
റിയാദ്: സൗദി അറേബ്യയിലെ അബഹ, ഖമീസ് മുഷൈത്ത് മേഖലകളില്‍ സാധ്യതയുള്ള അപകടസാഹചര്യം സംബന്ധിച്ച് സിവില്‍ ഡിഫന്‍സ് ദേശീയ എര്‍ളി വാണിങ് പ്ലാറ്റ്ഫോം വഴി മുന്നറിയിപ്പ് നല്‍കി. ഔദ്യോഗിക സുരക്ഷാ നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്നും അധികൃതര്‍ ജനങ്ങളോട് ആവശ്യപ്പെട്ടു.

പരിഭ്രാന്തരാകാതെ കെട്ടിടങ്ങള്‍ക്കുള്ളിലെ സുരക്ഷിത സ്ഥാനങ്ങളിലേക്കോ ജനലുകളില്‍നിന്ന് അകന്നുള്ള അകത്തെ മുറികളിലേക്കോ ഉടന്‍ മാറണം. അപകടസാധ്യത അവസാനിച്ചതായി അറിയിപ്പ് ലഭിക്കുന്നതുവരെ വീടുകളില്‍നിന്നോ കെട്ടിടങ്ങളില്‍നിന്നോ പുറത്തിറങ്ങരുതെന്നും നിര്‍ദേശമുണ്ട്.

തുറസ്സായ സ്ഥലങ്ങള്‍, ജനലുകള്‍, ഗ്ലാസ് വസ്തുക്കള്‍ എന്നിവ ഒഴിവാക്കണം. ബാല്‍ക്കണികളിലും കെട്ടിടങ്ങളുടെ മേല്‍ക്കൂരകളിലും നില്‍ക്കരുത്. മുന്നറിയിപ്പ് ലഭിക്കുമ്പോള്‍ പുറത്തുള്ളവര്‍ ഏറ്റവും അടുത്തുള്ള കെട്ടിടത്തിനുള്ളിലേക്ക് പ്രവേശിക്കുകയോ ഉറപ്പുള്ള മറയുടെ പിന്നില്‍ അഭയം തേടുകയോ വേണം.
ആള്‍ക്കൂട്ടം ഒഴിവാക്കണമെന്നും അപകടസാധ്യതയുള്ള സ്ഥലങ്ങളില്‍നിന്ന് അകന്നുനില്‍ക്കണമെന്നും സിവില്‍ ഡിഫന്‍സ് നിര്‍ദേശിച്ചു. മുന്നറിയിപ്പ് ലഭിക്കുന്ന സമയത്ത് വാഹനമോടിക്കുകയാണെങ്കില്‍ പാലങ്ങളില്‍നിന്നും ഉയരം കൂടിയ കെട്ടിടങ്ങളില്‍നിന്നും അകലെ സുരക്ഷിതമായി വാഹനം നിര്‍ത്തണം. അപകടസ്ഥലങ്ങളിലെത്തി കൂട്ടം കൂടുകയോ ദൃശ്യങ്ങള്‍ പകര്‍ത്തുകയോ ചെയ്യരുതെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കി.
അപകടസാധ്യത ശ്രദ്ധയില്‍പ്പെട്ടാല്‍ മക്ക, മദീന, റിയാദ്, കിഴക്കന്‍ പ്രവിശ്യ എന്നിവിടങ്ങളില്‍ 911 എന്ന നമ്പറിലും രാജ്യത്തെ മറ്റു മേഖലകളില്‍ 998 എന്ന നമ്പറിലും ബന്ധപ്പെടണം. ഔദ്യോഗിക ചാനലുകളിലൂടെ നല്‍കുന്ന നിര്‍ദേശങ്ങള്‍ പാലിക്കണമെന്നും സിവില്‍ ഡിഫന്‍സ് അറിയിച്ചു.

