
ദോഹ: പത്ത് രാജ്യങ്ങളിലായി 260ലധികം ഔട്ട്‌ലെറ്റുകളുടെ ശക്തമായ റീട്ടെയില്‍ ശൃംഖലയുള്ള ആഗോളതലത്തിലെ മുന്‍നിര ജ്വല്ലറി ബ്രാന്‍ഡുകളിലൊന്നായ മലബാര്‍ ഗോള്‍ഡ് ആന്റ് ഡയമണ്ട്‌സ് ഖത്തറിലെ മനാത്തെക്ക് ഇക്കണോമിക് സോണിന്റെ ഭാഗമായ ബിര്‍ക്കാത്ത് അല്‍ അവാമര്‍ ലോജിസ്റ്റിക് പാര്‍ക്കില്‍ ലീസ്് ചെയ്ത 3,000 ചതുരശ്ര മീറ്റര്‍ വിസ്തീര്‍ണ്ണത്തില്‍ പുതിയ ആഭരണ നിര്‍മ്മാണ ശാല ആരംഭിക്കുന്നു.
ഫാക്ടറിയുടെ ശിലാസ്ഥാപനം ശൈഖ് ഹമദ് നാസര്‍ എ എ അല്‍താനി, ശൈഖ് അബ്ദുല്ല നാസര്‍ എ എ അല്‍താനി എന്നിവര്‍ ചേര്‍ന്ന് നിര്‍വഹിച്ചു. ചടങ്ങില്‍ മലബാര്‍ ഗോള്‍ഡ് ആന്റ് ഡയമണ്ട്‌സ് റീജ്യണല്‍ ഹെഡ് ടി വി സന്തോഷ്, സോണല്‍ ഹെഡ് ടി നൗഫല്‍, എ കെ ഉസ്മാന്‍ എന്നിവര്‍ സന്നിഹിതരായിരുന്നു.
കാസ്റ്റിങ്ങ്, സി എന്‍ സി കാഡ്-ക്യാം ത്രീഡി പോലുള്ള ഏറ്റവും പുതിയ സാങ്കേതിക വിദ്യകള്‍ ഉപയോഗപ്പെടുത്തി ഉയര്‍ന്ന നിലവാരവും പൂര്‍ണ്ണതയുമുള്ള 5,000 കിലോ സ്വര്ണ്ണാഭരണങ്ങള്‍ പ്രതിവര്‍ഷം നിര്‍മ്മിക്കാന്‍ ഫാക്ടറിക്ക് സാധിക്കും. സി എന്‍ സി കട്ടിങ്ങ്, മാലകള്‍, പാദസരങ്ങള്‍, മോതിരങ്ങള്‍, വളകള്‍, 22 ക്യാരറ്റ്, 24 ക്യാരറ്റ് സ്വര്‍ണ്ണ നാണയങ്ങള്‍, കുവൈത്തി നെക്ലേസ് തുടങ്ങിയ ആഭരണങ്ങള്‍ നിര്‍മ്മിക്കുന്നതിനായി വിവിധ വിഭാഗങ്ങളോട് കൂടിയ ഈ ഫാക്ടറി 2022 ജൂലൈയോടെ പ്രവര്‍ത്തനമാരംഭിക്കും. ഫാക്ടറിയില്‍ ഇരുന്നൂറോളം പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കും.
പുതിയ ആഭരണ നിര്‍മ്മാണ കേന്ദ്രത്തില്‍ വജ്രവും മറ്റ് അമുല്ല്യ രത്‌നാഭരണങ്ങളും നിര്‍മ്മിക്കാനുള്ള സൗകര്യവുമുണ്ട്. ഖത്തറിലെ ഇത്തരത്തിലുള്ള ആദ്യത്തെ നിര്‍മ്മാണ കേന്ദ്രമാണിത്. 2013 മുതല്‍ ഖത്തറില്‍ പ്രവര്‍ത്തിച്ചു വരുന്ന നിലവിലുള്ള നിര്‍മ്മാണ കേന്ദ്രത്തിന് പുറമെയാണിത്. 50 വിദഗ്ധരായ ആഭരണ നിര്‍മ്മാണത്തൊഴിലാളികള്‍ ജോലി ചെയ്യുന്ന നിലവിലുള്ള ഫാക്ടറിക്ക് പ്രതിവര്ഷം 1200 കിലോ ആഭരണ നിര്‍മ്മാണ ശേഷിയാണുള്ളത്.
ഗ്രൂപ്പ് സുസ്ഥിര വികസനത്തിന് ഊന്നല്‍ നല്കുന്നതിന്റെ ഭാഗമായി കാര്യക്ഷമമായി ഊര്‍ജ്ജം കൈകാര്യം ചെയ്യുന്നതും പരിസ്ഥിതി സൗഹൃദവുമായ വിവിധ സവിശേഷതകള്‍ സംയോജിപ്പിച്ചുകൊണ്ട് ക്ലീന്‍ എനര്‍ജിയെ പ്രോത്സാഹിപ്പിക്കുന്നതുമായ രീതിയിലാണ് ഈ സ്ഥാപനത്തെ രൂപകല്പ്പന ചെയ്യുന്നത്.
ജലത്തില്‍ നിന്ന് ഇന്ധനം ഉത്പാദിപ്പിക്കുന്ന ഹൈഡ്രജന്‍ ജനറേറ്ററുകള്‍, പുറംതള്ളുന്ന വ്യാവസായിക മാലിന്യങ്ങളില്‍ നിന്ന് വിഷ കണികകളെയും വാതകങ്ങളെയും നീക്കം ചെയ്യുന്ന വായു മലിനീകരണ നിയന്ത്രണ ഉപകരണം, മലിനജല ശുദ്ധീകരണ പ്ലാന്റില്‍ നിന്ന് ദുര്‍ഗന്ധമുള്ളതും വിഷകരവുമായ വാതകങ്ങള്‍ നീക്കം ചെയ്യുന്നതിനുള്ള ഡ്രൈ സ്‌ക്രബിങ്ങ് സിസ്റ്റം തുടങ്ങിയ നിരവധി അത്യാധുനിക സൗകര്യങ്ങള്‍ ഫാക്ടറിയില്‍ ഉള്‍പ്പെടുത്തും.
മലബാര്‍ ഗോള്‍ഡ് ആന്റ് ഡയമണ്ട്‌സിന് നിലവില്‍ 14 ആഭരണ നിര്‍മ്മാണ കേന്ദ്രങ്ങളുണ്ട്. കൂടാതെ 14 ഹോള്‍സെയില്‍ യൂണിറ്റുകള്‍, ഓഫീസുകള്‍, ഡിസൈന്‍ സെന്ററുകള്‍ ഇന്ത്യ, മിഡില്‍ ഈസ്റ്റ്, ഫാര്‍ ഈസ്റ്റ്, യു എസ് എ എന്നിവിടങ്ങളിലായി പ്രവര്ത്തിക്കുന്നു.

