
കൊച്ചി: ഒരു മണിക്കൂര്‍ ദൈര്‍ഘ്യമുള്ള മിനി ചലച്ചിത്രമാണ് ലണ്ടന്‍ മലയാളിയായ വിപിന്‍ വേണു ഗോപാല്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ‘കാറ്റര്‍പില്ലര്‍’. യു കെയിലും ഹോളിവുഡിലുമെല്ലാം പണ്ട് മുതലേ ഒരു മണിക്കൂറില്‍ അധികമാകാത്ത ചെറിയ സിനിമകള്‍ റിലീസ് ആകുമായിരുന്നു. ആ ചുവട് പിടിച്ചു കൊണ്ടാണ് വിപിന്‍ വേണുഗോപാല്‍ തന്റെ പുതിയ പ്രൊജക്ടായ കാറ്റര്‍പില്ലര്‍ ഈ രീതിയില്‍ പരീക്ഷണാര്‍ഥം അവതരിപ്പിക്കുന്നത്.

ലോകത്ത് എവിടെയും ഒരു യുദ്ധം പൊട്ടിപ്പുറപ്പെട്ടാല്‍ അതിന്റെ പ്രധാന ഇരകളായി മാറുന്നത് സാധാരണ ജനങ്ങളും കുട്ടികളുമായിരിക്കും. അതിനെ അടിസ്ഥാനമാക്കി കൊണ്ടുള്ള വ്യത്യസ്തമായ കഥയും തിരക്കഥയും രചിച്ചു കൊണ്ട് വിപിന്‍ സംവിധാനം ചെയ്യുന്ന ഈ മിനി സിനിമയുടെ ഉള്ളടക്കവും പുതുമയും പ്രേക്ഷരിലേക്ക് എത്തിക്കുവാന്‍ വിപിന്‍ എറണാകുളം പ്രസ്സ് ക്ലബ്ബില്‍ വാര്‍ത്താസമ്മേളനം വിളിച്ചിരുന്നു. കഥയെ ക്കുറിച്ചും കൊച്ചിയില്‍ നടക്കുന്ന ചിത്രീകരണത്തെക്കുറിച്ചും വിപിന്‍ വിശദമായി സംസാരിക്കുകയുണ്ടായി.

മനുഷ്യന്റെ ജീവിതത്തിലെ ധര്‍മ്മികതയെ ക്കുറിച്ച് സംസാരിച്ച വിപിന്റെ മറ്റൊരു മിനി സിനിമയായ ‘ബെറ്റര്‍ ദി ഡെവിള്‍ യു നോ’ നിരവധി അന്താരാഷ്ട്ര ചലച്ചിത്ര മേളകളില്‍ നോമിനേറ്റ് ചെയ്യപ്പെടുകയും വിജയിക്കുകയും ചെയ്തിട്ടുണ്ട്. ഈ സിനിമയും ചിത്രീകരണം പൂര്‍ത്തിയായ ശേഷം ഇന്റര്‍നാഷണല്‍ ഫെസ്റ്റിവലുകളില്‍ പങ്കെടുക്കും. അതിന് ശേഷം പ്രേക്ഷകര്‍ക്കു ഈ സിനിമ തിയേറ്ററില്‍ കാണാനുള്ള സൗകര്യമൊരുക്കുമെന്നും സംവിധായകന്‍ പറഞ്ഞു.
ആര്‍ ഡി എക്‌സ് സിനിമയിലൂടെ ശ്രദ്ധേയനായ സിറാജുദ്ദീന്‍ നാസര്‍ പ്രധാന വേഷം ചെയ്യുന്നു. മെറിന്‍ ഫിലിപ്പാണ് നായിക. ലൈന്‍ പ്രൊഡ്യൂസര്‍ ആന്റ് പ്രൊജക്ട് ഡിസൈനര്‍- ജിനു വി നാഥ്. എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍- ദിവ്യ ബാലന്‍, മ്യൂസിക്- അഞ്ജന രാജ ഗോപാല്‍, കോസ്റ്റ്യും ഡിസൈന്‍- ദിവ്യ ജോബി, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍- ഗോപിക ചന്ദ്രന്‍, പ്രൊഡക്ഷന്‍ ഡിസൈനര്‍- ഹംസ വള്ളിക്കുന്ന്.

