

കോഴിക്കോട്: സംസ്ഥാനം ഭരിക്കുന്നത് ഏതു സര്‍ക്കാരായാലും ബജറ്റ് പ്രഖ്യാപനം കഴിഞ്ഞാല്‍ മലബാര്‍ ചേംബറിന്റെ വിലയിരുത്തല്‍ എന്താണെന്ന് പൊതുവെ ആകാംക്ഷയോടെ വീക്ഷിക്കാറുണ്ട്. കാരണം വാണിജ്യ- വ്യവസായ മേഖലയുടെ നിലപാടില്‍ നിന്നുകൊണ്ട് തന്നെ ഒരു ജനകീയ വീക്ഷണത്തോടെയാണ് ചേംബര്‍ പ്രതിനിധികള്‍ ബജറ്റിനെ അവലോകനം ചെയ്യാറുള്ളത്.

രണ്ടാം പിണറായി സര്‍ക്കാരിന് വേണ്ടി ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ അവതരിപ്പിച്ച ബ്ജറ്റിനെ മലബാര്‍ ചേംബര്‍ പ്രസിഡണ്ട് കെ വി ഹസീബ് വിലയിരുത്തുന്നത് ഇങ്ങനെ:

? ബ്ജറ്റില്‍ മലബാറിന് വേണ്ട പരിഗണന നല്‍കിയോ?
= മൂന്ന് ആവശ്യങ്ങളാണ് പ്രധാനമായും പ്രതീക്ഷിച്ചത്. കോഴിക്കോട് വിമാനത്താവള വികസനതിന്ന് ഭൂമി ഏറ്റെടുക്കുന്നതിന് തുക വകയിരുത്തല്‍, പാലക്കാട്- കോഴിക്കോട് ഗ്രീന്‍ ഫീല്‍ഡ് ഹൈവേ പദ്ധതി, ബേപ്പൂര്‍ പോര്‍ട്ട്. ഇതില്‍ ബേപ്പൂര്‍ പോര്‍ട്ടിന്റെ വികസനത്തിന്ന് തുക വകയിരുത്തിയതാണ് ഏക ആശ്വാസം.
അതേപോലെ കാലിക്കറ്റ് സിറ്റി റോഡ് ഇംപ്രൂവ്മെന്റ് സ്കീമിന്റെ രണ്ടാം ഘട്ടത്തിന് പ്രാഥമിക പഠനത്തിന് തുക വകയിരുത്തേണ്ടതായിരുന്നു. അതുണ്ടാകേണ്ടിയിരുന്നു.
? ബജറ്റ് ഏതെങ്കിലും പ്രത്യേക മേഖലയെ പരിഗണിക്കാതിരുന്നിട്ടുണ്ടോ? മറ്റു മേഖലകള്‍ക്ക് കൂടുതല്‍ പരിഗണന നല്‍കിയോ?
= ഈ ബജറ്റിനെ ഒരു ജനപ്രിയ ബജറ്റെന്ന് പറയാനാവില്ലെങ്കിലും സംസ്ഥാനത്തിന്റെ ഭാവി ലക്ഷ്യമിട്ടു കൊണ്ടുള്ള ബജറ്റ് ആണ്. ബജറ്റിനെ സര്‍ക്കാരിന്റെ ഒരു നയപ്രഖ്യാപനം കൂടിയായി കണക്കാക്കാവുന്നതാണ്.
ഭാവിയിലെ വിവര സാങ്കേതിക വിദ്യയുടെ വികസനം തുടങ്ങി പലതും മുന്‍കൂട്ടികണ്ട് നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. 2000 കോടി രൂപ കെ റെയില്‍ പദ്ധതിക്ക് മാറ്റിവെച്ചത് അത് നടപ്പാക്കും എന്നുള്ള നിശ്ചയദാര്‍ഢ്യത്തെയാണ് കാണിക്കുന്നു. ആയത് കേരളത്തിന് മൊത്തം ഗുണകരമാവും. മലബാര്‍ ചേംബര്‍ പ്രസ്തുത പദ്ധതിയെ
്അനുകൂലിക്കുന്നുണ്ട്. എന്നാല്‍ ജനങ്ങളുടെ ആശങ്ക തീര്‍ക്കേണ്ടത് ആവശ്യവുമാണ് എന്നത് കൂടി ഈ സന്ദര്‍ഭത്തില്‍ തന്നെ പറയട്ടെ.
? ഭൂനികുതി, മോട്ടോര്‍ വാഹന നികുതി മുതലായവ കൂട്ടിയത് ജനങ്ങളെ എങ്ങനെ ബാധിക്കും ?
= മോട്ടോര്‍ വാഹന നികുതിയും ഭൂനികുതി വര്‍ധനയും കാര്യമായി ബാധിക്കുകയില്ല. പക്ഷെ ഭൂമിയുടെ ന്യായവില 10 ശതമാനം കൂട്ടിയത് നിര്‍മാണ മേഖലക്ക് ദോഷമാണ്. കാരണം ഇന്ത്യയിലെ ഏറ്റവും ഉയര്‍ന്ന സ്റ്റാമ്പ് ഡ്യൂട്ടി നിലനില്‍ക്കുന്ന സംസ്ഥാനമാണ് കേരളം. ആയതിനാല്‍ നിര്‍മാണ മേഖലയുടെ അടിസ്ഥാനഘടകമായ ഭൂമി വില ഉയര്‍ന്നു നില്ക്കും. കേന്ദ്ര സര്‍ക്കാരിന്റെ നിര്‍ദ്ദേശങ്ങളില്‍ സ്റ്റാമ്പ് ഡ്യൂട്ടി കുറക്കണം എന്ന് ആവശ്യപ്പെട്ടിട്ടും ഉണ്ട്. സ്റ്റാമ്പ് ഡ്യൂട്ടി കുറയുകയാണെങ്കില്‍ ധാരാളം രജിസ്ട്രേഷന് നടക്കുകയും കൂടുതല്‍ ഭൂമി വില രേഖപ്പെടുത്തുവാനും ജനങ്ങള്‍ തയ്യാറാകും.

