
കൊച്ചി: ലയണ്‍സ് ക്ലബ്ബ് ഇന്റര്‍നാഷണല്‍ ഡിസ്ട്രിക്ട് 318 സി പ്രകൃതിക്ഷോഭ ദുരിതാശ്വാസ സഹായ വിതരണം നടത്തി. ഹൈബി ഈഡന്‍ എം പി ഉദ്ഘാടനം ചെയ്തു.
കേരളം പ്രളയത്തിലും പ്രകൃതിക്ഷോഭത്തിലും പെട്ട് ഉഴറിയപ്പോള്‍ സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ച റീബില്‍ഡ് കേരള പദ്ധതിക്ക് ലയണ്‍സ് ക്ലബ് വലിയ സഹായങ്ങളാണ് നല്കിയതെന്ന് ഹൈബി ഈഡന്‍ എം പി ഓര്‍ത്തു. നാടിനെ പുനഃര്‍നിര്‍മിക്കാന്‍ സര്‍ക്കാരോ സര്‍ക്കോരിതര സംഘടനകളോ മാത്രം വിചാരിച്ചതുകൊണ്ടു കാര്യമില്ലെന്നും ലയണ്‍സ് പോലുള്ള സംഘടനകളുടെ സഹായങ്ങളുമാണ് അതിന് ഉപയുക്തമാകുന്നതെന്നും എം പി പറഞ്ഞു. എറണാകുളം ജില്ലാ ഭരണകൂടം കോവിഡ് ചികിത്സക്കായി തയ്യാറാക്കിയ ആയിരം കിടക്കകളുള്ള ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററില്‍ ഓക്‌സിജന്‍ സൗകര്യങ്ങളോടു കൂടിയ മുന്നൂറു കിടക്കകള്‍ ലയണ്‍സ് ക്ലബ്ബാണ് തയ്യാറാക്കിയതെന്നും അദ്ദേഹം പറഞ്ഞു.
കിറ്റ് വിതരണത്തിന്റെ ഫ്‌ളാഗ് ഓഫ് ലയണ്‍സ് ഫസ്റ്റ് വൈസ് ഡിസ്ട്രിക്ട് ഗവര്‍ണര്‍ വി സി ജയിംസ് നിര്‍വഹിച്ചു.
മുന്‍ ഡിസ്ട്രിക്ട് ഗവര്‍ണര്‍ സാബു കാരിക്കശ്ശേരി അധ്യക്ഷത വഹിച്ചു. ലയണ്‍സ് ഡിസ്ട്രിക്ട് കാബിനറ്റ് സെക്രട്ടറി അതാവുദ്ദീന്‍, ഡിസ്ട്രിക്ട് കാബിനറ്റ് ട്രഷറര്‍ കെ ബി ഷൈന്‍ കുമാര്‍, ഡിസ്ട്രിക്ട് സെക്രട്ടറി ഐ ടി കമ്യൂണിക്കേഷന്‍സ് വി എസ് ജയേഷ്, പ്രൊജക്ട് കോര്‍ഡിനേറ്റര്‍ രാജന്‍ നമ്പൂതിരി, സോണ്‍ ചെയര്‍മാന്‍ ജോണ്‍ മാമ്പള്ളി, ലയണ്‍സ് ഞാറക്കല്‍ പ്രസിഡന്റ് സാജു മേനാച്ചേരി, റീജ്യണല്‍ ചെയര്‍മാന്‍ ജോര്‍ജ് സാജു, ഇടപ്പള്ളി ബ്ലോക്ക് പഞ്ചമായത്ത് അംഗം സരിത സനില്‍ എന്നിവര്‍ പ്രസംഗിച്ചു.
ലയണ്‍സ് നല്കുന്ന പ്രകൃതിക്ഷോഭ ദുരിതാശ്വാസ കിറ്റില്‍ എണ്ണൂറു രൂപയോളം വിലയുള്ള സാധനങ്ങളാണ് അടങ്ങുന്നത്. അരി, ആട്ടപ്പൊടി, വെളിച്ചെണ്ണ, പയര്‍, മസാലപ്പൊടികള്‍ തുടങ്ങിയവ അടങ്ങുന്ന കിറ്റിനോടൊപ്പം ബക്കറ്റ്, മഗ്ഗ്, പായ എന്നിവയുമുണ്ട്.
325 കിറ്റുകള്‍ വൈപ്പിന്‍, നായരമ്പലം, എളങ്കുന്നപ്പുഴ ഭാഗങ്ങളിലെ തീരദേശ മേഖലകളിലാണ് വിതരണം ചെയ്യുന്നത്. തുടര്‍ന്ന് ചെല്ലാനത്ത് 425 കിറ്റുകളും ആലപ്പുഴയിലും കട്ടപ്പനയിലും നൂറുവീതം കിറ്റുകളും വിതരണം ചെയ്യും. ഏകദേശം ഏഴര ലക്ഷത്തോളം രൂപ വില വരുന്ന കിറ്റുകളാണ് ആകെ വിതരണം ചെയ്യുന്നത്.

