
കൊച്ചി: ഓണാഘോഷം കളറാക്കാന്‍ ‘പൂത്തിരി’ എന്ന പ്രത്യേക കോഡില്‍ രാസലഹരി വില്‍പ്പന നടത്തിയിരുന്നയാളെ എക്സൈസ് പിടികൂടി. ആലുവ ഈസ്റ്റ്, കൊടികുത്തിമല സ്വദേശി മുറ്റത്ത് ചാലില്‍ വീട്ടില്‍ മുസാബിര്‍ മുഹമ്മദ് (33) ആണ് ് എറണാകുളം റേഞ്ച് എക്സൈസ് രാസലഹരിയുമായി കസ്റ്റഡിയില്‍ എടുത്തത്. ഇയാളുടെ പക്കല്‍ നിന്ന് 9.178 ഗ്രാം എം ഡി എം എ കണ്ടെടുത്തു.

മയക്ക് മരുന്ന് ഇടപാടിന് ഉപയോഗിച്ച ഇയാളുടെ സ്മാര്‍ട്ട് ഫോണും എക്സൈസ് കസ്റ്റഡിയിലെടുത്തു. സംഭവസ്ഥലത്ത് നിന്ന് കടന്ന് കളഞ്ഞ ഷെഫീക്ക് ഹനീഫ എന്നയാളെ രണ്ടാം പ്രതി സ്ഥാനത്ത് ചേര്‍ത്തിട്ടുണ്ട്. ഇത്രയും മയക്ക് മരുന്ന് കൈവശം വക്കുന്നത് 10 വര്‍ഷത്തെ കഠിന തടവിനും ഒരു ലക്ഷം രൂപ വരെ പിഴയും ലഭിക്കാവുന്ന അതീവ ഗുതുതര കൃത്യമാണ്. സമൂഹ മാധ്യമങ്ങളിലൂടെ ‘പൂത്തിരി’ എന്ന പ്രത്യേക തരം കോഡ് ഉപയോഗിച്ചായിരുന്നു വില്‍പ്പന.

ബാംഗ്ലൂരില്‍ നിന്ന് മയക്ക് മരുന്ന് നേരിട്ട് എത്തിച്ച ശേഷം സമൂഹ മാധ്യമങ്ങളിലെ ഇവരുടെ പ്രത്യേക ഗ്രൂപ്പുകളിലൂടെ ‘പൂത്തിരി ഓണായിട്ടുണ്ട്’ എന്ന കോഡ് നല്‍കുന്നതോടെ ആവശ്യക്കാര്‍ ഇയാള്‍ക്ക് ഓര്‍ഡര്‍ നല്‍കി തുടങ്ങും. ഓണ്‍ലൈനായി പണം സ്വീകരിച്ച ശേഷം മയക്ക് മരുന്ന് പ്രത്യേക രീതിയില്‍ വെള്ളം നനയാത്ത രീതിയില്‍ പൊതിഞ്ഞ് സുരക്ഷിതമായി ഏതെങ്കിലും സ്ഥലത്ത് വച്ച ശേഷം അതിന്റെ ഫോട്ടോയും ലൊക്കേഷനും അയച്ച് കൊടുക്കുന്നതായിരുന്നു ചില്ലറ വില്‍പ്പനയുടെ രീതി. കളമശ്ശേരി എച്ച് എം ടി തോഷിബ ജംഗ്ഷന് അടുത്ത് സ്ഥിതി ചെയ്യുന്ന പെരിങ്ങഴ ക്ഷേത്രം വക ബസ് കാത്തിരിപ്പ് കേന്ദ്രത്തിന് സമീപം ഇടനിലക്കാരനെ കാത്ത് നില്‍ക്കുകയായിരുന്ന മുസാഫിര്‍ എക്സൈസ് സംഘത്തെ കണ്ട് ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും എക്സൈസ് സംഘം വളഞ്ഞിട്ട് പിടികൂടുകയായിരുന്നു. തുടര്‍ന്ന് ഇയാളെ വിശദമായി ചോദ്യം ചെയ്തതില്‍ നിന്നും ഇയാളുടെ താമസസ്ഥലത്തു നിന്നും മയക്ക്മരുന്ന് കണ്ടെടുത്തു.
ഓണാഘോഷത്തിന്റെ ഭാഗമായി എക്സൈസ് നടത്തിവരുന്ന സ്പെഷ്യല്‍ ഡ്രൈവിന്റെ ഭാഗമായി നടത്തി വന്ന പ്രത്യേക പരിശോധനയിലാണ് മുസാഫിര്‍ പിടിക്കപ്പെട്ടത്. പിടിയിലായതിന് ശേഷവും നിരവധി കോളുകളാണ് ഇയാളുടെ ഫോണിലേക്ക് വന്നിരുന്നത്. സംഭവ സ്ഥലത്ത് നിന്ന് കടന്ന് കളഞ്ഞ ഇയാളുടെ സുഹൃത്ത് ഷെഫീക്കിനെക്കുറിച്ചുള്ള വ്യക്തമായ സൂചന ലഭിച്ചിട്ടുണ്ടെന്നും കൂടുതല്‍ അറസ്റ്റ് വരും ദിവസങ്ങളിലും ഉണ്ടാകുമെന്നും ഓണാഘോഷത്തിന്റെ ഭാഗമായുള്ള കര്‍ശന പരിശോധന തുടരുമെന്നും ഇയാളുടെ പക്കല്‍ നിന്ന് മയക്ക് മരുന്ന് വാങ്ങി ഉപയോഗിച്ചവരെ കണ്ടെത്തി കച്ചേരിപ്പടി, മൂവാറ്റുപുഴ എന്നിവിടങ്ങളിലുള്ള എക്സൈസിന്റെ സൗജന്യ ലഹരിമുക്ത കേന്ദ്രങ്ങളില്‍ എത്തിക്കുന്നതിനുള്ള നടപടി സ്വീകരിക്കുമെന്നും അധികൃതര്‍ അറിയിച്ചു.
എറണാകുളം റേഞ്ച് ഇന്‍സ്പെക്ടര്‍ അഭിരാജ് ആര്‍, സിറ്റി സ്‌ക്വാഡ് പ്രിവന്റീവ് ഓഫീസര്‍ എന്‍ ഡി ടോമി, ഷാബു സി ജി, സിറ്റി സ്‌ക്വാഡിലെ സി ഇ ഒമാരായ അമല്‍ദേവ്, ജിബിനാസ് വി എം, പ്രവീണ്‍കുമാര്‍ വി എച്ച്, പത്മഗിരിശന്‍, വനിത സി ഇ ഒ അഞ്ജു ആനന്ദന്‍ എന്നിവര്‍ അടങ്ങിയ സംഘമാണ് പ്രതിയെ കസ്റ്റഡിയില്‍ എടുത്തത്.

