എടിഎം 2026ല്‍ ഖത്തറിന്റെ വിനോദസഞ്ചാര സാധ്യതകള്‍ അവതരിപ്പിക്കാന്‍ വിസിറ്റ് ഖത്തര്‍

Web Desk
2 Min Read

ദോഹ: സെപ്റ്റംബര്‍ 14 മുതല്‍ 17 വരെ ദുബായ് വേള്‍ഡ് ട്രേഡ് സെന്ററില്‍ നടക്കുന്ന 33-ാമത് അറേബ്യന്‍ ട്രാവല്‍ മാര്‍ക്കറ്റില്‍ (എ ടി എം) വിസിറ്റ് ഖത്തര്‍ പങ്കെടുക്കും. ‘ട്രാവല്‍ 2040: ഡ്രൈവിങ് ന്യൂ ഫ്രോണ്ടിയേഴ്‌സ് ത്രൂ ഇന്നൊവേഷന്‍ ആന്‍ഡ് ടെക്‌നോളജി’ എന്ന പ്രമേയത്തിലാണ് എടിഎം 2026 നടക്കുന്നത്.

city exchange

ഖത്തറിന്റെ വൈവിധ്യമാര്‍ന്ന വിനോദസഞ്ചാര സാധ്യതകള്‍ ആഗോള തലത്തില്‍ പരിചയപ്പെടുത്തുന്നതിനും വ്യവസായ പങ്കാളികളുമായുള്ള സഹകരണം ശക്തിപ്പെടുത്തുന്നതിനും വിവിധ രാജ്യങ്ങളില്‍ നിന്നുള്ള ട്രാവല്‍ മേഖലയിലെ പ്രഫഷനലുകളുമായി ബന്ധം സ്ഥാപിക്കുന്നതിനുമുള്ള വേദിയായാണ് എടിഎം 2026നെ വിസിറ്റ് ഖത്തര്‍ കാണുന്നത്.

ഹോട്ടലുകള്‍, ഡെസ്റ്റിനേഷന്‍ മാനേജ്‌മെന്റ് കമ്പനികള്‍ എന്നിവയുള്‍പ്പെടെ 50 പങ്കാളികളടങ്ങുന്ന സംഘത്തോടെയാണ് വിസിറ്റ് ഖത്തര്‍ മേളയില്‍ പങ്കെടുക്കുന്നത്. സഈദ് ഹാളിലെ എംഇ1520 സ്റ്റാന്‍ഡില്‍ പ്രത്യേക ഖത്തര്‍ പവലിയന്‍ ഒരുക്കും.

650 ചതുരശ്ര മീറ്റര്‍ വിസ്തൃതിയില്‍ രണ്ട് നിലകളിലായാണ് പവലിയന്‍ സജ്ജീകരിച്ചിരിക്കുന്നത്. വിവിധ അനുഭവങ്ങളും സംവേദനാത്മക പ്രദര്‍ശനങ്ങളും ഇവിടെ ഒരുക്കും. ഖത്തറിലെ പ്രമുഖ വിനോദസഞ്ചാര കേന്ദ്രങ്ങളെ ദൃശ്യ, ശബ്ദ, അന്തരീക്ഷ ഘടകങ്ങളിലൂടെ പരിചയപ്പെടുത്തുന്ന ടാബ്ലെറ്റ് അധിഷ്ഠിത മള്‍ട്ടി- സെന്‍സറി അനുഭവമായ ‘ഇമ്മേഴ്‌സീവ് റൂം’ ആണ് പ്രധാന ആകര്‍ഷണങ്ങളിലൊന്ന്.

- Advertisement -
Ad image

ഖത്തറിന്റെ സമ്പന്നമായ സാംസ്‌കാരിക പൈതൃകവും പവലിയനില്‍ അവതരിപ്പിക്കും. പരമ്പരാഗത കരകൗശലങ്ങളുടെ തത്സമയ പ്രദര്‍ശനങ്ങളിലൂടെ സന്ദര്‍ശകര്‍ക്ക് ഖത്തറിന്റെ സംസ്‌കാരത്തെ അടുത്തറിയാം. അറബി കാലിഗ്രഫി, മിസ്ബാഹ നിര്‍മാണം, അഗല്‍ നിര്‍മാണം തുടങ്ങിയവ നേരിട്ട് പരിചയപ്പെടാനും അവയുടെ സാംസ്‌കാരിക പ്രാധാന്യം മനസ്സിലാക്കാനും അവസരമുണ്ടാകും.

ഖത്തറിലെ വരാനിരിക്കുന്ന പരിപാടികളുടെയും വിനോദസഞ്ചാര അനുഭവങ്ങളുടെയും വിശദാംശങ്ങള്‍ ഉള്‍ക്കൊള്ളുന്ന ഖത്തര്‍ കലണ്ടറും പവലിയനില്‍ പ്രാധാന്യത്തോടെ അവതരിപ്പിക്കും.

മധ്യപൂര്‍വദേശത്തെ യാത്രാ- വിനോദസഞ്ചാര മേഖലയിലെ പ്രമുഖ സംഗമങ്ങളിലൊന്നായ എടിഎം 2026ല്‍ ആഗോള ടൂറിസം രംഗത്തെ പ്രമുഖരും വ്യവസായ പ്രഫഷനലുകളും പങ്കെടുക്കും. യാത്രാ മേഖലയെ രൂപപ്പെടുത്തുന്ന പുതിയ പ്രവണതകളും സാങ്കേതികവിദ്യകളും ചര്‍ച്ചയാകുന്ന വേദിയായി മേള മാറും.

എടിഎം 2026ലെ പങ്കാളിത്തത്തിലൂടെ ആഗോള വിനോദസഞ്ചാര ഭൂപടത്തില്‍ ഖത്തറിന്റെ സാന്നിധ്യം കൂടുതല്‍ ശക്തിപ്പെടുത്തുന്നതിനും വ്യവസായ മേഖലയിലെ തന്ത്രപ്രധാന പങ്കാളിത്തങ്ങള്‍ വിപുലീകരിക്കുന്നതിനും രാജ്യത്തിന്റെ വൈവിധ്യമാര്‍ന്ന വിനോദസഞ്ചാര സാധ്യതകള്‍ പ്രോത്സാഹിപ്പിക്കുന്നതിനുമാണ് വിസിറ്റ് ഖത്തര്‍ ലക്ഷ്യമിടുന്നത്.

Share This Article
Leave a Comment
error: Content is protected !!