
കോഴിക്കോട്: ശൈഖ് അബൂബക്കര്‍ ഫൗണ്ടേഷന്‍ ഏര്‍പ്പെടുത്തിയ പ്രഥമ എക്‌സലന്‍സ് അവാര്‍ഡ് സ്വീകരിക്കാന്‍ മലേഷ്യന്‍ പ്രധാനമന്ത്രി അന്‍വര്‍ ഇബ്രാഹിം കേരളത്തിലെത്തി. അഞ്ചുദിവസത്തെ ഇന്ത്യ പര്യടനത്തിന്റെ ഭാഗമായി ഡല്‍ഹിയില്‍ നടന്ന ബ്രിക്‌സ് ഉച്ചകോടിക്ക് ശേഷമാണ് അദ്ദേഹം കോഴിക്കോടെത്തിയത്.

വൈകുന്നേരം മര്‍കസില്‍ എത്തിയ മലേഷ്യന്‍ പ്രധാനമന്ത്രിയെ മര്‍കസ് വര്‍ക്കിങ് സെക്രട്ടറി ഡോ. മുഹമ്മദ് അബ്ദുല്‍ ഹകീം അസ്ഹരി, സെക്രട്ടറി സി മുഹമ്മദ് ഫൈസി എന്നിവരുടെ നേതൃത്വത്തില്‍ സ്വീകരിച്ചു. തുടര്‍ന്ന് കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാരുമായി അദ്ദേഹം പ്രത്യേക കൂടിക്കാഴ്ച നടത്തി.

മര്‍കസും മലേഷ്യന്‍ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളും തമ്മിലുള്ള വിദ്യാഭ്യാസ വിനിമയ ബന്ധങ്ങള്‍, വിദ്യാഭ്യാസ- സാംസ്‌കാരിക- വൈജ്ഞാനിക സഹകരണം, മലേഷ്യയിലെ ഇന്ത്യന്‍ സമൂഹത്തിന്റെ ക്ഷേമകാര്യങ്ങള്‍ തുടങ്ങിയ വിഷയങ്ങള്‍ കൂടിക്കാഴ്ചയില്‍ പങ്കുവെച്ചു.
കോഴിക്കോട് വിമാനത്താവളത്തിലെത്തിയ അന്‍വര്‍ ഇബ്രാഹിമിനെ കേരള സര്‍ക്കാറിന് വേണ്ടി കൃഷി വകുപ്പ് മന്ത്രി അഡ്വ. ടി സിദ്ദീഖ് സ്വീകരിച്ചു. ഇ ടി മുഹമ്മദ് ബഷീര്‍ എം പി, എം എല്‍ എമാരായ ടി പി അഷറഫ് അലി, ടി വി ഇബ്രാഹിം, ചീഫ് സെക്രട്ടറി ബിശ്വനാഥ സിന്‍ഹ, ജില്ലാ കലക്ടര്‍ ഡോ. വിനയ് ഗോയല്‍, ജില്ലാ പൊലീസ് മേധാവി ചൈത്ര തെരേസ, വിജയകുമാര്‍ ഐ എഫ് എസ്, സ്റ്റേറ്റ് പ്രോട്ടോകോള്‍ ഓഫിസര്‍ അരവിന്ദ് ബി എസ് എന്നിവരും വിമാനത്താവളത്തില്‍ സന്നിഹിതരായിരുന്നു.
മുസ്‌ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങളും മന്ത്രി പി കെ കുഞ്ഞാലിക്കുട്ടിയും പരിപാടിയില്‍ പങ്കെടുക്കാന്‍ മര്‍കസിലെത്തി. കാന്തപുരത്തിന്റെ പ്രത്യേക ക്ഷണം സ്വീകരിച്ചാണ് ഇരുനേതാക്കളും മര്‍കസിലെത്തിയത്. മുസ്‌ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് ആദ്യമായാണ് ഔദ്യോഗിക പരിപാടിക്കായി മര്‍കസിലെത്തുന്നത്.

