
ചെന്നൈ: മാസങ്ങളുടെ ഇടവേളയ്ക്ക് ശേഷം രോഗമുക്തനായി തിരികെയെത്തിയ മമ്മൂട്ടി ജന്മദിനത്തില്‍ എല്ലാവര്‍ക്കും ദൈവത്തിനും നന്ദിയും സ്‌നേഹവും അറിയിച്ചു. സാമൂഹ്യ മാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്ത ഫോട്ടോയില്‍ തന്റെ കെ എല്‍ 07 ഡിഎച്ച് 0369 ലാന്റ് ക്രൂയിസറില്‍ ചാരി കടലിലേക്ക് നോക്കി നില്‍ക്കുകയാണ് മമ്മൂട്ടി. സ്‌നേഹവും നന്ദിയും എല്ലാവര്‍ക്കും ദൈവത്തിനും എന്നാണ് ഫോട്ടോയ്ക്ക് അദ്ദേഹം നല്‍കിയ കുറിപ്പ്.

മമ്മൂട്ടിയും മോഹന്‍ലാലും ചേര്‍ന്നുള്ള സിനിമയുടെ ചിത്രീകരണം പുരോഗമിക്കവെയാണ് അസുഖ ബാധിതനായി മമ്മൂട്ടി ചികിത്സയ്ക്കായി പോയത്. കൊച്ചിയില്‍ നിന്നും ചെന്നൈയില്‍ പോയ മമ്മൂട്ടി മാസങ്ങളായി തിരികെ വന്നിട്ടില്ല. എന്നാല്‍ ആഗസ്ത് 19ന് അദ്ദേഹത്തിന്റെ സിനിമയുടെ നിര്‍മാതാവും സുഹൃത്തുമായ ആന്റോ ജോസഫ് ‘ലോകമെമ്പാടുമുള്ള ഒരുപാട് പേരുടെ പ്രാര്‍ഥനയ്ക്ക് ഫലം കണ്ടു. ദൈവമേ നന്ദി, നന്ദി, നന്ദി’ എന്ന് പോസ്റ്റ് ചെയ്താണ് മമ്മൂട്ടിയുടെ ചികിത്സ വിജയകരമായി സമാപിച്ച വിവരം പുറത്തറിയിച്ചത്. പിന്നാലെ മമ്മൂട്ടിയുടെ സന്തതസഹചാരിയും പേഴ്‌സണല്‍ അസിസ്റ്റന്റും മാനേജരുമായ എസ് ജോര്‍ജ്ജും ഇതേ വിവരം ലോകത്തെ അറിയിച്ചു. വി കെ ശ്രീരാമന്‍ ഉള്‍പ്പെടെയുള്ളവരെ മമ്മൂട്ടി തന്നെ ഫോണില്‍ വിളിച്ച് വിവരം അറിയിക്കുകയായിരുന്നു.

സെപ്തംബര്‍ ഏഴിന് മമ്മൂട്ടിയുടെ 74-ാം ജന്മദിനമാണ്. ഈ ദിനത്തിലാണ് തന്നെ സ്‌നേഹിക്കുന്നവര്‍ക്കും തനിക്കായി പ്രാര്‍ഥിച്ചവര്‍ക്കും എല്ലാവര്‍ക്കുമുപരി ദൈവത്തിനും നന്ദി അറിയിച്ച് മമ്മൂട്ടി ഫോട്ടോ പോസ്റ്റ് ചെയ്തിരിക്കുന്നത്.
സാധാരണ ജന്മദിനങ്ങളില്‍ മമ്മൂട്ടി ആരാധകര്‍ കൊച്ചിയിലെ അദ്ദേഹത്തിന്റെ വസതിക്കു മുമ്പില്‍ തടിച്ചു കൂടുകയും കേക്ക് മുറിക്കുകയും ചെയ്യും. ഇത്തവണ മമ്മൂട്ടി ചെന്നൈയിലാണ് ലളിതമായ രീതിയില്‍ ജന്മദിനം ആഘോഷിക്കുന്നത്. അദ്ദേഹം എപ്പോഴാണ് കേരളത്തിലേക്ക് മടങ്ങിയെത്തുന്നതെന്നും സിനിമാ ചിത്രീകരണത്തിലേക്ക് ചേരുന്നതെന്നും ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല.

