സൈനികന്‍ ശ്രീജിത്തിന് ജന്മനാടിന്റെ യാത്രാമൊഴി

Web Desk
1 Min Read

കോഴിക്കോട്: കശ്മീരില്‍ ഭീകരാക്രമണത്തില്‍ വീരമൃത്യുവരിച്ച സൈനികന്‍ ചേമഞ്ചേരി പൂക്കാട് പടിഞ്ഞാറെ തറയില്‍ സുബേദാര്‍ എം. ശ്രീജിത്തിന്റെ (42) മൃതദേഹം സംസ്‌കരിച്ചു. സൈനിക ബഹുമതികളോടെ രാവിലെ വീട്ടുവളപ്പിലായിരുന്നു സംസ്‌കാരം. പൊതുദര്‍ശനം ഒഴിവാക്കി പൂര്‍ണമായും കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചായിരുന്നു സംസ്‌കാര ചടങ്ങ്.
സംസ്ഥാന സര്‍ക്കാരിനെ പ്രതിനിധീകരിച്ച് വനം വന്യജീവി വകുപ്പ് മന്ത്രി എ.കെ. ശശീന്ദ്രന്‍ ചടങ്ങില്‍ പങ്കെടുത്തു. മന്ത്രി വെള്ളിയാഴ്ച വൈകീട്ടും ശ്രീജിത്തിന്റെ വീട്ടിലെത്തിയിരുന്നു. കെ. മുരളീധരന്‍ എം.പി, കാനത്തില്‍ ജമീല എം.എല്‍.എ, ജില്ലാ കലക്ടര്‍ സാംബശിവറാവു, പന്തലായനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി. ബാബുരാജ്, ചേമഞ്ചേരി ഗ്രാമ പ്പഞ്ചായത്ത് പ്രസിഡന്റ് സതി കിഴക്കയില്‍, തഹസില്‍ദാര്‍ സി.പി. മണി, കൊയിലാണ്ടി സി.ഐ. എന്‍. സുനില്‍കുമാര്‍ എന്നിവരും ശ്രീജിത്തിന്റെ വീട്ടിലെത്തിയിരുന്നു.
ജില്ലാ അതിര്‍ത്തിയായ രാമനാട്ടുകരയില്‍ കൊയിലാണ്ടി തഹസില്‍ദാറും സംഘവും ഏറ്റുവാങ്ങി. അര്‍ധരാത്രിക്കു ശേഷമാണ് വീട്ടിലെത്തിച്ചത്. ജമ്മുകശ്മീരില്‍ രജൗരി ജില്ലയിലെ സുന്ദര്‍ബനി സെക്റ്ററില്‍ പാക്കിസ്താന്‍ അതിര്‍ത്തിക്ക് സമീപം വ്യാഴാഴ്ച ഭീകരരുമായുള്ള ഏറ്റുമുട്ടലിലാണ് നായിബ് സുബേദാര്‍ എം. ശ്രീജിത്ത് അടക്കം രണ്ടുജവാന്‍മാര്‍ വീരമൃത്യു വരിച്ചത്.
ഇതുവരെ 23 മെഡലുകളാണ് ശ്രീജിത്തിനു ലഭിച്ചത്. പാര്‍ലമെന്റ് ഭീകരാക്രമണമുണ്ടായപ്പോള്‍ ശ്രീജിത്തും പോരാട്ടത്തില്‍ പങ്കെടുത്തിരുന്നു. ഓണത്തിന് അവധിയെടുത്ത് വീട്ടിലേക്ക് വരുമെന്ന പ്രതീക്ഷയില്‍ കഴിയുന്ന കുടുംബത്തിനു മുന്നില്‍ ചേതനയറ്റ ശരീരമായി ശ്രീജിത്ത് മടങ്ങിവരുമ്പോള്‍ കണ്ണീരടക്കാന്‍ കഴിയാതെ വിതുമ്പുകയായിരുന്നു പൂക്കാട് ഗ്രാമം. തിരുവങ്ങൂര്‍ മാക്കാട് വല്‍സന്റെയും ശോഭനയുടെയും മകനാണ് ശ്രീജിത്ത്. ഭാര്യ; ഷജിന. മക്കള്‍: അതുല്‍ജിത്ത്, തന്‍മയ ലക്ഷ്മി.

city exchange
Share This Article
Leave a Comment
error: Content is protected !!