

ജറുസലേം: ഫലസ്തീന്‍ പോരാളി ഖാദര്‍ അദ്‌നാന്‍ (45) നിരാഹാര സമരത്തെ തുടര്‍ന്ന് ഇസ്രായേലി ജയിലില്‍ നിര്യാതനായി. 87 ദിവസമായി ജയിലില്‍ നിരാഹാരം അനുഷ്ഠിക്കുകയാണ് ഖാദര്‍ അദ്‌നാന്‍. മുപ്പത് വര്‍ഷത്തിനിടയില്‍ ആദ്യമായാണ് ഇസ്രായേല്‍ ജയിലില്‍ നിരാഹാരത്തെ തുടര്‍ന്ന് തടവുകാരന്‍ മരിക്കുന്നത്.

ഫലസ്തീന്‍ ഇസ്‌ലാമിക് ജിഹാദ് ഗ്രൂപ്പിലെ മുതിര്‍ന്ന അംഗമാണ് വെസ്റ്റ്ബാങ്കിലെ ജെനിന്‍ സ്വദേശിയായ ഖാദര്‍ അദ്‌നാന്‍. ഫെബ്രുവരി അഞ്ചിന് അറസ്റ്റിലായ ഖാദര്‍ അദ്‌നാനെ 2011 മുതല്‍ പല തവണ ഇസ്രായേല്‍ കസ്റ്റഡിയിലെടുത്തിരുന്നു. നേരത്തെ അറസ്റ്റ് ചെയ്തപ്പോഴും നിരാഹാര സമരം നടത്തിയിരുന്നു ഖാദര്‍ അദ്‌നാന്‍.

അവശനിലയിലായിട്ടും ഡോക്ടറെ കാണാനോ വൈദ്യ സഹായം സ്വീകരിക്കാനോ ഖാദര്‍ അദ്‌നാന്‍ തയ്യാറായില്ലെന്നാണ് ഇസ്രായേല്‍ കുറ്റപ്പെടുത്തുന്നത്. എന്നാല്‍ ഇത് ശരിയല്ലെന്നും അദ്ദേഹത്തിന് വൈദ്യസഹായം നിഷേധിച്ചെന്നും അഭിഭാഷകന്‍ കുറ്റപ്പെടുത്തി. ഖാദര്‍ അദ്‌നാന്റെ നിര്യാണത്തെ തുടര്‍ന്ന് ഗാസയില്‍ നൂറുകണക്കിന് ആളുകളുടെ അനുശോചനത്തിന്റെ ഭാഗമായി റാലി നടത്തി.
ഖാദര്‍ അദ്‌നാനെ മോചിപ്പിക്കണം എന്നാവശ്യപ്പെട്ട് അദ്ദേഹത്തിന്റെ ഭാര്യയും സഹോദരനും വാര്‍ത്താ സമ്മേളനം നടത്തിയിരുന്നു. ഇസ്രായേലി അധികൃതര്‍ റാമല്ലയില്‍ റെയ്ഡ് നടത്തിയാണ് അദ്‌നാനെ പിടികൂടിയത്. ഇസ്രായേല്‍ ജയിലറകളില്‍ ഫലസ്തീന്‍ തടവുകാരുടെ ശബ്ദമായിരുന്നു ഖാദര്‍ അദ്‌നാന്‍.

