലും പശ്ചിമേഷ്യന്‍ സംഘര്‍ഷത്തിന്റേയും യാത്രാ- പ്രവേശന നടപടികളിലെ അനിശ്ചിതത്വവുമാണ് സുരക്ഷിതമായ മറ്റൊരു കേന്ദ്രം തെരഞ്ഞെടുക്കാന്‍ കാരണമായത്. ഇറാന്‍ ടീമിന്റെ ആസ്ഥാനം മെക്‌സിക്കോയിലെ ടിജുവാനയായിരിക്കും. അമേരിക്കന്‍ അതിര്‍ത്തിക്ക് സമീപം സാന്‍ ഡിയാഗോയുടെ തെക്കുഭാഗത്താണ് ടിജുവാന സ്ഥിതി ചെയ്യുന്നത്.

2026 ജൂണ്‍ 11 മുതല്‍ ജൂലൈ 19 വരെ അമേരിക്ക, കാനഡ, മെക്‌സിക്കോ എന്നീ രാജ്യങ്ങള്‍ സംയുക്തമായാണ് ഫിഫ ലോകകപ്പ് സംഘടിപ്പിക്കുന്നത്. ലോകകപ്പില്‍ പങ്കെടുക്കുന്ന എല്ലാ രാജ്യങ്ങളുടെയും പരിശീലന ക്യാമ്പുകള്‍ക്ക് ഫിഫയുടെ അംഗീകാരം നിര്‍ബന്ധമാണെന്ന് മെഹ്ദി താജ് വ്യക്തമാക്കി. ഇസ്താംബൂളില്‍ ഫിഫ- ലോകകപ്പ് അധികൃതരുമായി നടത്തിയ ചര്‍ച്ചകളും തെഹ്‌റാനില്‍നിന്ന് ഫിഫ സെക്രട്ടറി ജനറല്‍ മത്തിയാസ് ഗ്രാഫ്‌സ്റ്റോമുമായി നടത്തിയ ഓണ്‍ലൈന്‍ യോഗവും പിന്നാലെയാണ് ക്യാമ്പ് മാറ്റാനുള്ള ആവശ്യം അംഗീകരിക്കപ്പെട്ടതെന്ന് അദ്ദേഹം പറഞ്ഞു.
പുതിയ സംവിധാനപ്രകാരം മത്സരങ്ങള്‍ക്കായി മാത്രമേ ഇറാന്‍ ടീം അമേരിക്കയിലേക്ക് യാത്ര ചെയ്യൂ. ഓരോ മത്സരത്തിനുശേഷവും ടീം ഉടന്‍ മെക്‌സിക്കോയിലേക്ക് മടങ്ങും.
ജൂണ്‍ 15ന് ലോസ് ആഞ്ചലസില്‍ ന്യൂസിലന്‍ഡിനെതിരെയും ജൂണ്‍ 21ന് അതേ വേദിയില്‍ ബെല്‍ജിയത്തിനെതിരെയും ജൂണ്‍ 26ന് സിയാറ്റിലില്‍ ഈജിപ്തിനെതിരെയുമാണ് ഇറാന്റെ ഗ്രൂപ്പ് മത്സരങ്ങള്‍.
വിസ നടപടികള്‍, സുരക്ഷാ ക്രമീകരണങ്ങള്‍, ടൂര്‍ണമെന്റ് കാലയളവില്‍ ഇറാനിയന്‍ പ്രതിനിധി സംഘത്തിന് ലഭിക്കുന്ന പരിഗണന എന്നിവ സംബന്ധിച്ച് ഫിഫയില്‍നിന്ന് ഉറപ്പുകള്‍ തേടിയതായും മെഹ്ദി താജ് അറിയിച്ചു.

